ജര്‍മനി സെമിയില്‍ : ജര്‍മനി-1 ഫ്രാന്‍സ്-0

Posted on: July 4, 2014 9:48 pm | Last updated: July 6, 2014 at 12:59 am

france germany

മാറക്കാന: ഫ്രാന്‍സിനെ ഏക ഗോളിന് മറികടന്ന് ജര്‍മനി സെമിയില്‍. പതിമൂന്നാം മിനുട്ടില്‍ ഹമ്മല്‍സ് ഹെഡറിലൂടെ നേടിയ ഗോളാണ് ജര്‍മനിക്ക് സെമിയൊരുക്കിയത്. ഈ ലോകകപ്പില്‍ ഏറ്റവുമധികം പാസിംഗ് നടത്തിയ ടോണിക്രൂസിന്റെ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിന് വഴി തുറന്നത്. പ്രതീക്ഷിച്ചതു പോലെ ക്ലാസിക്ക് നിലവാരത്തിലേക്ക് മത്സരം ഉയര്‍ന്നില്ല.
ഇരുഭാഗത്തേക്കും ഭാവനാസമ്പന്നമായ നീക്കങ്ങള്‍ കുറവായിരുന്നു. ഒരു ഗോളിന് പിറകിലായിട്ടും ഫ്രാന്‍സ് പോരാട്ടവീര്യം പുറത്തെടുത്തില്ല. ഒലിവര്‍ജിറൂദിന് പകരം ഗ്രീസ്മാന്‍ ഫ്രാന്‍സിന്റെ ആദ്യ ലൈനപ്പില്‍ ഇടം പിടിച്ചപ്പോള്‍ ജര്‍മനി വെറ്ററന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെക്ക് സ്റ്റാര്‍ട്ടിംഗ് നല്‍കി. തോമസ് മുള്ളര്‍ക്കൊപ്പം ഇരട്ടസ്‌ട്രൈക്കര്‍ തന്ത്രമാണ് കോച്ച് ജോക്വം ലോ പയറ്റിയത്.കരീം ബെന്‍സിമയുടെ ഗോളെന്നുറച്ച നാല് അവസരങ്ങളാണ് നഷ്ടമായത്. ഇഞ്ചുറി ടൈമില്‍ ബെന്‍സിമയുടെ ഇടങ്കാലനടി ജര്‍മന്‍ ഗോളി ന്യുവര്‍ ഒറ്റകൈ കൊണ്ട് തട്ടിമാറ്റിയതോടെ ജര്‍മന്‍കാര്‍ വിജയാഘോഷം ആരംഭിച്ചു.