ഹൈക്കോടതി നിര്‍ദേശം: അമ്പുമല ആദിവാസി കോളനി സബ് ജഡ്ജ് സന്ദര്‍ശിച്ചു

Posted on: July 4, 2014 12:16 pm | Last updated: July 4, 2014 at 12:16 pm

നിലമ്പൂര്‍: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ അമ്പുമല ആദിവാസി കോളനിയില്‍ ജില്ലാ സബ്ജഡ്ജ് സന്ദര്‍ശനം നടത്തി. ജില്ലാ കോടതിയിലെ സബ്ജഡ്ജ് രാജന്‍ തട്ടില്‍ ആണ് ഇന്നലെ രാവിലെയോടെ സന്ദര്‍ശനത്തിനെത്തിയത്.
ജഡ്ജ് ഉച്ചക്ക് ശേഷം മൂന്നുമണിയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. അമ്പുമല ആദിവാസി കോളനിയുടെ ദുരിതാവസ്ഥയെക്കുറിച്ച് 2009-ല്‍ ഹൈക്കോടതി അഭിഭാഷക ആര്‍ സുധ ഒരു പൊതുതാത്പര്യ ഹര്‍ജി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്നത്തെ ജില്ലാ ജഡ്ജി കോളനിയില്‍ സന്ദര്‍ശനം നടത്തി യഥാര്‍ഥ സ്ഥിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് വേണ്ട പരിഹാര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് കോളനിക്കാര്‍ക്ക് താമസിക്കാനുള്ള വീടുകള്‍, റോഡ്, കുടിവെള്ളം, കാട്ടാനയുടെ ആക്രമണങ്ങളില്‍ നിന്ന കൃഷിയെ സംരക്ഷിക്കാന്‍ കിടങ്ങ്, വൈദ്യുതി, പാലം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2014 ആയിട്ടും കോളനിയിലെ 22 വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.
കോളനിയിലേക്ക് വീടുനിര്‍മാണത്തിനായുള്ള സാധനങ്ങള്‍ എത്തിക്കാന്‍ വഴിയില്ലെന്നുള്ള കാരണത്താല്‍ കരാറുകാര്‍ ആരും വീട് നിര്‍മിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലെ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി വന്ന അധ്യാപകന്‍ പ്രൊഫ. വര്‍ഗീസ് മാത്യു കോളനിയുടെ ദുരിതം തീര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതി ജഡ്ജ് മഞ്ജുള ചെല്ലൂരിന് പരാതി നല്‍കി.
ഇതേ ആവശ്യമുന്നയിച്ച് മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. മുമ്പ് വീടുപണിയടക്കം പൂര്‍ത്തിയാക്കാന്‍ തീരുമാനമെടുത്തിട്ടും എന്തുകൊണ്ട് പൂര്‍ത്തിയാക്കിയില്ല എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ജില്ലാ സബ് ജഡ്ജ് രാജന്‍ തട്ടില്‍ കോളനിയിലെത്തിയത്.
എന്നാല്‍ കോളനിയിലെത്തിയ ജഡ്ജിന് പൂര്‍ത്തിയാകാതെ കിടക്കുന്ന വീടുകളുടെ ചിത്രങ്ങളാണ് കാണാന്‍ കഴിഞ്ഞത്. കുടിവെള്ളം, വൈദ്യുതി, റോഡ്, പ്രാഥമികാരോഗ്യ കേന്ദ്രം, സ്‌കൂള്‍ തുടങ്ങിയ കാര്യങ്ങളിലൊന്നും ഇപ്പോഴും സൗകര്യങ്ങളുണ്ടായിട്ടില്ല. ഇക്കാര്യങ്ങള്‍ ഒരാഴ്ചക്കകം ഹൈക്കോടതിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ജഡ്ജ് രാജന്‍ തട്ടില്‍ പറഞ്ഞു.
ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, വൈസ് പ്രസിഡന്റ് ശമീം നാലകത്ത്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, പഞ്ചായത്തംഗം എ റശീദലി, ഐ ടി ഡി പ്രൊജക്ട് ഓഫീസര്‍ കെ എ ജെസ്സിമോള്‍, അസി. പ്രൊജക്ട് ഓഫീസര്‍ മുരളീധരന്‍, പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി എന്‍ അനൂപ്, മൊബൈല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിജിന്‍ പാലാടന്‍, കെ എസ് ഇ ബി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അജിത് കുമാര്‍, എ ഇ മെഹ്‌റൂഫ്, എ ഇ അബൂബക്കര്‍, എടവണ്ണ വനം റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, ഡെ.റെയ്ഞ്ചര്‍ പി ശരീഫ്, ഡെ.തഹസില്‍ദാര്‍ സി വി മുരളീധരന്‍, എസ് ഐ ജനാര്‍ദ്ദനന്‍ തുടങ്ങിയവരും പ്രത്യേക പോലീസ് സംഘം തണ്ടര്‍ബോള്‍ട്ടും സംഘത്തോടൊപ്പമുണ്ടായിരുന്നു. കോളനിയിലേക്ക് വൈദ്യുതി എത്തിക്കാന്‍ കേബിള്‍ സംവിധാനമുപയോഗിക്കാമെന്ന് വൈദ്യുതി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അജിത് കുമാര്‍ അറിയിച്ചു.