മീറ്റര്‍ വാടക ഇരട്ടിയാക്കണം: കെ എസ് ഇ ബി

Posted on: July 5, 2014 12:02 am | Last updated: July 5, 2014 at 12:03 am

KSEB-Logoതിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവിന് പുറമെ, ഗാര്‍ഹിക ഉപഭോക്താക്കള്‍ പുതുതായി സ്ഥാപിക്കുന്ന മീറ്ററിന് വാടക ഇരട്ടിയാക്കണമെന്ന് കെ എസ് ഇ ബി ആവശ്യപ്പെട്ടു. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള പെറ്റീഷന്‍ പരിഗണിക്കുന്ന റഗുലേറ്ററി കമ്മീഷന്‍ അദാലത്തിലാണ് ബോര്‍ഡ് ഈ ആവശ്യമുന്നിച്ചത്.
ഇക്കൊല്ലം 2,931.21 കോടി രൂപ ബോര്‍ഡിന് കമ്മിയുണ്ടാകുമെന്നും അതില്‍നിന്ന് 1,423.64 കോടി രൂപ നിരക്ക് വര്‍ധനയിലൂടെ പിരിക്കാന്‍ അനുവദിക്കണമെന്നുമാണ് ബോര്‍ഡ് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്. പുതിയ കണക്ഷനും നിലവിലെ മീറ്റര്‍ മാറ്റിവെക്കുന്നതിനും വാടക പത്ത് രൂപ എന്നത് 20 രൂപയാക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. ത്രീഫേസ് മീറ്ററിന്റെ വാടക 50 രൂപയാക്കണം. മീറ്ററുകള്‍ക്കുണ്ടായ വില വര്‍ധനവാണ് ബോര്‍ഡ് കാരണമായി പറയുന്നത്.
സിംഗിള്‍ ഫേസ് മീറ്ററിന് മുമ്പ് 200 രൂപയായിരുന്നത് ഇപ്പോള്‍ 900 രൂപയായി ഉയര്‍ന്നതായി വൈദ്യുതി ബോര്‍ഡ് പ്രതിനിധി കമ്മീഷനെ അറിയിച്ചു. ത്രീഫേസ് മീറ്ററിന്റെ വില 2,500 രൂപയായി ഉയര്‍ന്നു. ഉപഭോക്താവ് മീറ്റര്‍ സ്വന്തമായി വാങ്ങിയാല്‍ വാടക നല്‍കേണ്ടതില്ല. വൈദ്യുതി ബോര്‍ഡിന്റെ മീറ്റര്‍ വെക്കുന്ന പുതിയ കണക്ഷനുകള്‍ക്ക് മീറ്റര്‍ വാടക നല്‍കേണ്ടിവരും. ഇപ്പോള്‍ത്തന്നെ മീറ്ററിന് ബോര്‍ഡ് വാടക ഈടാക്കുന്നുണ്ട്. ഇതിന് കമ്മീഷന്റെ അംഗീകാരം വാങ്ങാനാണ് ബോര്‍ഡിന്റെ ശ്രമം. അതേസമയം, നിലവില്‍ മീറ്റര്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാകില്ല. 200 യൂനിറ്റിന് മേല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ യൂനിറ്റിനും ഒരേ നിരക്ക് വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. 40 യൂനിറ്റ് വരെയുള്ളവര്‍ക്ക് നിരക്ക് വര്‍ധനയില്ല. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്കുവര്‍ധന ബോര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സബ്‌സിഡി വാങ്ങിയെടുക്കാതെ നിരക്ക് വര്‍ധനയെന്ന ആവശ്യവുമായി വരുന്നതിനെ കമ്മീഷന്‍ വിമര്‍ശിച്ചു. 120 യൂനിറ്റില്‍ താഴെ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. 680 കോടിയാണ് വൈദ്യുതി ബോര്‍ഡിന് സബ്‌സിഡി ഇനത്തില്‍ കിട്ടാനുള്ളത്. ലഭിച്ചതാവട്ടെ 25 കോടിയും. സബ്‌സിഡി നേടിയെടുക്കാന്‍ ശ്രമം ഉണ്ടാവണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
ഇക്കൊല്ലം ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ നാല് ശതമാനവും ജൂണില്‍ എട്ട് ശതമാനവും വൈദ്യുതി ഉപയോഗം കൂടിയെന്ന് കെ എസ് ഇ ബി ചൂണ്ടിക്കാട്ടി. അതിനാല്‍, വിലകൂടിയ വൈദ്യുതി വാങ്ങേണ്ടിവന്നു. ഇക്കൊല്ലം ആകെ 217 ദശലക്ഷം യൂനിറ്റാണ് കായംകുളത്തുനിന്ന് വാങ്ങാ ന്‍ ഉദ്ദേശിച്ചതെങ്കിലും പ്രതിസന്ധി മൂലം ഇതിനകംതന്നെ 100 ദശലക്ഷം യൂനിറ്റ് അധികമായി വാങ്ങിക്കഴിഞ്ഞു. വിതരണച്ചെലവ് നോക്കുമ്പോള്‍ 15 രൂപ വരെ യൂനിറ്റിന് വിലയുള്ള വൈദ്യുതി ശരാശരി 4.60 രൂപക്കാണ് ബോര്‍ഡ് വില്‍ക്കുന്നത്.
വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാന്‍ ലൈനുകളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ബോര്‍ഡ് വ്യക്തമാക്കി. വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നതിനെതിരെ വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുന്നില്‍ നിരവധി പരാതികളാണെത്തിയത്. വിദഗ്ധ സമിതിയെക്കൊണ്ട് ബോര്‍ഡിന്റെ ധനസ്ഥിതി പരിശോധിച്ച ശേഷം മാത്രമേ വൈദ്യുതി നിരക്കില്‍ മാറ്റം അനുവദിക്കാകൂവെന്ന് വിവിധ സംഘടനകള്‍ തെളിവെടുപ്പില്‍ ആവശ്യപ്പെട്ടു. നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കണമെന്ന് ചെറുകിട വ്യവസായ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വര്‍ധന വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ട 1,423 കോടിയില്‍ 625 കോടിയും ഗാര്‍ഹിക ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും.
കമ്മീഷന്റെ ഉത്തരവ് ആഗസ്റ്റ് ആദ്യ വാരം പുറത്തിറങ്ങും.