ബോര്‍ഡുകള്‍ തന്നെ വേണ്ടാത്ത കാലത്ത് നാം തര്‍ക്കം കൂടുന്നതോ?

Posted on: July 7, 2014 8:36 am | Last updated: July 7, 2014 at 8:36 am

abdurab0വിവാദം കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൂടപ്പിറപ്പാണ്. യശഃശരീരനായ ജോസഫ് മുണ്ടശ്ശേരി മുതല്‍ വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി പുംഗവന്മാരൊക്കെ വിവാദത്തിന്റെ വന്‍ മല താണ്ടിയവരാണ്. 1957ലെ പ്രഥമ സംസ്ഥാന സര്‍ക്കാറില്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്യാന്‍ നിയുക്തനായത് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ്. അധ്യാപകന്‍, പ്രഭാഷകന്‍, സാഹിത്യ നിരൂപകന്‍, എഴുത്തുകാരന്‍, മികച്ച നിയമസഭാ സാമാജികന്‍ ഇങ്ങനെ വിശേഷണങ്ങള്‍ അനവധിയുണ്ട് മുണ്ടശ്ശേരി മാഷിന്. പറഞ്ഞിട്ടെന്ത്? പ്രതിപക്ഷത്തിന്റെയും സമുദായ സംഘടനകളുടെയും ‘മണ്ടാ’ വിളി കേട്ടാണ് മന്ത്രി പല പ്രഭാതങ്ങളുമുണര്‍ന്നത്. ആക്ഷേപ വിളി മന്ത്രിക്കെതിരെയായിരുന്നില്ല, ഇ എം എസ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയായിരുന്നു.
മുണ്ടശ്ശിരിയുടെ പിന്‍മുറക്കാരായെത്തിയവര്‍ക്കൊന്നും ഇമ്മട്ടില്‍ സംഘടിതമായ ഒരാക്രമണം നേരിടേണ്ടിവന്നിട്ടില്ലെന്നത് നേര്. രണ്ടാം മുണ്ടശ്ശേരിയാകാന്‍ മുണ്ടുടുത്തിറങ്ങിയ ബേബി സഖാവിന്റെ സ്വാശ്രയ നയങ്ങള്‍ക്കെതിരെ രണ്ടാം പള്ളീലച്ചന്മാര്‍ കോപ്പ് കൂട്ടിയെങ്കിലും നടന്നില്ല. എങ്കിലും സഖാവിന്റെ കാലത്തും വിവാദങ്ങളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല വിദ്യാഭ്യാസ വകുപ്പിന്.
കാലാകാലങ്ങളില്‍ മന്ത്രിമാര്‍ മാറി മാറി വന്നെങ്കിലും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ സ്വഭാവം ഒന്ന് തന്നെയായിരുന്നു. ഈ രംഗത്ത് കൊണ്ടുവന്ന പരിഷ്‌കാരങ്ങളായിരുന്നു വിവാദങ്ങളുടെ മൂല ശില. ഭരണപക്ഷം വിപ്ലവകരമെന്നാശംസിച്ചും പ്രതിപക്ഷം തുഗ്ലക് പരിഷ്‌കാരമെന്നാക്ഷേപിച്ചും നടത്തിയ ചെളിവാരിയെറിയലുകളില്‍ പകച്ചുനില്‍ക്കാനായിരുന്നു വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും എന്നത്തെയും ദുര്യോഗം. പ്രതിപക്ഷത്തിന് വിദ്യാര്‍ഥി സംഘടനകളെ സമരത്തിനെന്ന പേരില്‍ തെരുവില്‍ അഴിഞ്ഞാടാനുള്ള അവസരം കൂടിയായിരുന്നു ഓരോ വിവാദകാലവും. വിദ്യാഭ്യാസ പ്രസ്ഥാനക്കാര്‍ ക്യാമ്പസിനകത്തും പുറത്തും തലതല്ലിപ്പൊട്ടിച്ചും കാലൊടിച്ചും രാഷ്ട്രീയ അഭ്യാസങ്ങള്‍ ശീലിക്കുന്നതും ഇക്കാലത്തായിരുന്നു. പാര്‍ലിമെന്ററി രാഷ്ട്രീയം പഠിക്കാന്‍ എതിര്‍ പാര്‍ട്ടിക്കാരന്റെ ശരീരം ഉപയോഗപ്പെടുത്തുന്ന രാസവിദ്യ വ്യാപകമായി ഇക്കാലങ്ങളില്‍ ക്യാമ്പസുകളില്‍ വ്യാപകമായി പ്രയോഗവത്കരിക്കപ്പെട്ടു. ചിലര്‍ക്ക് ജീവന്‍ പോയി. വേറെ ചിലര്‍ അര്‍ധപ്രാണരായി വീല്‍ ചെയറിലും വാട്ടര്‍ ബെഡിലും കാലം കഴിക്കുന്നു.
ഇന്നോളം വിദ്യാഭ്യാസം കൈകാര്യം ചെയ്ത മന്ത്രിമാരൊന്നും ജനങ്ങളുടെയോ മാധ്യമങ്ങളുടെയോ ഗുഡ് സര്‍ട്ടിഫിക്കറ്റുമായി പടിയിറങ്ങിപ്പോയിട്ടില്ല. ഇപ്പോഴത്തെ വകുപ്പ് മന്ത്രിക്ക് അതിനുള്ള യോഗ്യഭാഗ്യമുണ്ടാകില്ലെന്ന് ഇതിനകം തീര്‍പ്പായിക്കഴിഞ്ഞു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയില്‍ നിന്ന് പി കെ അബ്ദുര്‍റബ്ബിലേക്കുള്ള ദൂരം കാലഗണനയെ മാത്രം അടിസ്ഥാനമാക്കി നിജപ്പെടുത്താനാകുമോ?
1957ല്‍ നിന്ന് 2014ലെത്തുമ്പോള്‍ വിദ്യാഭ്യാസ വിവാദങ്ങള്‍ക്ക് സംഭവിച്ച ഭാവവ്യത്യാസങ്ങളെന്തെല്ലാമാണ്? പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം അന്വേഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്. നടേ സൂചിപ്പിച്ചതുപോലെ, മുന്‍കാലത്ത് ഓരോ സര്‍ക്കാറുകളുടെയും വിദ്യാഭ്യാസ നയങ്ങളും പരിഷ്‌കാരങ്ങളുമായിരുന്നു വിവാദങ്ങളുടെ മര്‍മം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ സമുദായവും വിവാദങ്ങളുടെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയാണിപ്പോള്‍. നയങ്ങളുടെ പേരില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതിനു പകരം, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മന്ത്രിയെ വ്യക്തിപരമായും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെ പ്രത്യേകമായും ആക്രമിക്കുന്ന ശൈലായാണിപ്പോള്‍ മാധ്യമങ്ങളും പ്രതിപക്ഷ നിരയിലെ ചിലരും സവര്‍ണ പ്രമാണിമാരും സ്വീകരിച്ചിരിക്കുന്നത്. പച്ച ബ്ലൗസിന്റെ പേരില്‍ സംസ്ഥാനത്ത് അരങ്ങേറിയ വിവാദത്തോടെ പച്ച വെറുമൊരു നിറമല്ലെന്ന് വന്നു. അത് വര്‍ഗീയതയുടെ കടുംഛായയായി പകര്‍ച്ചപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ സമയം കണ്ടെത്താതെ മുസ്‌ലിം ലീഗിനെ തല്ലാന്‍ കിട്ടിയ അവസരമായി കണ്ട് ഉറഞ്ഞുതുള്ളുകയായിരുന്നു ഇരുത്തം വന്ന നേതാക്കന്മാര്‍ പോലും. വിയോജിപ്പുകളെ അതിന്റെ പക്വതയില്‍ രേഖപ്പെടുത്താന്‍ സാഹചര്യമുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥിതിക്കകത്ത്, മന്ത്രിയുടെ മതം ചര്‍ച്ചയുടെ കേന്ദ്ര ബിന്ദുവാകുന്ന അശ്ലീലത്തിനാണ് ആ നാളുകളില്‍ കേരളം സാക്ഷിയായത്. കൊട്ടിഘോഷിച്ച കേരളീയ നവോത്ഥാനത്തിന്റെ ഏടുകള്‍ വെറും ചീട്ടുകൊട്ടാരങ്ങളാണെന്ന യാഥാര്‍ഥ്യം അരക്കിട്ടുറപ്പിച്ചു തുടര്‍ന്നുണ്ടായ ഊര്‍മിളാ ദേവി വിവാദം.
വിദ്യാഭ്യാസ മന്ത്രിയുടെ അപ്രീതിക്കിരയായ കോട്ടണ്‍ ഹില്‍ സ്‌കൂള്‍ അധ്യാപിക ഊര്‍മിളാ ദേവിയെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘അബ്ദുര്‍റബ്ബിന്റെ വര്‍ഗീയത’ മുഴച്ചുനിന്നതും മുഴങ്ങിക്കേട്ടതും ഒരു രാഷ്ട്രീയ പൊട്ടാസായി എഴുതിത്തള്ളാവുന്ന ലഘുഗണിത ക്രിയയാണെന്ന് തോന്നുന്നില്ല. മന്ത്രിമാരുടെ അപ്രീതിക്കിരയായി സ്ഥലം മാറ്റപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ഉദ്യോഗസ്ഥ ഊര്‍മിളാദേവിയാണെന്ന മട്ടിലാണ് ചില മാധ്യമങ്ങളും പ്രതിപക്ഷവും വിവാദം കൊഴുപ്പിച്ചത്. ഭരിക്കുന്നവരുടെയും ഭരണാനുകൂല യൂനിയനുകളുടെയും ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റാന്‍ കഴിയാത്തതു കൊണ്ട് പാഞ്ഞുനടക്കേണ്ടിവന്ന എത്രയെത്ര ഉദ്യോഗസ്ഥാനുഭവങ്ങളുണ്ട് നമ്മുടെ നാട്ടില്‍? അങ്ങനെയൊരു സ്ഥലം മാറ്റമായി കാണാവുന്ന, അതിനെ ആ തലത്തില്‍ വെച്ച് എതിര്‍ക്കേണ്ടതിന് പകരം വിവാദത്തെ പച്ച ബ്ലൗസണിയിക്കുകയായിരുന്നല്ലോ എല്ലാവരും കൂടി ചേര്‍ന്ന്. ഇത്തരം കെട്ടുകാഴ്ചകള്‍ എനിയുമെത്ര കണാനിരിക്കുന്നു? മലയാളിയായതില്‍ തനിക്കൊരു അഭിമാനവുമില്ലെന്ന് പറഞ്ഞ സക്കറിയ നിനവില്‍ വരുന്നത് ഈ നേരങ്ങളിലാണ്.
ഊര്‍മിളാ ദേവിക്കൊപ്പം നിര്‍ലജ്ജം ജാതിക്കാര്‍ഡിറക്കി കളിക്കാന്‍ പുരോഗമന ഇടതുപക്ഷത്തിന് മടിയുണ്ടായില്ല എന്ന വസ്തുത, തിരഞ്ഞെടുപ്പാനന്തര പശ്ചാത്തലത്തില്‍ ഗൗരവമായ മറ്റു ചില വായനകള്‍ ആവശ്യപ്പെടുന്നുണ്ട്. അബ്ദുര്‍റബ്ബിന്റെ വര്‍ഗീയതയാണ് ഊര്‍മിളാ ദേവിക്കെതിരായ നടപടിയില്‍ കലാശിച്ചതെന്ന് ഒരു ഇടതുപക്ഷ എം എല്‍ എ നിയമസഭയില്‍ പറയുന്നത് കേരളം കേട്ടു. അതിവേഗം വര്‍ഗീയവത്കരിക്കപ്പെടുന്ന മേതതര മനസ്സുകളുടെ രാഷ്ട്രീയ പരിണാമത്തിന്റെ സൂചകം കൂടിയാണിത്.
വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ സ്‌കൂളുകളില്‍ സ്ഥാപിച്ച പച്ച ബോര്‍ഡുകളാണ് പുതിയ വിവാദത്തിന്റെ ഹേതു. പലകയിലെഴുതി അക്ഷരം പഠിച്ചിരുന്ന തലമുറയുടെ ഓര്‍മകള്‍ക്ക് ഇന്നും നിറയൗവനമാണ്. എന്നാല്‍, മാറ്റങ്ങളെ പുണരുന്നതിന് അതൊരു തടസ്സമായിക്കൂടാ. സ്ലേറ്റിലേക്കും കടലാസിലേക്കുമുള്ള മാറ്റങ്ങള്‍ കാലഗണന പ്രകാരം അക്കമിട്ടടയാളപ്പെടുത്തേണ്ട വികാസങ്ങള്‍ മാത്രമാണ്. അതൊന്നും ആയുസ്സൊടുങ്ങുവോളം മാറ്റത്തിന് വിധേയമാകരുതെന്ന ശാഠ്യം ആര്‍ക്കും ഭൂഷണമല്ല. പഴയ ബ്ലാക്ക് ബോര്‍ഡുകള്‍ തന്നെ നിലനില്‍ക്കണമെന്ന് പറയാന്‍ വിദ്യാലയങ്ങളെന്താ മ്യൂസിയമാണോ? എത്ര സ്‌കൂളുകളില്‍ ഇപ്പോള്‍ ബ്ലാക്ക് ബോര്‍ഡുകളുണ്ട്? ബോര്‍ഡുകള്‍ തീരെ ആവശ്യമില്ലാത്ത വിധം സാങ്കേതിക വിദ്യ വികസിച്ച നൂറ്റാണ്ടിന്റെ പ്രഭാത വേളയിലാണ് ബോര്‍ഡിന്റെ നിറം മാറിയതിനെച്ചൊല്ലി ചിലര്‍ കലഹം കൂട്ടുന്നതെന്ന് വരുമ്പോള്‍ വിവരത്തില്‍ ഇവര്‍ക്ക് എത്ര മാര്‍ക്കിടാന്‍ കഴിയും?
മാര്‍ക്കര്‍ കൊണ്ടെഴുതി മായ്ക്കാന്‍ കഴിയുന്ന വെളുത്ത ബോര്‍ഡുകള്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുമ്പേ ഇടം നേടിക്കഴിഞ്ഞു. സ്‌കൂളുകളുടെ നിലവാരത്തിനനുസരിച്ച് അവിടെ ഉപയോഗിക്കുന്ന സാമഗ്രികള്‍ക്കും നിലവാരം കൂടും. ഉച്ചക്കഞ്ഞി കുടിച്ച് ഏമ്പക്കമിട്ട് കിടന്നുറങ്ങി, ബെല്ലടിക്കുമ്പോഴെഴുന്നേറ്റ് ബട്ടനില്ലാത്ത ട്രൗസര്‍ കൂട്ടിപ്പിടിച്ച് പാടവരമ്പിലൂടെ വീട്ടിലേക്കോടുന്ന കുട്ടികളല്ല ഇപ്പോഴുള്ളത്. തങ്ങളനുഭവിക്കാത്തത് പുതിയ കുട്ടികളും അനുഭവിക്കേണ്ടെന്ന് ഏത് പാരമ്പര്യത്തിന്റെ പേരിലാണ് ന്യായീകരിക്കാനാകുക?
ലോകത്ത് ആദ്യമായി പച്ച ബോര്‍ഡ് ഉപയോഗിച്ചത് തിരൂരങ്ങാടി നിയോജക മണ്ഡലത്തിലല്ല. കേരളത്തില്‍ തന്നെ നിരവിധി സ്‌കൂളുകളില്‍ ഇത് നേരത്തെ തന്നെ ചുവരുകള്‍ കീഴടക്കിയതാണ്. എന്തിന് മോദിയുടെ ഗുജറാത്തിലെ സ്‌കൂളുകളില്‍ പോലും പച്ചക്കലര്‍ജിയില്ല. പച്ച തെളിമയുടെ നിറമാണ്; എഴുതി മായ്ക്കാനെളുപ്പമാണ്. കുട്ടികള്‍ക്ക് വ്യക്തമായിത്തന്നെ എഴുത്തുകള്‍ വായിച്ചെടുക്കാന്‍ കഴിയുമെന്നതാണ് പച്ചയിലേക്ക് അധ്യാപകര്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണം. എന്നിരിക്കെ, കേരളത്തിലിപ്പോഴുണ്ടായ വിവാദത്തെ സുദുദ്ദേശ്യപരമായി കാണാനാകുമോ?
ഇത്തരം കാര്യങ്ങളൊക്കെ അറിയണമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കണം. അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവരെ ഉപദേശകരാക്കണം. നേതാക്കളും ഉപദേശകരും നാട്ടില്‍ നടക്കുന്ന മാറ്റങ്ങളൊന്നുമറിയാത്തവരായി മാറുമ്പോള്‍ ‘പച്ചപ്പോയത്തം’ പറഞ്ഞുപോകും. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അങ്ങനെയാണ് മോദിയുടെ കാവിവത്കരണവും ‘അബ്ദുര്‍റബ്ബിന്റെ ഹരിതവത്കരണവും’ ഒന്നാണെന്ന് തോന്നുന്നത്.
പച്ച ബോര്‍ഡ് സ്ഥാപിക്കാന്‍ മന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയെന്ന മട്ടില്‍ വിഷയം കൊഴുപ്പിച്ച മാധ്യമങ്ങളുടെ ലക്ഷ്യമെന്തായിരുന്നു? അങ്ങനെ നിര്‍ദേശം നല്‍കിയെന്നിരിക്കട്ടെ, അതില്‍ പിഴവിന് പഴുതെന്തുണ്ട്? ചുകപ്പ് കാണുമ്പോള്‍ കാളകള്‍ കയറ് പൊട്ടിക്കും. ഇവിടെ ചിലര്‍ക്ക് പച്ച കാണുമ്പോള്‍ കലി കയറും. അക്കൂട്ടത്തില്‍ ചുകപ്പിന്റെ കൂട്ടുകാരുമുണ്ടെന്ന് വരുമ്പോള്‍! എന്ത് ചെയ്യാം?

ALSO READ  കൂളായി പരീക്ഷാ ഹാളിലേക്ക്