Connect with us

International

ചോര്‍ത്തല്‍ കേസ്: സര്‍കോസിക്കെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു

Published

|

Last Updated

പാരീസ്: ജഡ്ജിയില്‍ നിന്ന് വിവരം ചോര്‍ത്തിയ കേസില്‍ ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍കോസിക്കെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.15 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച രാത്രി വൈകി അദ്ദേഹത്തെ പാരീസിലെ ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കി. രാജ്യത്തെ മുന്‍ ഭരണാധികാരി പോലീസ് കസ്റ്റഡിയിലാകുന്നത് ഇതാദ്യമായാണ്. സര്‍കോസിയുടെ അഭിഭാഷകന്‍ തിയറി ഹെര്‍സോഗ്, മുതിര്‍ന്ന പ്രോസിക്യൂട്ടര്‍ ഗില്‍ബര്‍ട്ട് അസിബെര്‍ട്ട് എന്നിവരും കസ്റ്റഡിയിലാണ്. കസ്റ്റഡിയിലുള്ള മറ്റൊരു പ്രോസിക്യൂട്ടര്‍ പാട്രിക് സസൗസ്തിനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അര്‍ധരാത്രിയോടെയാണ് സര്‍കോസിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്. ആരോപണങ്ങള്‍ സര്‍കോസി നിഷേധിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി അലെയ്ന്‍ ജൂപ് അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സര്‍കോസിക്ക് പിന്തുണയുമായി രംഗത്തുണ്ട്. നടപടി രാഷ്ട്രീയപ്രേരിതമല്ലെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്‍ദെ പറഞ്ഞു. കേസില്‍ പത്ത് വര്‍ഷം തടവ് ശിക്ഷക്കും 1.5 ലക്ഷം യൂറോ പിഴക്കും സാധ്യതയുണ്ട്. 2017ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചുവരവിനൊരുങ്ങുന്ന സര്‍കോസിക്ക് ഇത് വന്‍ തിരിച്ചടിയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിനെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ജഡ്ജിയില്‍ നിന്ന് സര്‍കോസി വിവരങ്ങള്‍ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫണ്ടിംഗ് അന്വേഷണത്തെ കുറിച്ച് വിവരം നല്‍കിയാല്‍ മൊണോകോ ജഡ്ജി ഗില്‍ബര്‍ട്ട് അസിബെര്‍ട്ടിന് ഉയര്‍ന്ന പദവി ലഭ്യമാക്കുമെന്ന വാഗ്ദാനമാണ് 2007- 12 കാലയളവില്‍ പ്രസിഡന്റായിരിക്കെ സര്‍കോസി നല്‍കിയത്. ഈ കേസിലെ അന്വേഷണം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. പ്രചാരണത്തിന് ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി ഫണ്ട് നല്‍കിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

Latest