അഞ്ചു മാസത്തിനിടയില്‍ ദുബൈയില്‍ 12 ലക്ഷം ഗതാഗത നിയമ ലംഘനങ്ങള്‍

Posted on: July 3, 2014 9:25 pm | Last updated: July 3, 2014 at 9:25 pm

dubai trafficദുബൈ: അഞ്ചു മാസങ്ങള്‍ക്കിടയില്‍ ദുബൈയില്‍ 12 ലക്ഷം ഗതാഗത നിയമലംഘനങ്ങള്‍ ഉണ്ടായതായി ദുബൈ പോലീസ് വ്യക്തമാക്കി. ദിനേന 8,480 ഗതാഗത നിയമ ലംഘനങ്ങള്‍ എന്ന തോതില്‍ 2014ന്റെ ആദ്യ അഞ്ചു മാസങ്ങള്‍ക്കിടയില്‍ 12,72,000 നിയമ ലംഘനങ്ങളാണ് ഉണ്ടായത്. 10 ലക്ഷത്തോളം നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചത് ഡ്രൈവര്‍മാരുടെ അഭാവത്തിലാണ്. ഇതില്‍ പാതിയും അമിത വേഗവുമായി ബന്ധപ്പെട്ടായിരുന്നു. വിവിധ റോഡുകളില്‍ നിശ്ചയിച്ചതിലും കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ടാണ് 4,593 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഈ റോഡുകളില്‍ മണിക്കൂറില്‍ എത്ര കിലോമീറ്റര്‍ പരമാവധി വേഗമാവാമെന്നത് മറികടന്നാണ് വാഹനവുമായി അമിത വേഗത്തില്‍ കുതിച്ചത്. ഇത്തരം നിയമലംഘനങ്ങള്‍ മറ്റ് വാഹനങ്ങള്‍ക്കും റോഡുപയോഗിക്കുന്ന മറ്റുള്ളവര്‍ക്കും ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാഹചര്യം സൃഷ്ടിട്ടുണ്ട്.
അഞ്ചു മാസങ്ങള്‍ക്കിടയില്‍ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി 88 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ദുബൈ പോലീസ് ട്രാഫിക് വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് അല്‍ മസ്‌റൂഇ വെളിപ്പെടുത്തി. ഇവയില്‍ ബഹുഭൂരിപക്ഷത്തിനും കാരണമായത് അമിത വേഗമാണ്. അമിത വേഗത്തിന് പിടിയിലായ ഡ്രൈവര്‍മാരില്‍ 9,3133 പേര്‍ അനുവദനീയമായതിലും 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വാഹനം ഓടിച്ചതവരാണ്. 21-30 വരെ കിലോ മീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 5,28,000 പേര്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. അനധികൃതമായ പാര്‍ക്കിംഗ്, പെട്ടെന്ന് ട്രാക്ക് മാറ്റുക, മതിയായ അകലം പാലിക്കാതിരിക്കുക, പെട്ടെന്ന് വാഹനം നിര്‍ത്തുക തുടങ്ങിയ ഗതാഗത നിയമ ലംഘനങ്ങളും ഇതില്‍ ഉള്‍പ്പെടും. 6,463 കാറുകളും അഞ്ചു ലോറികളും ചുവന്ന വര മറികടന്നതായും അദ്ദേഹം വെളിപ്പെടുത്തി.