ശിയാ പള്ളികള്‍ക്കും മഖ്ബറകള്‍ക്കും നേരെ ഭീകരവാദി ആക്രമണം

Posted on: July 6, 2014 12:29 am | Last updated: July 6, 2014 at 12:29 am

iraqueബഗ്ദാദ്: വടക്കന്‍ ഇറാഖിലെ നിരവധി ശിയാ പള്ളികള്‍ക്കെതിരെയും മഖ്ബറകള്‍ക്കെതിരെയും ഇസില്‍ ഭീകരവാദികളുടെ ആക്രമണം. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ശിയാക്കളുടെ ആരാധനാ കേന്ദ്രങ്ങളെ ഇടിച്ചുനിരത്തുകയും സ്‌ഫോടനം നടത്തി തകര്‍ക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. നിനവിയിലെ മുസൂളിലെയും തല്‍ അഫാറിലെയും ശിയാ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം ശക്തമായിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തുമെന്ന് ഇസില്‍ ഭീകരവാദികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ചാണ് മഖ്ബറകള്‍ക്ക് നേരെ ഇവര്‍ ആക്രമണം അഴിച്ചുവിടുന്നത്.
അതേസമയം, വിമതരായ ഇസിലിനെ പരാജയപ്പെടുത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി ഉറപ്പ് നല്‍കി. എന്ത് സമ്മര്‍ദങ്ങള്‍ ഉണ്ടായാലും ഇതില്‍ നിന്ന് പിന്‍മാറില്ലെന്നാണ് മാലികിയുടെ നിലപാട്. ഇറാഖിന്റെയും ഇവിടുത്തെ ജനതയുടെയും ശത്രുക്കളെ പരാജയപ്പെടുത്തുന്നതുവരെ ഇവര്‍ക്കെതിരെ താന്‍ പോരാട്ടം തുടരുമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സര്‍ക്കാറിന് രൂപം നല്‍കാന്‍ രാഷ്ട്രീയ നേതൃത്വത്തോട് ഇറാഖിലെ ശിയാ പരമോന്നത നേതാവ് ആയതുല്ല അല്‍ സിസ്താനി ആവശ്യപ്പെട്ടു.