കോര്‍പറേഷന്‍ വനിതാ കൗണ്‍സിലര്‍ നല്‍കിയ കേസ് ജാമ്യം ലഭിക്കാത്ത മൂന്ന് സ്ത്രീ പീഡന വകുപ്പുകള്‍ കോടതി ഒഴിവാക്കി

Posted on: July 3, 2014 10:27 am | Last updated: July 3, 2014 at 10:27 am

കോഴിക്കോട്: കോര്‍പറേഷന്‍ വനിതാ കൗണ്‍സിലര്‍ പൊതു പ്രവര്‍ത്തകരായ അഞ്ച് പേര്‍ക്കെതിരെ ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തില്‍ ആരോപിച്ച ജാമ്യം ലഭിക്കാത്ത മൂന്ന് സ്ത്രീപീഡന വകുപ്പുകള്‍ കോടതി ഒഴിവാക്കി. 

കോര്‍പറേഷന്‍ 64 ാം ഡിവിഷനിലെ കൗണ്‍സിലര്‍ കെ സിനി നല്‍കിയ സ്വകാര്യ അന്യായത്തിലാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (നാല്) തീരുമാനമെടുത്തത്. സിനിയുടെ സ്ത്രീപീഡന സ്വകാര്യ അന്യായപ്രകാരം കോടതി വിളിച്ചുവരുത്തിയ പൊതു പ്രവര്‍ത്തകരായ കെ പി വിജയകുമാര്‍, പി ലോഹിതാക്ഷന്‍, കെ പി സത്യകൃഷ്ണന്‍, അണ്ടോടി അനില്‍കുമാര്‍, പനനീര്‍വീട്ടില്‍ വത്സരാജ് എന്നിവര്‍ക്ക് മജിസ്‌ട്രേറ്റ് കെ പ്രിയ ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ ആഗസ്റ്റ് നാലിന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു. പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട ഐ പി സി 342 (അന്യായമായി തടഞ്ഞുവെക്കല്‍), 354 (സ്ത്രീകളെ മാനഭംഗപ്പെടുത്തല്‍), 509 (സ്ത്രീത്വത്തെ അവഹേളിക്കല്‍) എന്നീ വകുപ്പുകളാണ് കോടതി ഒഴിവാക്കിയത്.
2011 മാര്‍ച്ച് 29ന് കിഴക്കേ നടക്കാവിലെ കൊട്ടാരം ക്രോസ് റോഡില്‍ വെച്ച് പ്രതികള്‍ മാനഭംഗപ്പെടുത്തി എന്നായിരുന്നു സിനി അഡ്വ. പി വി ഹരി മുഖേന സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. നേരത്തെ പരാതി അന്വേഷിച്ച നടക്കാവ് പോലീസ് കേസ് വ്യാജമാണെന്ന് പറഞ്ഞ് തള്ളിയിരുന്നു. പരാതിയില്‍ പറഞ്ഞ ദിവസം കൗണ്‍സിലര്‍ സ്ഥലത്തില്ലെന്ന് മൊബൈല്‍ പരിശോധനിയില്‍ കണ്ടെത്തിയ പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെ സിനി പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കി. ഈ ഹരജിയും കോടതി തള്ളി. തുടര്‍ന്നാണ് അഡ്വ. പി ഹരി മുഖേന സിനി സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. അഡ്വ. സാബി ജോസഫ്, അഡ്വ. പി കെ ബിന്ദു, അഡ്വ. എം എസ് സജി, അഡ്വ. ജിതിന്‍പൂക്കോട്ട് എന്നിവര്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി.
സിനിയുടെ പരാതി വ്യാജമാണെന്നും ഇവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോര്‍പറേഷന്‍ അഴിമതി വിരുദ്ധ ക്യാമ്പയിന്‍ കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചിരുന്നു. ഈ ധര്‍ണയിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.