ഫണ്ട് തട്ടിയെടുക്കുന്നതിനെതിരെ പോരാടാന്‍ ആദിവാസികള്‍ക്ക് ആഹ്വാനം

Posted on: July 9, 2014 10:58 am | Last updated: July 9, 2014 at 10:58 am

എടക്കര: ആദിവാസികളുടെ ഫണ്ടുതട്ടിയെടുക്കുന്നതിനെതിരെ പോരാടണമെന്നും തട്ടിയെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും ആഞ്ഞടിക്കണമെന്നും ആദിവാസികള്‍ക്ക് മാവോയിസ്റ്റുകളുടെ ആഹ്വാനം.
മുണ്ടേരി വനത്തിനുള്ളിലെ വാണിയംപുഴ ആദിവാസി കോളനിയിലാണ് മാവോയിസ്റ്റ് സംഘം ക്ലാസെടുത്തു മടങ്ങിയതായി ഊര് നിവാസികള്‍ പോലീസിനും വനംവകുപ്പിനും മൊഴിനല്‍കിയത്.
പട്ടാള വേഷത്തിലെത്തിയ മാവോയിസ്റ്റുകള്‍ ഞായറാഴ്ച രാത്രി ഏഴോടെയാണു ഊരിലെത്തിയതെന്നും മൂന്നു പേരടങ്ങുന്ന സംഘംതോക്കുമായാണു എത്തിയതെന്നും ആദിവാസികള്‍ പറഞ്ഞു. പട്ടാള വേഷത്തിലെത്തിയ ഇവരെ കണ്ടു ആദ്യമൊന്നു നടുങ്ങിയെന്നും പിന്നീട് ഇവര്‍ സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ നന്മക്ക് വേണ്ടിയാണു തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ ഞങ്ങളോടു സഹകരിക്കണമെന്നാവശ്യപ്പെട്ടതായും ആദിവസികള്‍ പോലീസിനോടും വനംവകുപ്പ് ഉദ്യോഗസ്ഥരോടും വ്യക്തമാക്കി. സ്ത്രീകളേയും കുട്ടികളേയും ഒത്തുചേര്‍ത്താണു ക്ലാസെടുത്തത്. തുടര്‍ന്ന് സംഘത്തിലെ ഒരാള്‍ സംസാരിക്കുകയായിരുന്നു. തങ്ങള്‍ ഇവിടെ വന്നകാര്യം പുറത്തു പറയരുതെന്നും പറഞ്ഞാല്‍ കുഴപ്പമില്ലെന്നും ഇതു പോലീസിനു പിന്നീട് പണിയാകുമെന്നും ഇവര്‍ പറഞ്ഞു.
അടുത്ത് ഫോറസ്റ്റ് ഓഫീസ് ഉണ്ടോ എന്നും തിരക്കി. സംഘം ഒരു മണിക്കൂറോളം കോളനിയില്‍ ചെലവഴിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുകയായിരുന്നു.
സമീപത്തെ ഇരുട്ടുകുത്തി കോളനിയില്‍ അടുത്ത ദിവസം വരുമെന്നും പറഞ്ഞ് ഭക്ഷണവും കഴിച്ച് അരിയും സാധനങ്ങളും കൊണ്ടാണു മാവോയിസ്റ്റുകള്‍ മടങ്ങിയതെന്നും ആദിവാസികള്‍ പറഞ്ഞു. സംഘത്തിലെ ഒരാള്‍ കന്നഡ സംസാരിക്കുന്നുണ്ടായിരുന്നു. വാണിയംപുഴ ഡെപ്യൂട്ടി റേഞ്ചര്‍ എസ് സുഗതനും നിലമ്പൂര്‍ സി.ഐ മാത്യൂ അഗസ്റ്റിന്റെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും വനത്തില്‍ തിരച്ചില്‍ നടത്തി.
സ്വര്‍ണാഭരണത്തിലെ തൂക്കക്കുറവ്:
നാല് പേര്‍ പിഴയടച്ചു
മലപ്പുറം: സ്വര്‍ണാഭരണത്തില്‍ തൂക്കം കുറച്ച് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് എടപ്പാളിലെ സ്ഥാപനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒമ്പത് പ്രതികളില്‍ നാല് പേര്‍ 13000 രൂപ വീതം പിഴയടച്ചു. ഏപ്രിലിലാണ് ഒമ്പത് പേര്‍ക്ക് 93,000 രൂപ പൊന്നാനി ജൂഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം ജയില്‍ ശിക്ഷയും വിധിച്ചിരുന്നു. മലപ്പുറം ലീഗല്‍ മെട്രോളജി ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടിയുണ്ടായത്.
സ്ഥാപനത്തിന്റെ ഡയറക്ടര്‍, പാര്‍ടണര്‍മാര്‍, ജിവനക്കാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസെടുത്തത്.