ഡാന്റെക്ക് ജര്‍മനിയെ അറിയാം

Posted on: July 8, 2014 1:18 am | Last updated: July 8, 2014 at 1:25 am

danteതിയാഗോ സില്‍വക്ക് പകരം ബ്രസീലിന്റെ സെന്റര്‍ ഡിഫന്‍ഡറായി ഇറങ്ങുക ബയേണ്‍ മ്യൂണിക്കിന്റെ ഡാന്റെ. 2013 ജനുവരി 21ന് ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരത്തിലാണ് ഡാന്റെയുടെ രാജ്യാന്തര അരങ്ങേറ്റം. ബ്രസീലിന്റെ ഒന്നാം നിര ഡിഫന്‍ഡറല്ലെങ്കിലും ക്ലബ്ബ് ഫുട്‌ബോളിലെ കരുത്തരായ ബയേണ്‍ മ്യൂണിക്കിന്റെ കോട്ട കാക്കുന്നത് ഡാന്റെയാണ്. ഇന്ന് ജര്‍മനിക്കെതിരെ ഡാന്റെക്ക് തിളങ്ങാന്‍ സാധിക്കുമെന്നാണ് സഹതാരം ഡേവിഡ് ലൂയിസ് പറയുന്നത്. കാരണം, ജര്‍മനിയുടെ തോമസ് മുള്ളറും മരിയോ ഗോസെയും ഷൈ്വന്‍സ്റ്റിഗറും ഫിലിപ് ലാമുമൊക്കെ ബയേണില്‍ ഡാന്റെയുടെ സുഹൃത്തുക്കളാണ്. ജര്‍മന്‍ താരങ്ങളുടെ തന്ത്രങ്ങള്‍ ഡാന്റെക്ക് നല്ല വശമുണ്ട്. പ്രത്യേകിച്ച് മുള്ളറുടേത്. ബയേണിന്റെ പരിശീലന സെഷനില്‍ മുള്ളര്‍ക്കെതിരായിട്ടാകും കോച്ച് പെപ് ഗോര്‍ഡിയോള ഡാന്റെയെ നിരത്തുക. മുള്ളറുടെ മുള്ളെടുക്കാന്‍ ഡാന്റെക്ക് കഴിഞ്ഞാല്‍ ജര്‍മനിയുടെ ഗോള്‍ ശ്രമങ്ങള്‍ വ്യര്‍ഥമാകും. ഡാന്റെയെ മുള്ളറോ, മുള്ളറെ ഡാന്റെയോ വീഴ്ത്തുക എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം.