Connect with us

Malappuram

സെലിന്‍ വധം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Published

|

Last Updated

മഞ്ചേരി: ചുങ്കത്തറ മുക്കാലിപ്പൊട്ടി സ്വദേശിനിയും കൊച്ചുപുര തെക്കേതില്‍ ഡാല്‍വിയുടെ ഭാര്യയുമായ സെലിന്‍ (34) നെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവ് ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നൂ വര്‍ഷത്തെ കഠിന തടവ്, 449 വകുപ്പു പ്രകാരം ഏഴു വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.
പിഴയടക്കുന്ന പക്ഷം തുക മരണപ്പെട്ട സെലിന്റെ അനന്തരാവകാശികള്‍ക്ക് നല്‍കണമെന്ന് ജഡ്ജി പി എസ് ശശികുമാര്‍ വിധിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. റിമാന്‍ഡ് കാലാവധി ശിക്ഷയില്‍ ഇളവ് ചെയ്യും. പ്രതിക്ക് മുപ്പത് ദിവസത്തിനകം മേല്‍കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാവുന്നതാണ്. ചുങ്കത്തറ കുന്നുംപുറത്ത് കൊച്ചുമോന്‍ എന്ന ചാക്കോ(43) യാണ് പ്രതി. 2008 ഏപ്രില്‍ 22ന് പകല്‍ രണ്ടര മണിക്ക് സെലിന്റെ കിടപ്പുമുറിയില്‍ വെച്ചായിരുന്നു കേസിന്നാസ്പദമായ സംഭവം. കൊല്ലപ്പെട്ട സെലിന്‍ പ്രതിയില്‍ നിന്നും 10000 രൂപ കടം വാങ്ങിയിരുന്നു.
തുക യഥാസമയം തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധം മൂലം അയല്‍ക്കാരിയെ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റോയി ജേക്കബ് ഹാജരായി. 29 സാക്ഷികളില്‍ 16 പേരെ വിസ്തരിച്ചു. 20 രേഖകളും 7 തൊണ്ടി സാധനങ്ങളും ഹാജരാക്കി. സെലിന്റെ ഭര്‍തൃപിതാവ് ജോയി, മകന്‍ സെബിന്‍ എന്നീ ദൃക്‌സാക്ഷികളുടെ മൊഴി നിര്‍ണായകമായി. ഭാര്യക്കും മാനസിക വളര്‍ച്ചയെത്താത്ത കുട്ടിക്കും താന്‍ മാത്രമെ ആശ്രയമായി ഉള്ളുവെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവു നല്‍കണമെന്നുമുള്ള പ്രതിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല.
അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലാത്ത കേസായി പരിഗണിക്കാനാവാത്തതിനാലും പ്രതിയുടെ പേരില്‍ മറ്റു കേസുകളില്ലാത്തതിനാലുമാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. മനപ്പൂര്‍വം കൊലചെയ്യണമെന്ന ഉദ്യേശത്തോടെയാണ് പ്രതി സെലിന്റെ കിടപ്പ് മുറിയില്‍ അതിക്രമിച്ചു കയറിയത്.
ഇത് ആസൂത്രിതവും നിഷ്ഠൂരവുമാണെന്ന് കോടതി നിരീക്ഷിച്ചു. 24 വെട്ടുകളാണ് സെലിന്റെ ശരീരത്തിലുണ്ടായിരുന്നത്. സി ഐ കെ എസ് സാബുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

---- facebook comment plugin here -----

Latest