ബാലവേലക്ക് കൊണ്ടുവന്ന കുട്ടികളെ രക്ഷപ്പെടുത്തി

Posted on: July 8, 2014 12:57 am | Last updated: July 8, 2014 at 12:57 am

തിരുവനന്തപുരം: ബാലവേലക്ക് കൊണ്ടുവന്ന ആറ് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷിച്ചു. കൊഞ്ചിറവിളയിലെ മിഠായി കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന കുട്ടികളെയാണ് രക്ഷിച്ചത്. സൂര്യ, മുത്തുരാജ്, മാരിശെല്‍വം, രാമര്‍ കലിജ്ഞം, കാര്‍ത്തികേയന്‍, രാംകുമാര്‍ എന്നീ കുട്ടികളെയാണ് തിരുനെല്‍വേലിയില്‍ നിന്നെത്തിച്ച് ബാലവേല ചെയ്യിച്ചത്.
കൊഞ്ചിറവിളയിലെ എ എ ബ്രാന്‍ഡ് എന്ന മിഠായി കമ്പനിയില്‍ കുട്ടികളെ ജോലി ചെയ്യിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് നടപടി. 1098 എന്ന ചൈല്‍ഡ്‌ലൈന്‍ നമ്പറിലാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഓഫീസിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. വിക്ടര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് കുട്ടികള്‍ ജോലി ചെയ്തിരുന്നത്. ഇയാളും തമിഴ്‌നാട് സ്വദേശിയാണ്. കുട്ടികളെ ഏജന്റ് മുഖേനയാണ് ഇയാള്‍ തലസ്ഥാനത്തെത്തിച്ചത്.
ഫാക്ടറിയിലെ പാക്കിംഗ് സെക്ഷനില്‍ ജോലിക്കായാണ് കുട്ടികളെ കൊണ്ടുവന്നത്. 13നും 16നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാ കുട്ടികളും. മൊത്തം 14 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. അതില്‍ ആറുകുട്ടികളൊഴിച്ച് മറ്റുള്ളവര്‍ മുതിര്‍ന്നവരാണ്. മിഠായി കമ്പനിയില്‍ ജോലിചെയ്യാനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കുട്ടികള്‍ തലസ്ഥാനത്ത് എത്തിയത്. സ്‌കൂള്‍ പഠനം നിര്‍ത്തിയാണ് മാതാപിതാക്കളുടെ അറിവോടെ കുട്ടികള്‍ ജോലിക്കെത്തിയത്. ഒരു മാസമായി കുട്ടികള്‍ ഇവിടെ ജോലി ചെയ്ത് വരികയാണ്.
ഇതു സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചതിന് ശേഷം അവര്‍ക്കൊപ്പം തന്നെ കുട്ടികളെ വിടുന്നതിനാണ് തീരുമാനം. കുട്ടികളെ ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിക്ക് മുമ്പില്‍ ഹാജരാക്കി മൊഴിയെടുക്കും. കുട്ടികളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടും സമര്‍പ്പിക്കും.