Connect with us

Ongoing News

മനസ്സിന്റെ നിറവാണ് ഐശ്വര്യം

Published

|

Last Updated

ഒരിക്കല്‍ സുലൈമാന്‍ ഉസ്താദിന്റെ അടുക്കല്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ പരിപാടിക്കു ക്ഷണിക്കാന്‍ വരുന്നു. ഉസ്താദ് വരാമെന്നേല്‍ക്കുന്നു. പോകാന്‍ നേരത്ത് അയാള്‍ ഒരു സംഖ്യ ഉസ്താദിനു കൊടുക്കാന്‍ വേണ്ടി പോക്കറ്റില്‍ കൈയിട്ടു. ഉസ്താദ് പറഞ്ഞു “”എനിക്ക് പണം വേണ്ട. എനിക്കിപ്പോള്‍ ഒരാവശ്യവുമില്ല. എന്റെ എല്ലാ കാര്യവും അല്ലാഹു നടത്തിത്തന്നു”.”

പിന്നീട് ഞങ്ങളോടായി പറഞ്ഞു: “നഫ്‌സുല്‍ അംറില്‍ (യഥാര്‍ഥത്തില്‍) ഞാന്‍ പച്ച ഫഖീറാണ്. പക്ഷേ എല്ലാ കാര്യത്തിലും അല്ലാഹു എനിക്ക് ഗിനാ(ഐശ്വര്യം) നല്‍കി. കടം എനിക്ക് പേടിയാണ്. എനിക്ക് പത്ത് പൈസയും കടമില്ല. ഞാന്‍ കടമാക്കാറുമില്ല. പണം നാം ആഗ്രഹിക്കരുത്…” പക്ഷെ, ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോള്‍ എല്ലാവര്‍ക്കും ഉസ്താദ് പണം നല്‍കി! മറ്റുളളവരില്‍ നിന്ന് പണം സ്വീകരിക്കാതിരിക്കുകയും എന്നാല്‍ കൈയയഞ്ഞ് ദാനം നല്‍കുകയും ചെയ്യുന്ന ഇത്തരം ഒരുപാട് സംഭവങ്ങള്‍ക്ക് ഈ കുറിപ്പുകാരന്‍ സാക്ഷിയായിട്ടുണ്ട്. പണമോഹത്തില്‍ നിന്ന് പൂര്‍ണമായും വിമോചിതമായ ഉസ്താദിന്റെ ഈ ജീവിത വീക്ഷണം കേള്‍ക്കുമ്പോള്‍ നാം തിരുനബിയുടെ പാഠശാലയിലെത്തുന്നു. അവിടുന്ന് പറഞ്ഞുവല്ലോ. “പണത്തിന്റെ അടിമ പരാജയപ്പെട്ടിരിക്കുന്നു”. അവിടുന്ന് അരുളി: വിഭവങ്ങളുടെ ആധിക്യമല്ല ഐശ്വര്യം; മനസ്സിന്റെ നിറവാണ്.

ഉള്ളതുകൊണ്ട് തൃപ്തിയടയാന്‍ സാധിക്കുന്നവനേക്കാള്‍ വലിയ ധനികനില്ല-ആവശ്യക്കാരനാണ് ഫഖീര്‍(ദരിദ്രന്‍).. പണമില്ലാത്തവന് ചെറിയ ആവശ്യങ്ങളേ ഉള്ളൂ. പണമുള്ളവന് വലിയ ആവശ്യങ്ങള്‍. അപ്പോള്‍ പണമില്ലാത്തവന്‍ ചെറിയ ഫഖീറും പണമുള്ളവന്‍ വലിയ ഫഖീറുമായിത്തീരുന്നു. തിരുനബി(സ) അരുളി: നേരം പുലര്‍ന്നു, ശാരീരികാസ്വസ്ഥതകളില്ല; ഭയപ്പാടുകളില്ല, ഇന്നത്തേക്കുള്ള ഭക്ഷണമുണ്ട്, എങ്കില്‍ പ്രപഞ്ചം മുഴുവന്‍ ലഭിച്ചവനെ പോലെയാണ്.
നാം പണത്തിനു പിന്നാലെ പോയാല്‍ അതു നമ്മില്‍ നിന്നും അകന്നുപോയിക്കൊണ്ടിരിക്കും. നാം പണത്തില്‍ നിന്ന് ഓടിയകന്നാല്‍ പണം നമ്മുടെ പിന്നാലെ ഓടിവരും. സംത്യപ്തിയുടെ രാജ പാതയാണ് ഖനാഅത് (ഉള്ളത് കൊണ്ട് തൃപ്തിയടയല്‍). താഴേക്കിടയിലുള്ളവരിലേക്ക് നോക്കി തനിക്ക് ലഭിച്ച അനുഗ്രഹത്തില്‍ സന്തോഷിച്ച് ശുക്ര്‍ നിറഞ്ഞ മനസ്സുമായി രക്ഷിതാവിങ്കലിലേക്ക് കൈകള്‍ ഉയര്‍ത്തിയാല്‍ അവന്‍ ഇവിടെയും അവിടെയും സംതൃപ്ത ജീവിതം നല്‍കും.

Latest