ദുരഭിമാനത്തിന്റെ ദുരന്തം

  Posted on: July 9, 2014 5:59 am | Last updated: July 8, 2014 at 11:53 pm

  ramasan nilavനമ്മള്‍ ചെയ്യുന്ന ആരാധനകള്‍ സ്വീകരിക്കപ്പെടണമെങ്കില്‍ ഭയഭക്തി വേണം. പടച്ചവന് വേണ്ടിയായിരിക്കണം നാമത് ചെയ്യുന്നത്. പടപ്പുകള്‍ക്കു വേണ്ടി ആയാല്‍ അതുകൊണ്ടൊരു കൂലിയും കിട്ടില്ല. പകരം ശിക്ഷ ലഭിക്കുകയും ചെയ്യും. പടപ്പുകള്‍ക്കു വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഐഹിക ജീവിതത്തില്‍ തന്നെ ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
  ഒരാള്‍ക്കൊരു കുട്ടി ജനിച്ചു. കുട്ടിയുടെ മുടി കളയലും കുട്ടിക്കുവേണ്ടി അഖീഖ അറുക്കലും സുന്നത്താണ്. ഇത് അല്ലാഹുവിനു വേണ്ടി ചെയ്യാന്‍ കുറഞ്ഞ പണം കൊണ്ട് സാധിക്കും. നാലായിരം രൂപ വരുമാനമുള്ള ഒരു ശരാശരി മുസ്‌ലിം ചെറുപ്പക്കാരന് മറ്റു ബാധ്യതകളൊന്നുമില്ലെങ്കില്‍ ഒരാടിനെ അറുത്തുകൊണ്ട് സംഗതി ഒപ്പിക്കാവുന്നതാണ്. പക്ഷേ വീട്ടുകാര്‍ പറയുന്നത് ഉച്ചക്ക് രണ്ട് പോത്തിനെ വേണമെന്നാണ്. രാവിലെ രണ്ടാടും. പെണ്‍വീട്ടുകാര്‍ ചെറുതാകാന്‍ പാടില്ല. സദ്യ ജോറാക്കണം. പായാര്യത്തിന് കടവും കള്ളിയും ബാങ്കും ലോണും ശാപവും…!
  ഇങ്ങനെ എത്രയെത്ര ആചാരങ്ങള്‍ എന്റെ സമുദായം എനിക്കുമേല്‍ അടിച്ചേല്‍പ്പിച്ചു! നിശ്ചയം, മോതിരമിടല്‍, സ്ത്രീധനം, രാത്രിക്കല്യാണം, അടുക്കള കാണല്‍, സല്‍ക്കാരം, പേറ്റിനു കൊണ്ടുപോകല്‍, പണ്ടം കെട്ടല്‍…. ദുരഭിമാനത്തിന്റെയും കണ്‍സ്യൂമറിസത്തിന്റെയും ദംഷ്ട്രകളില്‍ പാവം യുവാക്കള്‍ ഞെരിഞ്ഞമരുന്നു.
  തിരുനബി പഠിപ്പിച്ചു…നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത് താഴേക്കിടയിലുള്ളവരിലേക്ക് നോക്കുക..നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം കൊച്ചായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമാണത്. മണ്ണിന്റെ തറയുള്ള വീടുകളിലേക്ക് നോക്കുക…സഹതപിക്കുക…സിമന്റ് തറയുള്ള തന്റെ വീടിന്റെ മൂല്യം മനസ്സിലാക്കുക….സംതൃപ്തിപ്പെടുക….ശുക്ര്‍ ചെയ്യുക……സിമന്റ് തറക്കാരന്‍ ടൈല്‍സ് വീട് നോക്കി തന്റെ ഹതഭാഗ്യം ഓര്‍ത്ത് സ്വയം ശപിച്ചാല്‍ അവന്റെ അധ്വാനഫലം അവന് ആസ്വദിക്കാനാവില്ല. അതോടൊപ്പം മനസ്സില്‍ ദുഃഖവും ദുര്‍വാശിയും തളം കെട്ടും .പണമുണ്ടാക്കാന്‍ കടം വാങ്ങേണ്ടിവരും…അത് കൊടുത്ത് വീട്ടാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല…. വീണ്ടും മോഹങ്ങള്‍ അവനെ പൊറുതി മുട്ടിക്കും…. മോഹങ്ങള്‍ അവസാനിക്കും മുമ്പ് ആയുസ്സും അവസാനിക്കും….അല്ലെങ്കില്‍ പലിശയോ കവര്‍ച്ചയോ കടക്കെണിയോ മോഹഭംഗമോ അവനെ അവസാനിപ്പിക്കും.
  ഒരു ഹദീസില്‍ ഇങ്ങനെ കാണാം. തിരു നബി പറഞ്ഞു.. ജനങ്ങള്‍ക്ക് ഒരു കാലം വരും. അന്ന് മതനിഷ്ഠയനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവന് ഒരു മലമുകളില്‍ നിന്ന് മറ്റൊരു മലമുകളിലേക്ക്, ഒരു മാളത്തില്‍ നിന്ന് മറ്റൊരു മാളത്തിലേക്ക് തന്റെ മതവുമായി ഓടേണ്ടി വരും. അന്ന് അല്ലാഹു വിലക്കിയ കാര്യങ്ങള്‍ കലരാതെ ജീവിതം ദുസ്സഹമാകും. അന്ന് വിവാഹം കഴിക്കാതിരിക്കല്‍ അനുവദനീയമാകും… സ്വഹാബികള്‍ ചോദിച്ചു.. അങ്ങ് ഞങ്ങളോട് വിവാഹം കഴിക്കാന്‍ കല്‍പ്പിക്കുകയാണല്ലോ ചെയ്യുന്നത്… തിരുനബി പ്രതികരിച്ചു. ആ കാലത്ത് ഒരാളുടെ നാശം അയാളുടെ മാതാപിതാക്കളുടെ കൈ കൊണ്ടായിരിക്കും, അവരില്ലെങ്കില്‍ തന്റെ ഭാര്യയുടെ കൈ കൊണ്ട്, അല്ലെങ്കില്‍ മക്കളുടെ, മക്കളുമില്ലെങ്കില്‍ ബന്ധുക്കളുടെ, അയല്‍വാസികളുടെ അവര്‍ ചോദിച്ചു. അത് എങ്ങനെ… തിരുനബി പ്രതികരിച്ചു. തന്റെ ജീവിത നിലവാരം പറഞ്ഞ് അവര്‍ അവനെ വഷളാക്കും. തനിക്ക് സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ അവനെ നിര്‍ബന്ധക്കും… അങ്ങനെ നാശത്തിന്റെ പടുകുഴികളില്‍ അവന്‍ സ്വന്തത്തെ അകപ്പെടുത്തും….