Connect with us

International

അമേരിക്കന്‍ നയതന്ത്രജ്ഞനോട് രാജ്യം വിടാന്‍ ബഹറൈന്‍

Published

|

Last Updated

tom

ടോം മാലിനോവ്‌സ്‌കി

വാഷിംഗടണ്‍: ശിയ പ്രതിപക്ഷ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ അമേരിക്കന്‍ നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള ബഹ്‌റൈനിന്റെ നടപടിയില്‍ അമേരിക്ക കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. ബഹ്‌റൈനിലെ യു എസ് അസിസ്റ്റന്റ് സെക്രട്ടറി ടോം മാലിനോവ്‌സ്‌കി സ്വീകാര്യനല്ലെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മാലിനോവ്‌സികി ഇടപെടുന്നുവെന്നും മറ്റുള്ളവരുടെ ചെലവില്‍ ചില സംഘങ്ങളുമായി ചര്‍ച്ച നടത്തുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. മൂന്ന് ദിവസം രാജ്യത്ത് തങ്ങാനായി ഞായറാഴ്ചയെത്തിയ മാലിനോവ്‌സ്‌കി ബഹ്‌റൈനിലെ ശിയ പ്രതിപക്ഷ സംഘമായ അല്‍ വഫഖിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് രാജ്യം വിടാന്‍ ഉത്തരവിട്ടത്.
ബഹ്‌റൈനിന്റെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി, അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെന്‍ പാസ്‌കി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മാലിനോവ്‌സികിയെ ഉടനടി തിരികെയെത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലമായുള്ള ഉഭയകക്ഷി ബന്ധത്തിന് വിപരീതവും അന്താരാഷ്ട്ര നയതന്ത്ര പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണ് നടന്നിരിക്കുന്നത്. വ്യക്തികളും സംഘങ്ങളുമായി മാലിനോവ്‌സ്‌കി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകള്‍ വിസ്തൃതമായ ബഹ്‌റൈന്‍ സമൂഹത്തിന്റെ വൈവിധ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ബഹ്‌റൈനിന്റെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ ബാധിക്കില്ലെന്നും ജെന്‍ പാസ്‌കി പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, അമേരിക്കയുമായി ശക്തവും സുപ്രധാനവുമായ ബന്ധം നിലനിര്‍ത്തുമെന്ന് പറഞ്ഞ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ഭിന്നതയുണ്ടാക്കുന്ന കൂടിക്കാഴ്ചകള്‍ അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.

 

Latest