Connect with us

Kerala

റെയില്‍വേ ബജറ്റ് : പ്രതീക്ഷയുടെ പാളത്തില്‍ കേരളം

Published

|

Last Updated

കണ്ണൂര്‍: റെയില്‍വേ ബജറ്റില്‍ എല്ലാ കാലത്തും അവഗണിക്കപ്പെടാറുള്ള കേരളത്തിന് ഇക്കുറിയെങ്കിലും വികസന പദ്ധതികള്‍ ലഭിക്കുമെന്ന് പ്രതീക്ഷ. നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ കേരളീയരുടെ കണ്ണില്‍ പൊടിയിടാനെങ്കിലും ഏതാനും ചില വികസന പദ്ധതികളും പുതിയ ട്രെയിനുകളും അനുവദിച്ചു തരുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
യു പി എ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ മലബാറിനെ പൂര്‍ണമായും അവഗണിച്ചിരുന്നു. 17 പ്രീമിയം ട്രെയിന്‍, 38 എക്‌സ്പ്രസ് ട്രെയിന്‍, പത്ത് പാസഞ്ചര്‍, നാല് മെമു, മൂന്ന് ഡെമു എന്നിവക്ക് ബജറ്റ് അംഗീകാരം നല്‍കിയപ്പോള്‍ മലബാറിന് വട്ടപ്പൂജ്യമായിരുന്നു. നിരവധി ട്രെയിനുകളും പുതിയ പാതകളും പ്രതീക്ഷിച്ച മലബാറിലെ യാത്രക്കാരെ നിരാശരാക്കിയാണ് മന്ത്രിയുടെ ബജറ്റ് അവതരണം അവസാനിച്ചത്. നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ക്കാവശ്യമായ ഫണ്ടും നീക്കിവെച്ചിരുന്നില്ല. മോദി സര്‍ക്കാറിന്റെ കന്നി ബജറ്റ് ഇതില്‍ നിന്ന് വ്യത്യസ്തമാകുമോയെന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്.
മംഗളൂരു- ഷൊര്‍ണൂര്‍ മൂന്നാം പാതയുടെ സര്‍വേക്ക് 2013ലെ ബജറ്റ് അംഗീകാരം നല്‍കിയെങ്കിലും പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. കണ്ണൂര്‍- മട്ടന്നൂര്‍ വിമാനത്താവള പാത, കണ്ണൂര്‍-അഴീക്കല്‍ തുറമുഖ പാത, തലശേരി- മൈസൂര്‍ പാത, കാഞ്ഞങ്ങാട് കണിയൂര്‍ പാത, താനൂര്‍ -ഗുരുവായൂര്‍ പാത എന്നിവക്കുള്ള അംഗീകാരമാണ് യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത്.
4500 കിലോമീറ്റര്‍ പാത വൈദ്യുതീകരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ഫണ്ട് നീക്കിവെച്ചപ്പോള്‍ ഷൊര്‍ണൂര്‍-മംഗഌരു പാതക്ക് ആവശ്യമായ ഫണ്ട് നല്‍കിയിട്ടില്ല. 2015 ഡിസംബറിലേ പാതയുടെ വൈദ്യുതീകരണം പൂര്‍ത്തീകരിക്കുകയുള്ളൂയെന്നാണ് റെയില്‍വേ മാനേജര്‍ ഇപ്പോള്‍ പറയുന്നത്. വൈദ്യുതീകരണം 2009 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. കണ്ണൂരില്‍ നിന്ന് മംഗളൂരു ഭാഗത്തേക്കും ഷൊര്‍ണൂര്‍ ഭാഗത്തേക്കും പാസഞ്ചര്‍ ഷട്ടില്‍ സര്‍വീസും ഡെമു സര്‍വീസും വേണം. കേരളത്തിന് പ്രത്യേക സോണ്‍ എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ സോണ്‍ ലഭിച്ചില്ലെന്ന് മാത്രമല്ല നിലവിലുള്ള പാലക്കാട് ഡിവിഷന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലുമാണ്.
മംഗളൂരു കേന്ദ്രീകരിച്ച് പുതിയ ഡിവിഷന്‍ ബജറ്റില്‍ അനുവദിച്ചാല്‍ പാലക്കാട് ഘട്ടം ഘട്ടമായി ഇല്ലാതാകും. കേരളത്തിന് എറണാകുളം കേന്ദ്രീകരിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ അനുവദിച്ച ചീഫ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് കൂടുതല്‍ അധികാരവും ഫണ്ടും നല്‍കാന്‍ റെയില്‍വേ തയ്യാറാകണം. കണ്ണൂരിലെ പിറ്റ് ലൈന്‍, നിരവധി സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം, റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകളുടെ പുനര്‍ നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതി എന്നിവയും കേരളത്തിന്റെ പ്രതീക്ഷകളാണ്.
റെയില്‍വേ വികസനത്തിന് തടസ്സം ഫണ്ടിന്റെ അപര്യാപ്തതയാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഇല്ലാത്ത വിധത്തിലുള്ള ചാര്‍ജ് വര്‍ധന മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ നടപ്പാക്കിയതോടെ ദിവസേന കോടിക്കണക്കിന് രൂപയുടെ അധിക വരുമാനമാണ് റെയില്‍വേക്ക് ലഭിക്കുക.