Connect with us

National

ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം: സമ്മര്‍ദം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവിക്കായി കോണ്‍ഗ്രസ് സമ്മര്‍ദം ശക്തമാക്കാനൊരുങ്ങുന്നു. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും എന്നാല്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. നിയമ വിദഗ്ധരുമായും ഭരണഘടനാ വിദഗ്ധരുമായും ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സ്പീക്കര്‍ തീരുമാനമെടുത്ത് ഔദ്യോഗികമായി അറിയിച്ച ശേഷമാകും തുടര്‍ നടപടിയിലേക്ക് നീങ്ങുക.
ലോക്‌സഭയില്‍ 44 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. ആകെ അംഗസംഖ്യയുടെ 10 ശതമാനം അംഗബലമുളള രണ്ടാമത്തെ വലിയ കക്ഷിക്ക് പ്രതിപക്ഷ നേതൃ സ്ഥാനം നല്‍കണമെന്നാണ് ചട്ടം. ഇതുപ്രകാരം 55 അംഗങ്ങളെങ്കിലും വേണം. ഈ ചട്ടമനുസരിച്ച് കോണ്‍ഗ്രസിന് നേതൃസ്ഥാനം അവകാശപ്പെടാനാകില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് വിവേചനാധികാരമുണ്ടെന്നാണ് ഒരു സംഘം വിദഗ്ധര്‍ പറയുന്നത്. ലോക്പാല്‍ പോലുള്ള സംവിധാനങ്ങളില്‍ പ്രതിപക്ഷ നേതാവ് അനിവാര്യമാണെന്നിരിക്കെ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ലോക്‌സഭയിലെ പാര്‍ട്ടി ലീഡര്‍ മല്ലികാര്‍ജുന ഖാര്‍ഗേയും പാര്‍ട്ടി ചീഫ് വിപ്പ് ജ്യോതിരാദിത്യ സിന്ധ്യയും കഴിഞ്ഞ ആഴ്ച സ്പീക്കര്‍ സുമിത്ര മഹാജനെ കണ്ടിരുന്നു. അതേസമയം, ഇന്നലെ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഈ വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. സര്‍വകക്ഷി യോഗം വിലക്കയറ്റം പോലുള്ള വിഷയങ്ങളില്‍ വിളിച്ച് ചേര്‍ത്തതാണെന്നായിരുന്നു ഖാര്‍ഗേയുടെ വിശദീകരണം.
അതിനിടെ, പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള വാക്‌പോര് ശക്തമായി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്നും അവരെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും മല്ലികാര്‍ജുന ഖാര്‍ഗേ പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷനേതൃ സ്ഥാനത്തിന് കോണ്‍ഗ്രസിന് അര്‍ഹതയില്ലെന്നും ആത്മപരിശോധനക്ക് പാര്‍ട്ടി തയ്യാറാകണമെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. വിതച്ചതാണ് കോണ്‍ഗ്രസ് കൊയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “55 സീറ്റുകള്‍ അനിവാര്യമാണ്. കോടതിയില്‍ പോയിട്ടും കാര്യമില്ല. തോല്‍ക്കുകയേ ഉള്ളൂ”- മറ്റൊരു നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കുകയാണ്. ഇതിന് മുമ്പായി സ്പീക്കര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Latest