Connect with us

Articles

ദൈവത്തെ ഓര്‍ത്തു ജീവന്‍ രക്ഷിച്ചോളൂ, നാഗരികത ഇതാ നമുക്കു പിന്നാലെ

Published

|

Last Updated

മൂന്ന് നായകള്‍ വെയില്‍ കാഞ്ഞ് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒന്നാമത്തെ നായ സന്തോഷചിത്തനായി പറഞ്ഞു: “ഈ നായ്ക്കളുടെ ലോകത്തു ജീവിക്കുകയെന്നത് അതിശയകരമായൊരു കാര്യം തന്നെ. രണ്ടാമത്തെ നായ് പറഞ്ഞു “നമ്മള്‍ കുറേക്കാലമായി കൂടുതല്‍ ശ്രദ്ധാലുക്കളാണ്. നമ്മുടെ പിതാമഹന്മാര്‍ അനുഷ്ഠിച്ചതിലും സംഗീതാത്മകമായി ഉദിച്ച നിലാവില്‍ നാം കുരയ്ക്കുന്നു. ജലനിരപ്പില്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ടതിനേക്കാള്‍ തെളിമയോടെ നമ്മുടെ രൂപം നാം കാണുന്നു.” മൂന്നാമത്തെ നായ പറഞ്ഞു: “എനിക്ക് ഏറ്റവും താത്പര്യം തോന്നുന്നതും എന്റെ മനസ്സിനെ ആഹ്ലാദിപ്പിക്കുന്നതുമായ കാര്യം നമ്മള്‍ക്കിടയില്‍ നാം പുലര്‍ത്തുന്ന സുതാര്യതയാണ്.” ആ നിമിഷം ഒരു നായപിടിത്തക്കാരന്‍ അടുത്തേക്ക് വരുന്നതവര്‍ കണ്ടു. മൂന്ന് നായകളും ഓടി തെരുവിലൊളിക്കുന്നതിനിടയില്‍ മൂന്നാമത്തെ നായ പറഞ്ഞു: “ദൈവത്തെയോര്‍ത്ത് ജീവന്‍ രക്ഷിച്ചോളൂ. നാഗരിതയാണ് നമുക്കുപിന്നില്‍”
(ഖലീല്‍ ജിബ്രാന്റെ ഒരു കഥ)
അതേ നാഗരികത ഇന്നൊരു നായപിടിത്തക്കാരന്റെ റോളിലാണ്. ജീവിതത്തെ സ്‌നേഹിച്ച് ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സാധു മനുഷ്യരുടെ കഴുത്തിനു നേരെ കുരുക്കുകളെറിയുന്നു. ഇറാഖിലെ മൂസില്‍ നഗരത്തിലും ത്രിക്രിത് നഗരത്തിലുമുള്ള ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ ആര്‍ത്ത നാദം. അവരെ ഓര്‍ത്ത് അവര്‍ മാസം തോറും അയച്ചുകൊടുക്കുന്ന വിദേശ കറന്‍സിയുടെ പിന്‍ബലത്തോടെ നാട്ടില്‍ സുഖ ജീവിതം നയിക്കുന്ന ആശ്രിതര്‍ അവരുടെ ഹൃദയമിടിപ്പിന്റെ പെടപെടാ ശബ്ദം. റിഫൈനറിയില്‍ തൊഴിലെടുത്ത് അന്നം തേടുന്ന പഞ്ചാബിലെ 49 തൊഴിലാളികള്‍, അവരെ ഓര്‍ത്ത് അവരെ സ്‌നേഹിക്കുന്നവര്‍ പൊഴിക്കുന്ന കണ്ണീര്‍. അതൊക്കെ കഴിഞ്ഞ എത്രയോ ദിവസങ്ങളായി നമ്മുടെ സ്വസ്ഥജീവിതത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്താണ് ഒരു പോം വഴി? നമ്മള്‍ ലോകത്തെ ഒരു വമ്പന്‍ ജനാധിപത്യരാജ്യമാണെന്ന് ഊറ്റം കൊള്ളുന്നു. നമ്മുടെ ഭരണാധികാരികള്‍ക്കും അവരെ എതിര്‍ക്കുന്ന പ്രതിപക്ഷങ്ങള്‍ക്കും ഒന്നും ഒരു പരിഹാരവും നിര്‍ദേശിക്കാനില്ല. ഇന്ത്യ എന്ന ഈ മഹാ രാജ്യത്തിന്റെ ശബ്ദം ലോക വേദികളില്‍ യാതൊരു പ്രതിധ്വനിയും സൃഷ്ടിക്കാതായിട്ടു കാലം കുറെ ആയെന്നു അന്താരാഷ്ട്ര മാധ്യമ നിരീക്ഷകര്‍ തുറന്നെഴുതുന്നു.
ഇപ്പോള്‍ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഇറാഖിന്റെ പൂര്‍വ ചരിത്രത്തിലേക്കു ഒന്നു കണ്ണോടിക്കുന്ന ആരുടെയും കണ്ണുകള്‍ നിറയും. ട്രൈഗ്രീസിന്റെ വരദാനം, ലോക സംസ്‌കൃതിയുടെ പിള്ളത്തൊട്ടില്‍, മഹത്തായ മെസൊപ്പൊട്ടോമിയന്‍ സംസ്‌കാരത്തിന്റെ പിതൃഭൂമി.! ആധുനിക ഇറാഖിന്റെ അധിക ഭാഗവും ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ ഏഷ്യയിലെ ടൈഗ്രീസ്, യൂഫ്രെട്ടീസ് നദികളുടെ താരാട്ടുപാട്ട് കേട്ട് പുഷ്ടിപ്പെട്ട ഫലഭൂയിഷ്ഠമായ ഭൂപ്രദേശം. ബി സി പത്താം നൂറ്റാണ്ടില്‍ തന്നെ കുടിയേറ്റക്കാരെ സ്വന്തം വിരിമാറിലേക്കു മാടിവിളിച്ച് അവര്‍ക്കു വേണ്ടതെല്ലാം ചുരത്തിക്കൊടുത്ത മാതൃതുല്യമായ മണ്ണായിരുന്നു ഇറാഖിന്റേത്. ബി സി നാലാം സഹസ്രബ്ദം മുതലെങ്കിലുമുള്ള ചരിത്രം സ്വന്തമായുള്ള മറ്റൊരു ഭൂപ്രദേശം ഈ ഭൂമിയില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. ഐതിഹ്യകഥയിലെ ഫിനിക്‌സ് പക്ഷിയെപ്പോലെയായിരുന്നു ഇറാഖിന്റെ വളര്‍ച്ചയും വിനാശവും. ചുറ്റുപാടുമുള്ള അക്രമകാരികളാല്‍ ആക്രമിക്കപ്പെട്ടു മണ്ണടിയും. വീണ്ടും ഉയര്‍ത്തെഴുനേല്‍ക്കും. ഈ പ്രക്രിയ നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. ബി സി രണ്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് പാര്‍ത്ഥിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. ബി സി 312 മുതല്‍ സെല്യൂഡ്‌സിന്റെ ഭരണത്തിലമര്‍ന്നു. 1258ലെ മംഗോള്‍ ആക്രമണത്തിനു ശേഷം ഈ പ്രദേശത്തിന്റെ പ്രാധാന്യം കുറഞ്ഞു. 16,17 നൂറ്റാണ്ടുകളില്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ ഈ ഭൂപ്രദേശം ഭരിച്ചു. 1920 മുതല്‍ ഈ പ്രദേശം ബ്രിട്ടീഷ് ഭരണത്തിന് കീഴിലായി. അടുത്ത വര്‍ഷം മുതല്‍ ഇന്ന് നമ്മള്‍ അറിയുന്ന ഇറാഖ് സ്ഥാപിക്കപ്പെട്ടു. ഇത്രയും ഇറാഖിന്റെ പൂര്‍വചരിത്രം.
ആധുനിക ഇറാഖിന്റെ ചരിത്രം അമേരിക്കന്‍ അധിനിവേശ തന്ത്രങ്ങളുമായി കെട്ടു പിണഞ്ഞുകിടക്കുന്നു. ഇല്ലാത്ത രാസായുധങ്ങളുടെ പേരില്‍ നടന്ന പരിശോധനയും സദ്ദാം ഹുസൈന്റെ ദാരുണമായ അന്ത്യവും എല്ലാം കൂടികലര്‍ന്നപ്പോള്‍ ഇറാഖിനെ ഛിന്നഭിന്നമാക്കുക എന്ന യാങ്കി സ്വപ്‌നം ഫലവത്തായി. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലിവാന്റെ (ഐ എ എസ് ഐ എല്‍) നിയന്ത്രണത്തിലാക്കിയ മുസൂലില്‍ മിക്ക മേഖലയിലും പഴയ സൈനികരേയും പ്രാദേശിക ഉദ്യോഗസ്ഥരെയും മുന്‍ നിര്‍ത്തി പ്രാദേശിക ഭരണ സംവിധാനങ്ങള്‍ തന്നെ നിലവില്‍ വന്നിരിക്കുന്നു. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ പരസ്യമായി കൊല ചെയ്യപ്പെടുന്നു. പഴയ തീവ്രവാദ പ്രസ്ഥാനമായ അല്‍ ഖാഇദയുടെ തന്നെ പുനര്‍ജീവനമാണ് ഈ ഐ എസ് ഐ എല്‍. യു എന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് മുസൂളില്‍ നിന്നു മാത്രം ആദ്യത്തെ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ലക്ഷം സിവിലിയന്‍മാര്‍ പലായനം ചെയ്തുകഴിഞ്ഞു. അന്‍ബാര്‍ പ്രവിശ്യയില്‍ നിന്ന് ഓടിപ്പോയവരുടെ സംഖ്യ അഞ്ച് ലക്ഷം വരുമെന്നാണ് കണക്ക്. വടക്കന്‍ ഇറാഖിലെ കുര്‍ദിസ്ഥാനിലേക്കാണ്അഭയാര്‍ഥികള്‍ കൂട്ടത്തോടെ എത്തുന്നത്. ഇതു സൂചിപ്പിക്കുന്നതും ഈ യുദ്ധ പിശാചിനെ നയിക്കുന്ന അടിസ്ഥാന വികാരം വംശീയത തന്നെയാണെന്നാണ്. ഷിയാ സുന്നി തര്‍ക്കത്തില്‍ പോലും ആദര്‍ശപരമായ അഭിപ്രായവ്യത്യാസങ്ങളേക്കാള്‍ മുന്‍തൂക്കം കാണിക്കുന്നത് ഒടുങ്ങാത്ത ഈ വംശീയ ഭ്രാന്താണ്.
നരവംശശാസ്ത്രപരമായി ഇനിയും കൃത്യമായി ഉത്ഭവം നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത വംശീയ സ്വത്വം ആണ് കുര്‍ദുകളുടെത്. തെക്കുകിഴക്കന്‍ തുര്‍ക്കി, വടക്കുപടിഞ്ഞാറന്‍ ഇറാന്‍ വടക്കുകിഴക്കന്‍ ഇറാഖ് വടക്കുകിഴക്കന്‍ സിറിയ എന്നിവിടങ്ങളിലായി ചിതറിക്കിടക്കുന്ന കുര്‍ദുകള്‍ക്കു 1920ല്‍ ഒപ്പ് വെച്ച സെവ്‌റ് ഉടമ്പടി പ്രകാരം കുര്‍ദിസ്ഥാന്‍ എന്ന പേരില്‍ ഒരു രാജ്യം അനുവദിച്ചുകിട്ടേണ്ടതായിരുന്നെങ്കിലും അത് ഇന്നും യാഥാര്‍ഥ്യമായിട്ടില്ല. പതിനഞ്ച് ദശലക്ഷത്തിലധികം വരുന്ന രാഷ്ട്രരഹിതരായ ഈ വംശീയ ന്യൂനപക്ഷത്തില്‍ ഏറിയ പങ്കും സുന്നി മുസ്‌ലിംകളാണ്. തുര്‍ക്കിയിലും ഇറാനിലും ഇറാഖിലും സിറിയയിലുമുള്ള കുര്‍ദുകള്‍ വ്യത്യസ്ത രീതികളില്‍ പീഡിപ്പിക്കപ്പെടുന്നു എന്നാണാക്ഷേപം. ഈ പീഡനത്തിന് അവിടങ്ങളിലെ ശിയാ ഭരണകൂടങ്ങള്‍ എല്ലാ ഒത്താശകളും ചെയ്യുന്നതായും ആരോപണം ഉണ്ട്. ഇത്തരം ഭരണകൂടങ്ങള്‍ ഒട്ടുമിക്കവയും അമേരിക്കയുടെ പാവ ഭരണകൂടങ്ങളാണെന്ന കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ ഭീകരപ്രവര്‍ത്തനം, തീവ്രവാദം എന്നൊക്കെയുള്ള അമേരിക്കയുടെ വായ്ത്താരികള്‍ക്കു മൗനസമ്മതം നല്‍കുന്ന ലോക പൊതുബോധ നിര്‍മിതി വിമര്‍ശ വിധേയമാക്കുക തന്നെ വേണം.
വിമതര്‍ പിടിച്ചെടുത്ത നഗരങ്ങളില്‍ ഭീകരര്‍ സൈനികരേയും ജനങ്ങളേയും കൂട്ട വധശിക്ഷക്ക് ഇരയാക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിമതരെ ഭയന്ന് സൈന്യം ഉപേക്ഷിച്ചുപോയ വടക്കന്‍ ഇറാഖിലെ എണ്ണ നഗരമായ കിര്‍ക്കുകിന്റെ നിയന്ത്രണം കുര്‍ദുകള്‍ പിടിച്ചെടുത്തുകഴിഞ്ഞു. തുടര്‍ച്ചയായ ഏറ്റുമുട്ടലുകളിലും അആക്രമണങ്ങളിലും വിറങ്ങലിച്ചുനില്‍ക്കുന്ന ഇറാഖ്, അയല്‍ രാജ്യമായ ഇറാന്റെ സഹായത്തോടെ തിരിച്ചടിക്ക് ഒരുങ്ങുകയാണ്. രാജ്യം ഒരു വിഭജനത്തിന്റെ വക്കിലേക്കാണ് നീങ്ങുന്നത്. അമേരിക്കയുടെ സ്വപ്‌നങ്ങള്‍ ഇറാഖിന്റെ മണ്ണില്‍ യാഥാര്‍ഥ്യമാക്കുകയാണെന്നു തോന്നുന്നു. വ്യാജമായി സൃഷ്ടിച്ച രാസായുധ ശേഖരണ കഥയുടെ പിന്‍ബലത്തോടെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാഖിനെ അമേരിക്ക ആക്രമിച്ചതും സദ്ദാം ഹുസൈനെന്ന ഭരണാധികാരിയെ ദാരുണമായി കൊലപ്പെടുത്തിയതും ഇറാഖ് ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ മണ്ണിലെ എണ്ണപ്പാടങ്ങളും ശുദ്ധജല സംഭരണികളും കൈപ്പിടിയിലൊതുക്കാന്‍ അവര്‍ ഒരു കൈകൊണ്ട് ഭരണകൂട ഭീകരതയേയും മറുകൈ കൊണ്ട് വിമത ഭീകരതയേയും താലോലിക്കുകയായിരുന്നെന്നു വേണം കരുതാന്‍.
2003ല്‍ അമേരിക്ക നടത്തിയ ഇറാഖ് അധിനിവേശത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ബഹുവിധ തന്ത്രങ്ങളിലൂടെ അമേരിക്ക അവിടുത്തെ ശിയാ സുന്നി വേര്‍തിരിവിനെ അപകടകരമായ തലത്തിലേക്ക് വളര്‍ത്തുകയായിരന്നു. അമേരിക്കയുടെ നിര്‍ദേശാനുസരണം ഇറാഖീ സേനയില്‍ നിന്നും പിരിച്ചുവിട്ടത് ഏഴ് ലക്ഷം സുന്നികളെ ആയിരുന്നു. പെട്ടെന്ന് തൊഴില്‍ നഷ്ടപ്പെട്ട അവര്‍ സുന്നി വിമത സേനയില്‍ ചേര്‍ന്നു ഭീകരപ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ചെങ്കില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? മാലിക്കിയുടെ ഭരണകൂടം സുന്നികളെയോ പഴയ ബാത്ത് പാര്‍ട്ടി അനുകൂലികളെയോ സൈന്യത്തില്‍ ഉന്നത സ്ഥാനം കൈയാളുന്നത് വിലക്കി. അമേരിക്ക കോടിക്കണക്കിന് രൂപ ചെലവഴിച്ച് ദീര്‍ഘ വര്‍ഷങ്ങളിലായി പരിശീലിപ്പിച്ചെടുത്ത സൈന്യമാണ് വിമതസൈന്യത്തിന് മുമ്പില്‍ മുട്ടുമടക്കി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി ഇയ്യാംപാറ്റകളെ പോലെ ചത്തുവീഴുന്നത്. ഇത് ലോകത്തിനാകെ പാഠമാകേണ്ടിരിക്കുന്നു. അമേരിക്ക എന്ന ലോക പോലീസിന്റെ സഹായവാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു സ്വന്തം നാട്ടിലെ വംശീയ വര്‍ഗീയ ന്യൂനപക്ഷങ്ങളെ ആകെ തേച്ചുമായ്ച്ച് ഇല്ലായ്മ ചെയ്യാമെന്ന് വ്യാമോഹിക്കുന്ന സകലര്‍ക്കും ഇറാഖിലെ വിമത മുന്നേറ്റം ഒരു പാഠമാകേണ്ടതാണ്.
സിറിയയും ഇറാഖും ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പന്തുകളി കാണുന്ന ലാഘവത്തോടെ നിസ്സംഗരായി നിന്നു പക്ഷം പിടിച്ചാരവം ഇടാന്‍ കഴിയുന്ന ഒരു നിസ്സാര കാര്യമല്ല. ഇന്ത്യയിലെ ഓരോ വീടിനേയും വ്യക്തിയേയും മുറിവേല്‍പ്പിക്കാന്‍ പര്യാപ്തമാണ് ഈ തീക്കളി. വിദേശനാണയ വിനിമയത്തിലെ തിരിച്ചടികള്‍, സ്വന്തക്കാരേയും ബന്ധുക്കളേയും ഓര്‍ത്തുള്ള ആശങ്കകള്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവും അത് വഴി നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവും എല്ലാം ചേര്‍ന്നു കൂനിന്‍മേല്‍ കുരുവരുന്നതു പോലെ ഇന്ത്യക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കാന്‍ കളം ഒരുക്കുന്ന സംഭവവികാസങ്ങളാണിപ്പോള്‍ ഇറാഖ് കേന്ദ്രീകരിച്ച് നടക്കുന്നത്. ഇതില്‍ ശ്രദ്ധയൂന്നിക്കൊണ്ട് നമ്മുടെ വിദേശനയത്തില്‍ കൃത്യമായ നയതന്ത്ര കൗശലം പ്രകടമാക്കേണ്ട അവസരമാണിത്. ആഗോള രംഗത്ത് കേവലം കാഴ്ചക്കാരായി തുടരാതെ ആജ്ഞാശക്തിയോടെ ഇടപെടാനുള്ള ആര്‍ജവം ഇന്ത്യ കാണിക്കേണ്ടിയിരിക്കുന്നു. അമേരിക്കയും ഇംഗ്ലണ്ടും ഇപ്പോള്‍ സ്വന്തം കൈകള്‍ കഴുകി ഈ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന മട്ടില്‍ മാറി നില്‍ക്കുന്നത് തികഞ്ഞ മര്യാദകേടാണ്. 2003ല്‍ അമേരിക്കയും ബ്രിട്ടനും അവിഹിതമായി ഇടപെട്ടുകൊണ്ടു സദ്ദാം ഹുസൈന്‍ ഭരണത്തെ അട്ടിമറിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അവിടുത്തെ വിമത നീക്കം. ഇപ്പോള്‍ അതാളിക്കത്തി തുടങ്ങി.
ആഭ്യന്തര യുദ്ധവും അഭയാര്‍ഥി പ്രവാഹവും ഒക്കെ ആധുനിക ലോകക്രമത്തില്‍ ഒരു തീരാവ്യാധിയായി മാറിയിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലെ മാറി മാറിവരുന്ന ഭരണാധികാരികള്‍ ഇതില്‍ നിന്നെല്ലാം ചില പാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. തത്കാല കാര്യസാധ്യങ്ങള്‍ക്കായി രാജ്യത്തെ വിഭാഗീയ ശക്തികളെ കയറൂരി വിട്ടാല്‍ തങ്ങളുമായി വിയോജിക്കുന്നവരെ എല്ലാ രംഗത്തു നിന്നും തുടച്ചു മാറ്റാന്‍ ഇറാഖ്് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി അവലംബിച്ചതു പോലെയുള്ള നിഗൂഢ തന്ത്രങ്ങള്‍ അവലംബിച്ചാല്‍ അത് രാജ്യത്തിന്റെ നാശത്തിലേ കലാശിക്കൂ. സുന്നികളും ശിയാകളും കുര്‍ദുകളും ചേര്‍ന്ന് ഇറാഖിനെ പങ്കിട്ടെടുക്കാനുള്ള പര്യാലോചനകളാണ് നടന്നു വരുന്നത്. ഇത് സാധ്യമായാല്‍ പശ്ചിമേഷ്യയാകെ കലാപഭുമിയാകുന്ന ഒരു കാലത്തിന് തുടക്കം കുറിക്കലായിരിക്കും.

---- facebook comment plugin here -----

Latest