നോക്കുകൂലിയല്ല; ഗുണ്ടായിസം

Posted on: July 8, 2014 6:00 am | Last updated: July 8, 2014 at 12:15 am

SIRAJ.......നോക്കുകൂലി സമ്പ്രദായം തുടച്ചുമാറ്റുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു 2010 ജനുവരിയില്‍ തൃശൂരില്‍ നടന്ന സി ഐ ടി യു സമ്മേളനം സമാപിച്ചത്. തൊഴിലാളികള്‍ അന്യായമായി നോക്കുകൂലി വാങ്ങിയാല്‍ അത് തിരികെ കൊടുപ്പിക്കുമെന്നും സമ്മേളനത്തിന്റെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുകയുണ്ടായി. മറ്റു തൊഴിലാളി സംഘടനകളും നോക്കുകൂലിക്കെതിരെ രംഗത്തു വന്നു. യു ഡി എഫ് സര്‍ക്കാര്‍ നൂറു ദിന പരിപാടിയില്‍ നോക്കുകൂലി നിര്‍ത്തലാക്കല്‍ നയം ഉള്‍പ്പെടുത്തുകയും കോടതി ഒരു പരിധി കൂടി കടന്നു നോക്കുകൂലി ഗുണ്ടാ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നു നിര്‍ദേശിക്കുകയും അതിനെതിരെ കരുതല്‍ തടങ്കല്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡി ജി പിയോടാവശ്യപ്പെടുകയുമുണ്ടായി. ഇതടിസ്ഥാനത്തില്‍ നോക്കുകൂലിക്കാരില്‍ നിന്ന് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും ഇപ്പേരില്‍ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ കൊള്ളക്ക് കേസ്സെടുക്കാനും ഡി ജി പി ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍ നോക്കുകൂലി ഇപ്പോഴും സര്‍വത്ര വ്യാപകം.
നോക്കുകൂലിവിമുക്ത നഗരമായി പ്രഖ്യാപിച്ച തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒരു ഐ എ എസ് ഉദ്യോഗസ്ഥ നോക്കുകൂലിയുടെ പേരില്‍ തൊഴിലാളികളുടെ ഭീഷണിക്ക് വിധേയയായി. സംഭവത്തില്‍ ഒരു സി ഐ ടി യു പ്രാദേശിക നേതാവ് അറസ്റ്റിലാണ്. നോക്കുകൂലിവിമുക്ത ജില്ലയായ എറണാകുളത്തെ പള്ളുരുത്തി കസബ പോലീസ് സ്‌റ്റേഷനിലെ ഒരു എസ് ഐ ക്കും വീടുനിര്‍മാണ സൈറ്റില്‍ മണല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് നോക്കുകൂലി നല്‍കേണ്ടി വന്നു. കൊച്ചിയില്‍ കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ കപ്പല്‍ മാര്‍ഗം ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന അരി നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്ന് ഇറക്കാന്‍ ദിവസങ്ങളോളം താമസിക്കുകയുണ്ടായി.
കച്ചവടക്കാര്‍ക്ക് സ്വന്തം വളപ്പില്‍ തൊഴിലാളികളെ നിര്‍ത്തി ചരക്കി റക്കാന്‍ അവകാശമുണ്ടെങ്കിലും നോക്കുകൂലിയുടെ പേരില്‍ പലപ്പോഴും അത് തടയപ്പെടുന്നു. അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട യന്ത്രസാമഗ്രികള്‍, അതില്‍ പരിചയം നേടിയവര്‍ ഇറക്കിയാലും നല്‍കണം പണിയെടുക്കാത്ത തൊഴിലാളികള്‍ക്കും കൂലി. കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തില്‍ മനുഷ്യന് അസാധ്യമായ ജോലികള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചു ചെയ്തപ്പോള്‍ അവിടെയും നോക്കുകൂലി ആവശ്യപ്പെട്ടു തെഴിലാളികള്‍ പണി തടസ്സപ്പെടുത്തുകയുണ്ടായി. ഈയിടെയായി ക്വാറികളിലേക്കും മണലെടുപ്പ് മേഖലയിലേക്കുമെല്ലാം ഇത് വ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ ചില ക്വാറികളില്‍ മെഷീന്‍ ഉപയോഗിച്ചു കയറ്റിറക്ക് തുടങ്ങിയപ്പോഴാണ് നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്തു വന്നത്. മലബാറില്‍ മണലെടുപ്പ് കേന്ദ്രങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ വെച്ചപ്പോള്‍, അവരെക്കൊണ്ട് പണിയെടുപ്പിക്കണമെങ്കില്‍ തങ്ങള്‍ക്കും പണം നല്‍കണമെന്നായിരുന്നു തദ്ദേശീയരായ തൊഴിലാളികളുടെ ആവശ്യം.
മറ്റള്ളവരുടെ അധ്വാനത്തിന്, മെയ്യനങ്ങാതെയും ഒരു തുള്ളി വിയര്‍പ്പൊഴുക്കാതെയും വിഹിതം കൈപ്പറ്റുന്നത് പിടിച്ചുപറിയാണ്. പണിയെടുക്കാതെ പ്രതിഫലം വാങ്ങുന്നത് ചൂഷകവര്‍ഗത്തിന്റെ സ്വഭാവമാണെന്നാണ് സി ഐ ടി യു നേതാവ് എം എം ലോറന്‍സ് ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. തൊഴിലാളിയുടെ അധ്വാനത്തിനു ന്യായമായ പ്രതിഫലം കിട്ടണമെന്നതില്‍ സംശയമില്ല. പക്ഷേ, മേലനങ്ങാതെ കണ്ടുനില്‍ക്കുന്നവര്‍ക്ക് എന്തിനു കൂലി നല്‍കണം? ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയും സാക്ഷരതാ നിലവാരവും അവകാശപ്പെടുന്ന കേരളത്തിലെ തൊഴില്‍ പ്രസ്ഥാനത്തിന് ഇത് നാണക്കേടും അപമാനവുമാണ്. ഇടത് വലത് ഭേദമില്ലാതെ എല്ലാ തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തകരും വാങ്ങുന്നുണ്ട് നോക്കുകൂലി. യൂനിയനുകള്‍ ഇതിനെതിരെ പ്രസ്താവനകളിറക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുമെങ്കിലും തങ്ങളുടെ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങുകയോ നിയമ നടപടികള്‍ക്ക് വിധേയരാകുകയോ ചെയ്യുമ്പോള്‍ അവരെ രക്ഷിക്കാന്‍ തുനിയുന്നതായാണ് അനുഭവം. തിരുവനന്തപുരം സംഭവത്തില്‍ തന്നെ, ഐ എ എസ് ഉദ്യോഗസ്ഥ കെട്ടിച്ചമച്ചതാണ് കേസെന്ന വാദവുമായി പ്രതിയായ സി ഐ ടി യു നേതാവിനെ വെള്ള പൂശാനാണ് യൂനിയന്റെ ശ്രമം. സ്വന്തം നേതാവോ ബന്ധപ്പെട്ടവരോ ഈ കാടത്തത്തിനിരയാകുമ്പോള്‍ മാത്രമേ യൂനിയന്‍ നേതൃത്വത്തിന്റെ ധാര്‍മിക രോഷം ഉയരാറുള്ളു. കഴിഞ്ഞ വര്‍ഷം പുന്നപ്രയില്‍ വി എസ് അച്യുതാനന്ദന്റെ ജ്യേഷ്ഠ പുത്രന്റെ വീട് നിര്‍മാണ ജോലിക്കിടെ ചില സി ഐ ടി യു പ്രവര്‍ത്തകര്‍ നോക്കുകൂലി വാങ്ങിയപ്പോള്‍ യൂനിയന്‍ പ്രതിഷേധിക്കുകയും ഉടനടി ജില്ലാ കമ്മിറ്റി ചേര്‍ന്ന് അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഏരിയാ കമ്മിറ്റിയോട് നിര്‍ദേശിക്കുകയുമുണ്ടായി. നിയമവിരുദ്ധവും പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ് നോക്കുകൂലിയെന്നു ബോധ്യമുള്ളതു കൊണ്ടാണല്ലോ ഈ നടപടി. ഈ ബോധ്യം സ്വന്തം നേതാക്കളുടെയും വേണ്ടപ്പെട്ടവരുടെയും കാര്യത്തില്‍ മാത്രം പോരാ, എല്ലാവരുടെ കാര്യത്തിലും ഉണ്ടാകണം. ഈ സാമൂഹിക ദ്രോഹത്തിന് ഇരയാകുന്നവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ അത് തടയാനുള്ള തന്റേടവും ഇച്ഛാശക്തിയും യൂനിയന്‍ നേതൃത്വങ്ങള്‍ക്കുണ്ടാകണം. എങ്കില്‍ മാത്രമേ ഇത് തുടച്ചു മാറ്റാനാകൂ.

ALSO READ  രാഷ്ട്രീയമാകരുത് ശിക്ഷാ ഇളവിന് മാനദണ്ഡം