ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം ശക്തമാക്കി

Posted on: July 4, 2014 8:29 am | Last updated: July 4, 2014 at 8:29 am

gasaഗാസ: അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഫലസ്തീന്‍ കൗമാരക്കാരന്റെ ഖബറടക്ക ചടങ്ങിനിടെ ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം ശക്തമാക്കി. പതിനൊന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. റമസാന്‍ നോമ്പനുഷ്ഠിക്കുന്നതിന് അത്താഴം കഴിക്കുന്ന സമയത്താണ് ഗാസയില്‍ ആക്രമണമുണ്ടായതെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. ബൈത് ലാഹിയയില്‍ ഏഴ് പേര്‍ക്കും ഗാസ സിറ്റിയില്‍ നാല് പേര്‍ക്കുമാണ് പരുക്കേറ്റത്. ഗാസ അതിര്‍ത്തിക്ക് സമീപം ഇസ്‌റാഈല്‍ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
ഗാസയില്‍ 15 തീവ്രവാദ ഒളികേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്‌റാഈലീ സൈന്യം അവകാശപ്പെട്ടു. ആയുധ നിര്‍മാണവും പരിശീലനവും നടക്കുന്നവയാണ് ഇവയെന്ന് സൈന്യം പറഞ്ഞു. 15 റോക്കറ്റുകള്‍ തെക്കന്‍ ഇസ്‌റാഈലില്‍ പതിച്ചതിന് ശേഷമാണ് വ്യോമാക്രമണം നടത്തിയതെന്നും ഇവയില്‍ രണ്ടെന്നും മിസൈല്‍വേധ സംവിധാനമുപയോഗിച്ച് തകര്‍ത്തതായും സൈന്യം പറഞ്ഞു. സദീറൂതില്‍ ഒരു വീട്ടില്‍ മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, മിസൈല്‍ തൊടുത്തുവിട്ടതായി ഡെമോക്രാറ്റിക് ഫ്രന്‍ഡ് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍, അല്‍ അഖ്‌സ മാര്‍ട്ടിയര്‍ ബ്രിഗേഡ്‌സ് എന്നിവ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
അതിനിടെ, ശുഫാത് സ്വദേശിയായ ഫലസ്തീന്‍ കൗമാരക്കാരന്‍ മുഹമ്മദ് ഹസന്‍ അബു ഖാദറി(17)ന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കിഴക്കന്‍ ജറൂസലമില്‍ സംഘര്‍ഷം തുടരുകയാണ്. ഏറ്റുമുട്ടലില്‍ 232 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ 178 പേരും ശുഫാത് സ്വദേശികളാണ്. ഖാദറിനെ കൊന്നത് ജൂത കുടിയേറ്റക്കാരാണെന്നും ഇവരെ നിയമത്തിന് മുന്നില്‍ ഇസ്‌റാഈല്‍ കൊണ്ടുവരണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
ശുഫാതിലെ പള്ളിക്ക് പുറത്തു വെച്ച് മൂന്ന് ആളുകള്‍ ചേര്‍ന്ന് ഹസനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകുയും പിന്നീട് വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കാണപ്പെടുകയുമായിരുന്നു. ഇസ്‌റാഈല്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ മൂന്ന് ഇസ്‌റാഈലീ ബാലന്‍മാരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചയുടനെയാണ് ഫലസ്തീന്‍ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തിയത്.