സാന്ത്വനത്തിന്റെ വെളിച്ചമെത്തുമോ?ഇരുട്ടില്‍ നോമ്പുകാലം തള്ളിനീക്കി ഉമ്മാലിമ്മ

Posted on: July 9, 2014 10:20 pm | Last updated: July 9, 2014 at 10:20 pm

ummalimmaകുമ്പള: സാന്ത്വനത്തിന്റെ വെളിച്ചം ഈ റമസാനിലും പേരാല്‍ മഡിമുഗര്‍ ശാന്തികുന്നിലെ ഉമ്മാലിമ്മയെ തേടി എത്തിയില്ല. ഒരു കുടുസ്സുമുറിയുള്ള വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഉമ്മാലിമ്മ നോമ്പുകാലം ദുരിതത്തോടെ തള്ളിനീക്കുന്നു. ഖുര്‍ആന്‍ പാരായണവും നിസ്‌കാരവുമൊക്കെ ഇരുട്ടില്‍തന്നെ നിര്‍വഹിക്കണം. ഇതുകണ്ടാല്‍ ആരുടെയും കണ്ണു നനയും.
30 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഉമ്മാലിമ്മ ഈ 65-ാം വയസിലും മഡിമുഗറില്‍ കൊച്ചുവീട്ടില്‍ തനിച്ച് കഴിഞ്ഞുകൂടുന്നു. ഇരുട്ടും അനാഥത്വത്തിന്റെ വേദനയും വാര്‍ധക്യ രോഗങ്ങളും ഇവരുടെ ഒറ്റപ്പെടലിനു തീവ്രതയേറുന്നു.
വീട്ടില്‍ വെളിച്ചത്തിനായുള്ള കാത്തിരിപ്പിന് മൂുന്നുവര്‍ഷത്തെ പഴക്കമുണ്ട്. സൗജന്യ വൈദ്യുതി കണക്ഷനും ഗ്രാമീണ വൈദ്യുതി പദ്ധതിയുമൊക്കെ പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും ഉമ്മാലിയുമ്മയെ തേടി ഇതുവരെ എത്തിയിട്ടില്ല. അയല്‍വീടുകളിലെ വൈദ്യുതി വെളിച്ചത്തിന്റെ ആധിക്യം കണ്ണില്‍ തറയ്ക്കുമ്പോള്‍ കരിന്തിരി കത്തുന്ന മണ്ണെണ്ണവിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ഇവരുടെ തിമിരം ബാധിച്ച കണ്ണുകള്‍ ഇരുട്ടില്‍ തപ്പും.
ഈ കൊച്ചുവീട്ടില്‍ വെളിച്ചം കിട്ടാന്‍ എന്താണ് വഴിയെന്ന് ഉമ്മാലിമ്മ പലരോടും ചോദിക്കാറുണ്ട്. വൈദ്യുതി കണക്ഷന്‍ സ്വന്തമായി എടുക്കണമെങ്കില്‍ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ വേണ്ടിവരുമത്രെ. ഓഫീസില്‍നിന്ന് പറയുന്ന കാര്യങ്ങളൊന്നും ഉമ്മാലിമ്മയ്ക്ക് മനസിലാകുന്നുമില്ല. പോസ്റ്റുകള്‍ സ്ഥാപിച്ച് വൈദ്യുതി കണക്ഷനെടുക്കാന്‍ മാത്രം സാമ്പത്തികശേഷി ഇവര്‍ക്കില്ല. ആരും സഹായത്തിനില്ലാത്തതിനാല്‍ എവിടെയാണ് പോകേണ്ടത്, ആരെയാണ് കാണേണ്ടത് എന്നൊന്നും ഉമ്മാലിമ്മയ്ക്കറിയില്ല. അറിഞ്ഞുകൊണ്ട് ആരെങ്കിലും സഹായിച്ചാല്‍ തന്നെ റേഷന്‍ അരിയില്‍ പട്ടിണി അകലുമെങ്കിലും ദുരിതം മാറില്ലല്ലോ. റേഷനായി കിട്ടുന്ന മണ്ണെണ്ണ പലപ്പോഴും തികയാതെ വരുമ്പോള്‍ പി്‌ന്നെ ഉമ്മാലിമ്മക്ക് കൂട്ട് ഇരുട്ട്തന്നെ.
മണ്ണെണ്ണ വിളക്കിന്റെ പുക ചുമരുകളില്‍ കറുത്ത ചായം പൂശി കഴിയാറായ ഇവരുടെ വീട്ടിലേക്ക് ആരെങ്കിലും ഒന്നു മനസ്സുവെച്ചാല്‍ ഇരുട്ടില്‍നിന്ന് ഉമ്മാലിമ്മക്ക് മോചനം കിട്ടും. ഇതിനായി നോമ്പുകാലത്ത് ഉമ്മാലിമ്മ നിസ്‌കാരപ്പായയിലിരുന്ന് പ്രാര്‍ഥിക്കുന്നു… സാന്ത്വനത്തിന്റെ വെളിച്ചമെത്താന്‍….!