സ്മാര്‍ട്ട് സിറ്റി: സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി സി എ ജി

Posted on: July 9, 2014 12:40 am | Last updated: July 9, 2014 at 12:40 am

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ രൂക്ഷവിമര്‍ശം. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി ഒരു പ്രായോഗിക പഠനവും നടത്തിയിട്ടില്ലെന്നും പദ്ധതിയിലെ പങ്കാളിയെ കണ്ടെത്താന്‍ വ്യവസ്ഥാപിത രീതികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സ്മാര്‍ട്ട് സിറ്റിയുടെ നിലനില്‍പ്പ്് തന്നെ ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലുള്ളത്.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്ക് തിരുവനന്തപുരത്തും ഇന്‍ഫോപാര്‍ക്ക് കൊച്ചിയിലുമുള്ളപ്പോള്‍ ഇന്‍ഫോപാര്‍ക്കിന് സമീപത്ത് വേറെ ഐ ടി നഗരം ഏറ്റെടുക്കാനുള്ള ആവശ്യകതയും ന്യായീകരണവും അഭിനന്ദിക്കാന്‍ കഴിയില്ലെന്ന് സി എ ജി പറയുന്നു. ഒരു പ്രദര്‍ശനം സന്ദര്‍ശിക്കാനെത്തിയ ദുബൈ ഇന്റര്‍നെറ്റ് സിറ്റി ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തി സ്മാര്‍ട്ട് സിറ്റി പദ്ധതി നല്‍കിയത് ദുരൂഹമാണ്. പങ്കാളിയെ നിര്‍ണയിച്ചതു മുതല്‍ എല്ലാ ഘട്ടങ്ങളിലും ടീകോമിന് കേരള സര്‍ക്കാര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വിപണി വില കണക്കാക്കാതെ ഒറ്റത്തവണ പാട്ടം നിശ്ചയിച്ചു.
സെന്റിന് 42,000 രൂപ നിരക്കില്‍ ഭൂമി കൈമാറിയത് ന്യായീകരിക്കാനാകില്ല. സര്‍ക്കാര്‍ സ്ഥാപിച്ച ഐ ടി പാര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി പാട്ടക്കാരന് എല്ലായ്‌പ്പോഴും 12 ശതമാനം സ്വതന്ത്ര കൈവശാവകാശം നല്‍കി. ഇത്തരത്തില്‍ ലഭിക്കുന്ന സ്വതന്ത്ര ഭൂമി പദ്ധതിയുടെ ലക്ഷ്യത്തില്‍ ക്രമക്കേട് കാട്ടുന്നതിനുള്ള അവസരം നല്‍കും. സ്മാര്‍ട്ട് സിറ്റി കരാറില്‍ വെള്ളം ചേര്‍ത്തതിനെയും സി എ ജി നിശിതമായി വിമര്‍ശിച്ചു. 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കരാര്‍ വ്യവസ്ഥ ലഘൂകരിക്കുകയും സാങ്കല്‍പികമായ ലക്ഷ്യങ്ങളും ഫലങ്ങളുമായി മാറ്റുകയും ചെയ്തു.
പദ്ധതിക്ക് ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ കൃത്യമായ സമയക്രമം പറയുന്നതില്‍ സര്‍ക്കാറും ടീകോമും പരാജയപ്പെട്ടു. കരാറൊപ്പിട്ട് ഏഴ് വര്‍ഷത്തിന് ശേഷവും 88 ലക്ഷം ചതുരശ്ര അടി നിര്‍മിത വിസ്തീര്‍ണവും 90,000 തൊഴിലവസരങ്ങളും വിദൂര ലക്ഷ്യങ്ങളാണെന്ന് സി എ ജി പറയുന്നു.
കരാര്‍ വ്യവസ്ഥകളില്‍ പലതും ടീകോമിന് ശക്തമായ ആനുകൂല്യങ്ങള്‍ നല്‍കുന്നവയും ഭാവിയില്‍ കേരള സര്‍ക്കാറിന് തിരിച്ചടിയാകുന്നവയുമാണ്. ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള പാളിച്ചകള്‍ക്ക് സര്‍ക്കാറിനെതിരെ നിയമനടപടി സാധ്യമാണെങ്കിലും ടീകോമിന്റെ നിസ്സഹകരണത്തിനെതിരെ നടപടി സാധ്യമല്ലെന്ന് സി എ ജി ചൂണ്ടിക്കാട്ടി.