റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിനെതിരെ വ്യാപക പ്രതിഷേധം

Posted on: July 6, 2014 10:56 am | Last updated: July 6, 2014 at 10:56 am

ration shopകോഴിക്കോട്: സംസ്ഥാനത്തിനുള്ള പ്രതിമാസ റേഷന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചതിനെതിരെ ഉപഭോക്താക്കളുടെയും റേഷന്‍ മൊത്തവിതരണ അസോസിയേഷനുകളുടെയും പ്രതിഷേധം ശക്തമാകുന്നു. ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢ ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലുള്ളതെന്നാണ് ആരോപണം. കഴിഞ്ഞ മാസം അനുവദിച്ച റേഷന്‍ വിഹിതത്തില്‍ നിന്ന് വലിയ തോതില്‍ ഈ മാസം വെട്ടിക്കുറച്ചതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
1,65,000 ടണ്‍ അരി, 35,000 ടണ്‍ ഗോതമ്പ് എന്നിവയാണ് കഴിഞ്ഞ മാസം അനുവദിച്ചിരുന്നത്. ഇത് 12,000 ടണ്‍ അരി, 18,000 ടണ്‍ ഗോതമ്പ് എന്നിങ്ങനെയാണ് വെട്ടിക്കുറച്ചത്. എ പി എല്‍ വിഭാഗത്തിന് ഒമ്പത് കിലോഗ്രാം അരിയും രണ്ട് കിലോഗ്രാം ഗോതമ്പും ബി പി എല്‍ വിഭാഗത്തിന് 25 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും എ എ വൈ വിഭാഗത്തിന് 35 കിലോഗ്രാം അരി എന്ന രീതിയിലാണ് കഴിഞ്ഞ മാസം വരെ വിതരണം ചെയ്തത്. ഈ മാസം എ പി എല്‍ അരി ആറ് കിലോയായും ഗോതമ്പ് ഒരു കിലോയായും ബി പി എല്‍ അരി പതിനാറ് കിലോയുമായാണ് കുറഞ്ഞത്.
സംസ്ഥാനത്ത് എ പി എല്‍, ബി പി എല്‍, എ എ വൈ വിഭാഗങ്ങളിലായി 82,06,407 കാര്‍ഡുകളാണ് നിലവിലുള്ളത്. കൂടാതെ 28,363 അന്നപൂര്‍ണ കാര്‍ഡുകളും പ്രാബല്യത്തിലുണ്ട്. എന്നാല്‍, 62 ലക്ഷം കാര്‍ഡുകള്‍ക്കനുസൃതമായ റേഷന്‍ വിഹിതമാണ് കേന്ദ്രം സര്‍ക്കാര്‍ ഇന്ന് അനുവദിക്കുന്നതെന്ന് കേരള സ്റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.