Connect with us

National

മംഗള്‍യാന്‍ യാത്രയുടെ 75 ശതമാനവും പിന്നിട്ടതായി ഐ എസ് ആര്‍ ഒ

Published

|

Last Updated

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാന്‍ അതിന്റെ യാത്രയുടെ 75 ശതമാനവും പിന്നിട്ടതായി ഐ എസ് ആര്‍ ഒ. ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയുടെ അന്തരീക്ഷത്തില്‍ പേടകം സെപ്തംബര്‍ 24ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേടകം 510 മില്യണ്‍ കിലോമീറ്റര്‍ ദൂരം പിന്നിട്ടു. ഇതോടെ 300 ദിവസം നീളുന്ന യാത്രയുടെ നാലില്‍ മൂന്നും മംഗള്‍യാന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും അതിന്റെ പേലോഡുകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മംഗള്‍യാന്‍ ഫേസ്ബുക്ക് പേജില്‍ ഐ എസ് ആര്‍ ഒ വ്യക്തമാക്കി.
പേടകത്തിന്റെ സഞ്ചാര ദിശയില്‍ ഏറ്റവും ഒടുവില്‍ നടത്തിയ മാറ്റം നിര്‍ണായകമായിരുന്നു. ട്രജക്ടറി കറക്ഷന്‍ മാനുവര്‍-2 സാധ്യമാക്കിയത് പേടകത്തിലെ 22 ന്യൂട്ടണ്‍ ഇന്ധനം 16 സെക്കന്‍ഡ് കത്തിച്ച് നിര്‍ത്തിയായിരുന്നു. ദിശ നേരെയാക്കാനുള്ള ഇത്തരം നീക്കങ്ങളിലാണ് ദൗത്യം ഏറ്റവും വലിയ വെല്ലുവിളി നേരിടാറുള്ളത്. ജൂണ്‍ 11നാണ് ഐ എസ് ആര്‍ ഒ ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. ചുവന്ന ഗ്രഹത്തെ തൊടുന്നതിന് മുമ്പായി ആഗസ്റ്റില്‍ ഒരു ദിശാ സംതുലനം കൂടി നടക്കും.
ഐ എസ് ആര്‍ ഒയുടെ അഭിമാന പദ്ധതിയുടെ ആകെ ചെലവ് 450 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ തറയില്‍ നിന്ന് പി എസ് എല്‍ വിയുടെ ചിറകിലേറി മംഗള്‍യാന്‍ കുതിച്ചത്. ഗ്രഹത്തില്‍ ജീവന്റെ സാധ്യതയുണ്ടോ, അന്തരീക്ഷ ഘടന എങ്ങനെയാണ് തുടങ്ങിയ നിര്‍ണായക വിവരങ്ങളിലേക്ക് മംഗള്‍യാന്‍ വെളിച്ചം വീശുമെന്നാണ് പ്രതീക്ഷ. ചൊവ്വയുടെ ഭൗതിക സവിശേഷതകളും അന്തരീക്ഷ ഘടനയും പഠിക്കാന്‍ അഞ്ച് പേലോഡുകളാണ് ദൗത്യത്തിലുള്ളത്.

Latest