Connect with us

Ongoing News

ക്വാറികളുടെ അനുമതി റദ്ദാക്കും

Published

|

Last Updated

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ അനുമതി റദ്ദാക്കുമെന്ന് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടി എന്‍ പ്രതാപന്റെ സബ്മിഷന് വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി നല്‍കി. മുക്കുന്നിമലയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് സ്റ്റോപ്‌മെമ്മോ നല്‍കിയിട്ടുണ്ട്. അനധികൃത ക്വാറികളെ സഹായിക്കുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു.
ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാന്‍ കുടുംബങ്ങള്‍ക്ക് നിശ്ചയിച്ച വരുമാനപരിധി വ്യക്തിഗത വരുമാനമാക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് വി ടി ബല്‍റാമിന്റെ സബ്മിഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. ഓരോ പെന്‍ഷനുകള്‍ക്കുമുണ്ടായിരുന്ന വ്യത്യസ്ഥ വരുമാനപരിധി ഒരു ലക്ഷം രൂപയാക്കി ഏകീകരിച്ചപ്പോള്‍ വാര്‍ധക്യകാല, അഗതി, അവിവാഹിത അമ്മമ്മാര്‍ക്ക് നല്‍കുന്ന പെന്‍ഷനുകള്‍ വാങ്ങിയിരുന്നവരുടെ വരുമാനപരിധി കുറഞ്ഞത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മക്കള്‍ക്ക് മികച്ച വരുമാനമുണ്ടായിട്ടും അമ്മമാരെ പരിചരിക്കുന്നില്ലെന്ന പരാതിയും സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബങ്ങളുടെ വരുമാനമെന്നത് വ്യക്തിഗത വരുമാനമാക്കി മാറ്റുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കം മൂലം ദുബൈ തീരത്ത് നങ്കൂരമിട്ട മഹര്‍ഷി ദേവത്ര എന്ന കപ്പലില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 18 ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ച് വരികയാണെന്ന് പ്രവാസികാര്യമന്ത്രി കെ സി ജോസഫ്, കെ കുഞ്ഞമ്മത് മാസ്റ്ററുടെ സബ്മിഷന് മറുപടി നല്‍കി. കേന്ദ്രവിദേശകാര്യമന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും യു എ ഇ ഇന്ത്യന്‍ കോണ്‍സുലേറ്റും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Latest