Connect with us

Kozhikode

ജയിലില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ തിരുവനന്തപുരത്തേക്ക് അയക്കും

Published

|

Last Updated

കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്ത മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും രണ്ട് ബാറ്ററികളും അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. ടി പി കേസ് പ്രതികളുടെ മൊബൈല്‍, ഫേസ്ബുക്ക് ഉപയോഗം സംബന്ധിച്ച് അന്വേഷിക്കുന്ന കസബ സി ഐ ബാബു പെരിങ്ങത്താണ് മജിസ്‌ട്രേറ്റ് ട്വിറ്റി ജോര്‍ജ് മുമ്പാകെ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയക്കും. ജയിലിനുള്ളിലെ മൊബൈല്‍,ഫേസ്ബുക്ക് ഉപയോഗക്കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് കസബ സി ഐ ബാബു പെരിങ്ങത്ത് അറിയിച്ചു.
ജില്ലാ ജയിലില്‍ ടി പി കേസ് പ്രതികളെ പാര്‍പ്പിച്ചിരുന്ന ഒമ്പതാം നമ്പര്‍ സെല്ലിനടുത്തുള്ള സെപ്റ്റിക് ടാങ്കിലെ പൈപ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇവ കണ്ടെടുത്തത്.
ഇതോടെ ജില്ലാ ജയിലില്‍ നിന്നും കണ്ടെടുക്കുന്ന മൊബൈല്‍ ഫോണുകളുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൊബൈല്‍ മെമ്മറി കാര്‍ഡോ ഇന്റര്‍നെറ്റ് സൗകര്യമോ ക്യാമറയോ ഇല്ലാത്ത ഫോണാണ്. ഐ എം ഇ ഐ നമ്പര്‍ പരിശോധിച്ച് ഫോണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസബ പോലീസ്.
എന്നാല്‍ ഈ ഫോണ്‍ കൂടാതെ കഴിഞ്ഞ ദിവസം കണ്ടെത്തിയ ബാറ്ററിയും മൈക്രോ മെമ്മറികാര്‍ഡും ഇന്റര്‍നെറ്റ് ഉപയോഗയോഗ്യമായ ഇടത്തരം സ്മാര്‍ട്ട് ഫോണിന് അനുയോജ്യമാണെന്നാണ് പോലീസ് പറയുന്നത്.

Latest