തട്ടാരുമുണ്ട മൈലാടിച്ചോല റോഡിന്റെ ശോചീയാവസ്ഥ പരിഹരിക്കണം

Posted on: July 5, 2014 8:06 am | Last updated: July 5, 2014 at 8:06 am

കാളികാവ്: ചോക്കാട് ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന തട്ടാരുമുണ്ട മൈലാടിച്ചോല റോഡിന്റെ ശോചീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി റോഡ് നന്നാക്കുന്നതിന് നാട്ടുകാര്‍ അധികൃതരോട് പരാതി നല്‍കിയിരുന്നുവെങ്കിലും റോഡിന്റെ ശോചീയാവസ്ഥ പൂര്‍ണമായി പരിഹരിച്ചിട്ടില്ല. റോഡിന്റെ പല ഭാഗങ്ങളും ഇല്ലാതായിട്ട് പോലുമുണ്ട്.
റോഡിന്റെ രണ്ടറ്റങ്ങളിലും പി ഡബ്ലിയു ഡി റോഡുകളും രണ്ട് സ്‌കൂളുകളും ഉണ്ട്. തട്ടാരുമുണ്ട ഭാഗത്ത് കൂരിപ്പൊയില്‍ ജി എല്‍ പി സ്‌കൂളും മൈലാടിച്ചോല ഭാഗത്ത് പാറല്‍ മമ്പാട്ടുമൂല ഹൈസ്‌കൂളും സ്ഥിതിചെയ്യുന്നുണ്ട്.
നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ദിനം പ്രതി സ്‌കൂളുകളിലേക്ക് പോകുന്നത് ഏറെ കഷ്ടതയോടെയാണ്. കാല്‍നടപോലും ഏറെ പ്രയാസത്തിലായ റോഡിലൂടെ കുട്ടികളെ പലപ്പോഴും രക്ഷിതാക്കള്‍ കൈപിടിച്ചാണ് സ്‌കൂളില്‍ എത്തിക്കുന്നത്. റോഡിന്റെ നല്ലൊരുഭാഗവും കടന്ന് പോകുന്നത് വയലുകള്‍ക്കിടിയിലൂടെയാണ്. വയലുകളുടെ ഉടമസ്ഥര്‍ റോഡിന് സ്ഥലം നല്‍കിയിട്ടുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഒന്നും ചെയ്തിട്ടില്ല. മഴക്കാലത്ത് നെല്‍പാടങ്ങലില്‍ വെള്ളം നിറയുന്നതോടെയാണ് യാത്രക്കാര്‍ ഏറെ പ്രയാസത്തിലാകുന്നത്.
കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ റോഡ് പൂര്‍ണമായി വെള്ളത്തിലായിരുന്നു. മൈലാടിച്ചോല ഭാഗത്ത് റോഡില്‍ ചില പ്രവൃത്തികളൊക്കെ നടന്നിരുന്നു. എന്നാല്‍ മണ്ണിട്ട് നികത്തിയ ഭാഗം ചെളിക്കുളമായിരിക്കുകയാണ്.
റോഡിന്റെ ശോചീയാവസ്ഥ പരിഹരിച്ച് വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.