Connect with us

National

താജ് മഹലിനു സമീപം ഷാജഹാന്റെ വേനല്‍ക്കാല വസതി കണ്ടെത്തി

Published

|

Last Updated

ആഗ്ര: മുഗള്‍ രാജ വംശത്തിലെ പ്രമുഖനായിരുന്ന ഷാജഹാന്റെ വേനല്‍ക്കാല വസതി കണ്ടെത്തി. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഖനനത്തിനിടെയാണ് വസതിയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. മെഹ്താബ് ബാഗ് എന്ന് പേരുള്ള ഈ വസതി ഷാജഹാന്‍-മുംതാസ് പ്രണയ സ്മാരകമായ താജ്മഹലിന് അഭിമുഖമായ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ വസതി ഷാജഹാന് വളരെയധികം പ്രിയപ്പെട്ട സ്ഥലമായിരുന്നുവെന്ന് പറയപ്പെടുന്നു. രാത്രികാലങ്ങളില്‍ ഇവിടെയിരുന്നുകൊണ്ട് താജ്മഹല്‍ നോക്കിയിരുന്നതിലാണ് മെഹ്താബ് മഹല്‍ എന്ന് ഇതിനെ വിളിച്ചിരുന്നതെന്നും പറയപ്പെടുന്നു (മെഹ്താബ് എന്നാല്‍ ഉര്‍ദുവില്‍ നിലാവ്).
നദീ തീരത്തിരുന്ന് താജ്മഹല്‍ കണ്ടാസ്വദിക്കാനാണ് ഈ വസതി നിര്‍മിച്ചിരിക്കുന്നതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷകര്‍ പറയുന്നു. വസതിയുടെ സ്ഥാനവും ഘടനയും ഇതാണ് തെളിയിക്കുന്നത്. നല്ല കാറ്റും വെളിച്ചവും ലഭിക്കാവുന്ന രീതിയിലാണ് നിര്‍മിതി. ബാറഹ്ദരി നിര്‍മാണ രീതിയാണ് കെട്ടിടത്തിനുള്ളതെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു.
12 വാതിലുകളുള്ള ഒരു തരം വാസ്തു രീതിയാണിത്. വെള്ളപ്പൊക്കത്തിലോ നിര്‍മാണത്തിലെ അപാകം മൂലമോ ഈ വസതി തകര്‍ന്നു പോയതാകാമെന്ന് എ എസ് ഐയിലെ മുതിര്‍ന്ന ഗവേഷകന്‍ അഭിപ്രായപ്പെട്ടു.
ഖനനം തുടരുമെന്നും പുതുതായി എന്തെങ്കിലും കണ്ടെത്താമെന്നുള്ള പ്രതീക്ഷ തങ്ങള്‍ക്കുണ്ടെന്നും അവര്‍ പറയുന്നു.

---- facebook comment plugin here -----

Latest