Connect with us

Kerala

കേരളത്തില്‍ സവാള കൃഷി ആരംഭിക്കുന്നു

Published

|

Last Updated

മലപ്പുറം: കേരളത്തില്‍ സവാള കൃഷി വാണിജ്യാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പദ്ധതികള്‍ തയ്യാറാകുന്നു. സവാള കൃഷിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് കുതിക്കുന്ന സവാള വിലക്ക് തടയിടാന്‍ കേരള കാര്‍ഷിക സര്‍വകലാശാല കൃഷി വിജ്ഞാന കേന്ദ്രമാണ് സവാളകൃഷിക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും വിളയുന്ന സവാള കേരളത്തില്‍ പച്ചപിടിക്കാന്‍ പരിമിതികള്‍ ഏറെയാണ്. പരീക്ഷണത്തിന്റെ ഭാഗമായി ഒരു ലക്ഷത്തോളം സവാള തൈകളാണ് മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രം ജില്ലയില്‍ വിതരണം ചെയ്തത്. വിതരണം ചെയ്ത തൈകള്‍ കര്‍ഷകര്‍ മുറ്റത്തും പറമ്പിലും മട്ടുപ്പാവിലും കൃഷി ചെയ്യുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു. കേരളത്തിലും സവാളക്ക് വളക്കൂറുള്ള മണ്ണാണെന്ന് തിരിച്ചറിയുന്നത് ഇത് ആദ്യമായാണ്. സവാളകൃഷി കേരളത്തില്‍ നടപ്പാക്കാന്‍ രണ്ട് വര്‍ഷമായി കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന കേന്ദ്രം ഗവേഷണം നടത്തിവരികയാണ്.
സമതലങ്ങളിലും തീര പ്രദേശങ്ങളിലും ഇണങ്ങുന്ന അന്യ സംസ്ഥാന പച്ചക്കറികള്‍ കണ്ടെത്താനും കൃഷിമുറകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും ഏതാനും വര്‍ഷമായി കാര്‍ഷിക സര്‍വകലാശാല ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പഠനങ്ങളും പരീക്ഷണങ്ങളും ഗവേഷണ കേന്ദ്രത്തിന്റെ തോട്ടങ്ങളിലും ജില്ലയിലെ വിവിധ കൃഷിയിടങ്ങളിലും നടന്നുവരികയാണ്. അഗ്രി ഹൗസ് ഡാര്‍ക്ക് റെഡ് എന്ന ചുവന്ന ഇനവും അര്‍ക്ക് നികേതന്‍ തുടങ്ങിയ ഇനവുമാണ് കേരള കാലാവസ്ഥക്ക് അനുയോജ്യമായി കണ്ടെത്തിയ സവാള ഇനങ്ങള്‍.
നടീല്‍ രീതിയും മറ്റു കൃഷി മുറകളും സര്‍വകലാശാല ഗവേഷണ കേന്ദ്രം കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. പലയിടത്തു നിന്നും ശേഖരിച്ച മറ്റിനങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനവും പുരോഗമിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് വിതരണം ചെയ്ത തൈകള്‍ ചാക്കുകളില്‍ നാലും അഞ്ചും തൈകള്‍ നട്ടാണ് പലരും കൃഷി നടത്തിയത്. നട്ട് മൂന്നര മാസമാകുമ്പോഴേക്കും ഉള്ളി വലുതായി മണ്ണിന് പുറമേ കാണാനാകും. പിന്നെ നിയന്ത്രിച്ച് വീട്ടാവശ്യത്തിന് പിഴുതെടുക്കാം എന്നതാണ് വീട്ടുവളപ്പിലും സവാള കൃഷിക്ക് പ്രാധാന്യമേറുന്നത്.
കാലാവസ്ഥയനുസരിച്ച് നവംബര്‍-ഡിസംബര്‍ മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുള്ള സീസണാണ് സവാള കൃഷിക്ക് അനുയോജ്യം. മാത്രമല്ല തുറസായ സ്ഥലവും നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണും സവാളക്ക് അത്യാവശ്യമാണ്. കേരളത്തില്‍ പാലക്കാടും മലപ്പുറത്തും തൃശൂരിലും മറ്റും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന ജില്ലകളാണ് സവാള കൃഷിക്ക് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്. തൈ മുളപ്പിച്ച് ആറാഴ്ചയാകുമ്പോള്‍ പ്രധാന സ്ഥലത്തേക്ക് പറിച്ചു നടുന്നതാണ് രീതി.
ജൈവ വളം ചേര്‍ത്ത് തയാറാക്കിയ മണ്ണില്‍ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ക്കുന്നത് രോഗബാധകള്‍ ഒഴിവാക്കാന്‍ സഹായിക്കും. വാണിജ്യാവശ്യങ്ങള്‍ക്കായി ആവശ്യമെങ്കില്‍ രാസവളവും ചേര്‍ക്കാം. സവാള കൃഷി സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി രഞ്ജന്‍ എസ് കരിപ്പായി പറഞ്ഞു. തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ തിരുവില്ലാമല, ഇരിങ്ങാലക്കുട, മതിലകം, കൊടുങ്ങല്ലൂര്‍, ആമ്പല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നടത്തിയ സവാള കൃഷി വിളവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.
കേരളീയരുടെ ഭക്ഷണത്തിന് പ്രധാന പങ്കുവഹിക്കുന്ന സവാളക്ക് അന്യ സംസ്ഥാനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ സവാള കേരളത്തില്‍ വിളയുന്നതോടെ കൂടിയ വില കൊടുത്ത് വാങ്ങേണ്ട ഗതികേട് വരില്ലെന്നാണ് വിലയിരുത്തല്‍.

 

Latest