സ്ത്രീധനവിരുദ്ധ നിയമം സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നു: സുപ്രീം കോടതി

Posted on: July 4, 2014 6:13 am | Last updated: July 4, 2014 at 9:14 am

supreme courtന്യൂഡല്‍ഹി: ഭര്‍ത്താക്കന്‍മാര്‍ക്കെതിരെയും കുടുംബക്കാര്‍ക്കെതിരെയും സ്ത്രീധനവിരുദ്ധ നിയമം സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് സുപ്രീം കോടതി. ഇതിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ അനുസരിച്ച് യാന്ത്രികമായി ഭര്‍ത്താക്കന്‍മാരെയും കുടുംബക്കാരെയും അറസ്റ്റ് ചെയ്യുന്ന നടപടികളില്‍ നിന്ന് പോലീസ് വിട്ടുനില്‍ക്കണമെന്നും സുപ്രീം കോടതി ഉണര്‍ത്തി. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കുറ്റം തെളിഞ്ഞിട്ടില്ലെന്നും അറസ്റ്റ് ചെയ്യുന്നത് കൃത്യമായ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കുറ്റാരോപിതനായ വ്യക്തിയുടെ സ്വഭാവം പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കണം. ഇദ്ദേഹത്തിനെതിരെ അപവാദം ഉന്നയിക്കാനുള്ള സാധ്യതകളും തള്ളിക്കളയരുത്. അഥവാ പോലീസ് ഇത്തരം കേസുകളുടെ പേരില്‍ അറസ്റ്റ് നടത്തുകയാണെങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്നതിന് മുമ്പ് മജിസ്‌ട്രേറ്റ് ഇയാള്‍ക്കെതിരെയുള്ള പ്രാഥമിക തെളിവുകള്‍ പരിശോധിക്കണമെന്നും ഇത് തൃപ്തികരമാണെങ്കില്‍ മാത്രം അടുത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും ജസ്റ്റിസ് സി കെ പ്രസാദ്, ജസ്റ്റിസ് പി സി ഘോഷ് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.
ഏഴ് വര്‍ഷത്തില്‍ കുറവുള്ള തടവ് ശിക്ഷ ലഭിക്കുന്ന ഏതൊരു കേസിലും അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നതിനും ഇത്തരമൊരു പരിശോധന ആവശ്യമാണ്. സെക്ഷന്‍ 498എക്ക് കീഴില്‍ ലഭിക്കുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷ ജയില്‍ തടവാണ്. ഇത്തരം കേസുകളില്‍ ജാമ്യം അനുവദിക്കാറില്ലെങ്കിലും ചില അപൂര്‍വം കേസുകളില്‍ കോടതിക്ക് ജാമ്യം അനുവദിക്കാവുന്നതുമാണ്. പക്ഷേ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യം വെച്ച് കൊണ്ടുവന്ന സ്ത്രീധന പീഡന വിരുദ്ധ നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സ്ത്രീധന പീഡനങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന നിയമം ഭാര്യമാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഈ നിയമത്തിന് കീഴില്‍ ഭര്‍ത്താക്കന്‍മാരെയും കുടുംബക്കാരെയും അന്യായമായി അറസ്റ്റ് ചെയ്യുക എന്നത് പീഡനമാണ്. ചില കേസുകളില്‍ ഭര്‍ത്താവിന്റെ കിടപ്പിലായ പിതാവ്, മാതാവ്, വര്‍ഷങ്ങളായി വിദേശത്ത് താമസിക്കുന്ന സഹോദരിമാര്‍ വരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയ കുറ്റകൃത്യ ബ്യൂറോയുടെ കണക്കനുസരിച്ച് 2012ല്‍ സെക്ഷന്‍ 498എക്ക് കീഴില്‍ രാജ്യത്തുടനീളം രണ്ട് ലക്ഷത്തിലധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് 2011നെ അപേക്ഷിച്ചുനോക്കുമ്പോള്‍ 9.4 ശതമാനം കൂടുതലാണ്. ഈ നിയമത്തിന് കീഴില്‍ അറസ്റ്റിലായ സ്ത്രീകളുടെ എണ്ണം 47,951 ആണ്. അതിനര്‍ഥം ഭര്‍ത്താവിന്റെ സഹോദരിമാരും അദ്ദേഹത്തിന്റെ ബന്ധുക്കളായ സ്ത്രീകളും കേസില്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുന്നുവെന്നാണ്. മറ്റു കുറ്റകൃത്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് വലിയ അളവാണ്. അതുകൊണ്ട് മജിസ്‌ട്രേറ്റുമാര്‍ ഈ നിമയത്തിന്റെ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിയമവിരുദ്ധമായ അറസ്റ്റുകള്‍ തടയുകയും വേണമെന്നും കോടതി വ്യക്തമാക്കി.