ഫലസ്തീന്‍ കൗമാരക്കാരന്റെ കൊലപാതകം: ആറ് പേര്‍ അറസ്റ്റില്‍

Posted on: July 7, 2014 8:09 am | Last updated: July 7, 2014 at 8:09 am

palastineജറൂസലം: ഫലസ്തീന്‍ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസില്‍ ആറ് ജൂതന്‍മാരെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തു. അതേസമയം, അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ ഇസ്‌റാഈല്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ നിന്ന് മുഹമ്മദ് അബു ഖാദിറെന്ന 16കാരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയിലും ഇസ്‌റാഈലിലെ അറബ് നഗരങ്ങളിലും വന്‍ പ്രതിഷേധമാണ് അലയടിച്ചത്. അബു ഖാദറിനെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാണിക്കുന്നത്.
അതേസമയം, ഗാസ അതിര്‍ത്തിയിലെ പത്ത് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്‌റാഈല്‍ അറിയിച്ചു. എന്നാല്‍ വ്യാപക സൈനിക നടപടി ഇപ്പോഴുണ്ടാകില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തെ ചെറുക്കാന്‍ ആവശ്യമായതെന്തും ചെയ്യാന്‍ മന്ത്രിസഭാ യോഗത്തിനിടെ നെതന്യാഹു നിര്‍ദേശം നല്‍കിയിരുന്നു.
അതിനിടെ, ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത കൊല്ലപ്പെട്ട അബു ഖാദിറിന്റെ അടുത്ത ബന്ധു അമേരിക്കന്‍ വംശജനായ താരീഖ് ഖാദിറിനെ വിട്ടയച്ചു. ഒമ്പത് ദിവസം വീട്ടുതടങ്കലിലായിരിക്കും 15കാരനായ താരീഖ്. താരീഖിന്റെ മുഖത്ത് ക്രൂര മര്‍ദനമേറ്റതിന്റെ അടയാളങ്ങളുണ്ട്. അന്വേഷണത്തിന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവം പരിശോധിക്കുകയാണെന്ന് ഇസ്‌റാഈലിന്റെ നീതി മന്ത്രാലയം അറിയിച്ചു.