പ്രവാസി വ്യവസായിയുടെ കൊലപാതകം:ഭാര്യയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി

Posted on: July 8, 2014 10:57 am | Last updated: July 8, 2014 at 10:57 am

താമരശ്ശേരി: പ്രവാസി വ്യവസായി അടിവാരം സ്വദേശി അബ്ദുല്‍കരീമിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന ഭാര്യയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി.
കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് വെളിമണ്ണ പൊയില്‍ മൈമൂനയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. കുവൈത്തിലെ ഹോട്ടല്‍ വ്യവസായിയായിരുന്ന അടിവാരം എരഞ്ഞോണ അബ്ദുല്‍ കരീമിന്റെ കൊലപാതക്തത്തില്‍ മൈമൂനയുടെ പങ്ക് കൂടുതല്‍ മനസ്സിലാക്കാനായാണ് ചോദ്യം ചെയ്യുന്നത്. കേസന്വേഷിക്കുന്ന സി ഐ. എന്‍ സതീഷന്റെ നേതൃത്വത്തില്‍ താമരശ്ശേരി റസ്റ്റ് ഹൗസില്‍ ഇന്നലെ മൈമൂനയെ ചോദ്യം ചെയ്തു.
2013 സെപ്തംബര്‍ 28 ശനിയാഴ്ച രാത്രി താമരശ്ശേരി കോരങ്ങാട്ടെ വീട്ടില്‍വെച്ചാണ് അബ്ദുല്‍ കരീമിനെ മക്കളായ മിദ്‌ലാജ്, ഫിര്‍ദൗസ് എന്നിവര്‍ കൊലപ്പെടുത്തിയത്. ഇവരും സഹായത്തിനെത്തിയ മാതൃ സഹോരിയുടെ മകന്‍ കരീറ്റിപ്പറമ്പ് കാട്ടുപുറായില്‍ മുഹമ്മദ് ഫായിസും റിമാന്‍ഡിലാണ്. ക്ലോറോഫോം മണപ്പിച്ചശേഷം ശ്വാസം മുട്ടിച്ചാണ് മക്കള്‍ പിതാവിനെ കൊലപ്പെടുത്തിയത്. ഈസമയത്ത് മൈമൂന വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കരീം ഞായറാഴ്ച രാവിലെ വസ്ത്രങ്ങളും പണവുമായി വാഹനമില്ലാതെ നടന്നുപോയെന്നാണ് മൈമൂന ലോക്കല്‍ പോലീസില്‍ മൊഴി നല്‍കിയത്. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കഴിഞ്ഞ ജൂണ്‍ പത്തിന് അബ്ദുല്‍ കരീമിന്റെ രണ്ട് മക്കളേയും അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തില്‍ മതാവിന് പങ്കുള്ളതായി വെളിപ്പെടുത്തിയത്. കുവൈത്തില്‍വെച്ച് ശ്രീലങ്കക്കാരിയെ വിവാഹം കഴിച്ചതും സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഭാര്യയെയും മക്കളെയും അനുവധിക്കാത്തതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് മക്കള്‍ മൊഴി നല്‍കിയത്. ശ്രീലങ്കന്‍ ഭാര്യയുമായി അബ്ദുല്‍ കരീം വയനാട്ടില്‍ താമസിച്ച വിവരം അറിഞ്ഞപ്പോള്‍ മൂത്തമകന്‍ നാട്ടിലെത്തിയാല്‍ ഇതെല്ലാം അവസാനിപ്പിക്കുമെന്ന് മൈമൂന പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. കൊലപ്പെടുത്തുമ്പോള്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മൈമൂന മൃതദേഹം കണ്ട് മരണം ഉറപ്പുവരുത്തിയിരുന്നു. കൊലപാതകത്തിനുള്ള പ്രേരണ നല്‍കിയതും മൈമൂനയാണെന്നാണ് സൂചന. മൈമൂനയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അബ്ദുല്‍ കരീമിന്റെ കോരങ്ങാട്ടെ വീട്ടിലെത്തി തെളിവെടുക്കുകയും മൈമൂനയെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 26ന് മൈമൂനയെ അറസ്റ്റ് ചെയ്യുകയും അന്ന്തന്നെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലുള്ള മൈമൂനയെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. കോരങ്ങാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി വൈകീട്ട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
കര്‍ണാടകയിലെ ചാമരാജ് ജില്ലയിലെ നെഞ്ചങ്കോട് കനാലില്‍ തള്ളിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പ്രദേശത്ത് പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്താനായി അന്വേഷണ സംഘം അടുത്ത ദിവസം കര്‍ണാടകയിലേക്ക് പുറപ്പെടും. കൊലപാതകത്തിന് സഹായം നല്‍കിയ ചിലരെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. കുവൈത്തിലായിരുന്ന മിദ്‌ലാജിന് നേരത്തെ നാട്ടിലെത്താന്‍ സഹായിച്ചതും കൃത്യം നിര്‍വഹിച്ച് കുവൈത്തിലെത്തിയപ്പോള്‍ സംരക്ഷിച്ചതും ബന്ധുവാണെന്നാണ് സൂചന. അബ്ദുല്‍ കരീം കൊല്ലപ്പെട്ട ഉടനെ മൈമൂന കുവൈത്തിലേക്ക് വിളിച്ച് ഇയാളുമായി സംസാരിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്.