ഇറാഖിലെ രാഷ്ട്രീയ ഭിന്നത; യു എസും യു എന്നും വിമര്‍ശിച്ചു

Posted on: July 3, 2014 1:37 am | Last updated: July 3, 2014 at 1:37 am

ബഗ്ദാദ്: ഇറാഖില്‍ രാഷ്ട്രീയ ഐക്യം വൈകുന്നതിനെതിരെ അമേരിക്കയും യു എന്നും കടുത്ത വിമര്‍ശവുമായി രംഗത്ത്. സുന്നി വിമതരുടെ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പാര്‍ലിമെന്റ് സമ്മേളനത്തിലും രാഷ്ട്രീയ ഐക്യം സാധ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് ഇറാഖി നേതാക്കള്‍ക്കെതിരെ വിമര്‍ശം. ഐക്യം സംബന്ധിച്ച അഭിപ്രായവ്യത്യാസം പ്രതിനിധി കൗണ്‍സിലില്‍ മറനീക്കി പുറത്തുവന്നിരുന്നു. സുന്നി വിമതരെ നേരിടാന്‍ പുതിയ സര്‍ക്കാറിന് പാര്‍ലിമെന്റ് അനുമതി നല്‍കുമെന്ന് ലോക നേതാക്കള്‍ പ്രത്യാശിച്ചിരുന്നു.
പ്രഖ്യാപിത ഖിലാഫത്ത് സര്‍ക്കാറിനെ സഹായിക്കാനായി സുന്നി വിമതര്‍ സാങ്കേതിക വിദഗ്ധരെ തേടുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായും സൈനികമായും പുരോഗതി ഉണ്ടാകേണ്ടതുണ്ട്. തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ജനങ്ങള്‍ പലായനം ചെയ്യുമ്പോഴും സൈന്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇറാഖി സര്‍ക്കാര്‍ തിടുക്കത്തില്‍ റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങിയിട്ടുണ്ട്.
ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷം ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ നിന്ന് സുന്നി, കുര്‍ദ് പ്രതിനിധികള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് ക്വാറം തികയാതെ വരികയും സ്പീക്കറെ തിരഞ്ഞെടുക്കാന്‍ സാധിക്കാതെ വരികയുമായിരുന്നു.
അതേസമയം ഐക്യ സര്‍ക്കാര്‍ രൂപവത്കരണം ഏറെ അടിയന്തരമാണെന്ന് യു എസ് വിദേശകാര്യ വക്താവ് മാരി ഹാഫ് പറഞ്ഞു. പതിവുപോലെ സമയമെടുത്ത് ചെയ്യേണ്ടതല്ല രാഷ്ട്രീയ ഐക്യമുണ്ടാക്കുകയെന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണമെന്ന് യു എന്നിലെ പ്രത്യേക പ്രതിനിധി നിക്കോളെ മ്ലാദെനോവ് പറഞ്ഞു.
തീവ്രവാദികളെ നേരിടാന്‍ റഷ്യയില്‍ നിന്ന് വാങ്ങിയ സുഖോയ് വിമാനങ്ങള്‍ ശത്രുക്കളെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം 900 സൈനികരും 2,400 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.