Connect with us

Gulf

ഒമാനില്‍ വിലക്കയറ്റം രൂക്ഷം: പ്രവാസികളുടെ ജീവിതച്ചെലവ് താളം തെറ്റും

Published

|

Last Updated

മസ്‌കത്ത്:ഒമാനിലെ വിലക്കയറ്റ നിരക്ക് വന്‍വര്‍ധന. കഴിഞ്ഞ മാസത്തെ വിലക്കയറ്റ നിരക്ക് 1.48 ശതമാനമായി ഉയര്‍ന്നതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. അവശ്യ വസ്തുക്കളടക്കം രാജ്യത്തെ നിരവധി ഉത്പന്നങ്ങളുടെ വില കുത്തനെ വര്‍ധിച്ചിട്ടുണ്ട്. റമസാന്‍ വിപണി ലക്ഷ്യം വെച്ചാണ് പല വസ്തുക്കളുടെയും വില ക്രമാതീതമായി ഉയര്‍ത്തിയത്. സാധാരണക്കാരുടെ ജീവിതച്ചെലവ് താളം തെറ്റിക്കുന്ന രീതിയില്‍ സാധനങ്ങളുടെ വില വര്‍ധിച്ചിരിക്കുകയാണ്. റമസാന്‍ പൂര്‍ത്തിയാകുന്നതോടെ ജൂലൈയിലെ വിലക്കയറ്റ നിരക്ക് രണ്ട് ശതമാനത്തിലധികം വര്‍ധിക്കുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇത് പ്രവാസികളടക്കമുള്ള രാജ്യത്തെ സാധാരക്കാരായ ജനങ്ങളെ ഏറെ പ്രയാസത്തിലാക്കും.
2013 മേയ് മാസത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം 1.48 ശതമാനവും 2014 ഏപ്രിലിനെ അപേക്ഷിച്ച് മേയില്‍ 0.22 ശതമാനത്തിന്റെയും വര്‍ധയാണ് ഉണ്ടായിരിക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് (എന്‍ സി എസ് ഐ) വക്താക്കള്‍ അറിയിച്ചു. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വിലക്കയറ്റം രൂക്ഷമായിട്ടുണ്ട്. ജി സി സിയിലെയും മറ്റ് അറബ് രാജ്യങ്ങളെയും അപേക്ഷിച്ച് വിലക്കയറ്റ നിരക്ക് സമാന്യം കുറവുള്ള രാജ്യം ഒമാനാണ്.
റമസാന്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള വസ്തുക്കളുടെ വിലയെല്ലാം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പാനിയ ഉത്പന്നങ്ങള്‍ക്ക് 2.7 ശതമാനവും ഗൃഹോത്പന്നങ്ങള്‍, വൈദ്യുതി, പാചകവാതകം തുടങ്ങിയവക്ക് 1.66 ശതമാനത്തിന്റെയും വര്‍ധയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വിലയില്‍ 6.3 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
ചികിത്സാ സംബന്ധമായ ചെലവുകള്‍ക്ക് 6.01, കമ്യൂണിക്കേഷന്‍ -0.13 ഹോട്ടല്‍, റസ്റ്റോറന്റ്- 1.26 ശതമാനത്തിന്റെയും വര്‍ധന രേഖപ്പെടുത്തി. പുകയില ഉത്പന്നങ്ങള്‍ക്ക് 0.07 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. പുകയില ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് രാജ്യത്തെ ലഹരി ഉപയോഗം കുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് വിലക്കയറ്റം കാര്യമായി പ്രതിഫലിച്ചിട്ടില്ല.
അതേസമയം, വസ്ത്രങ്ങള്‍ക്കും പാദരക്ഷ ഉത്പന്നങ്ങളുടെയും വിലയില്‍ 0.04 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിപണിയിലെ മുഴുവന്‍ വസ്തുക്കളുടെയും വില നിയന്ത്രിക്കാനുള്ള അധികാരം അധികാരം ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന് നല്‍കി സുല്‍ത്താന്റെ ഉത്തരവ് വന്നിട്ടും വില കുറയുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ വിപണിയില്‍ നിന്ന് ലഭിച്ചിട്ടില്ല.
സുല്‍ത്താന്റെ ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ പലവസ്തുക്കളുടെയും വില ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നു. പച്ചക്കറി, പഴവര്‍ഗ്ഗം, സ്റ്റേഷനറി- ക്ഷീരോത്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിരുന്നു.
വിപണിയില്‍ മാംസത്തിന് മാത്രമാണ് വില വര്‍ധന കാര്യമായി ബാധിക്കാതിരുന്നത്. എന്നാല്‍. മത്സ്യത്തിന്റെ വിലയില്‍ ക്രമാതീതമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്.
ഒമാന്‍ വിപണിയിലെ വില നിയന്ത്രിക്കാനുള്ള അധികാരം കുത്തക കമ്പനികളില്‍ നിന്ന് മാറിയിട്ടില്ല.
;വിപണയിലെ കുത്തക സാന്നിധ്യം ഇല്ലാതാക്കാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ പുതിയ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും കുത്തക കമ്പനികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നാണ് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വില വര്‍ധിക്കുന്നത് തടയാന്‍ വ്യക്തമായ നിയമ പരിരക്ഷയുണ്ടായിട്ട് പോലും ഇതിനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
വിപണിയില്‍ സ്വതന്ത്ര മത്സരങ്ങള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിച്ച് കുത്തക സ്വാധീനം ഇല്ലാതാക്കുകയും അതുവഴി വിലക്കയറ്റ നിരക്ക് കുറക്കുകയുമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. വില വര്‍ധന ഇങ്ങനെ മുന്നോട്ട് പോയാല്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടേി വരുമെന്ന് പ്രവാസികള്‍ പറയുന്നു.

 

Latest