മെസിയെ കൊണ്ട് തോറ്റു !

Posted on: July 3, 2014 1:16 am | Last updated: July 3, 2014 at 1:16 am

Messi_.......സാവോപോളോ: മെസിയെ കൊണ്ട് തോറ്റു ! ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ വന്ന ടീമുകളുടെ പരിശീലകരെല്ലാം ഒരു വട്ടമെങ്കിലും ഇത് പറഞ്ഞിട്ടുണ്ടാകും. മെസിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ മാത്രം ജയിച്ചു കയറാന്‍ അറിയാവുന്ന അര്‍ജന്റീന സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒഴുക്കുള്ള മിഡ്ഫീല്‍ഡ് ഗെയിമില്‍ വീഴാനുള്ള സാധ്യത വലുതായിരുന്നു. പക്ഷേ, വീണില്ല. കാരണം സ്വിറ്റ്‌സര്‍ലന്‍ഡ് അതുവരെ കളിച്ച ഗെയിമായിരുന്നില്ല അര്‍ജന്റീനക്കെതിരെ കളിച്ചത്. സ്വിസ് കോച്ച് ഓട്മര്‍ ഹിസ്ഫീല്‍ഡ് തന്നെ വ്യക്തമാക്കും പിഴച്ചു പോയ തന്ത്രത്തെ കുറിച്ച്: മെസിയെ തടയാന്‍ മാത്രം മൂന്നോ നാലോ പേര്‍ നിയോഗിക്കപ്പെട്ടു. ഇത് തന്ത്രപരമായി വലിയ വീഴ്ചയായി. ഒരാളില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടു പോയി സ്വിസ് ഗെയിം. ഇത് സ്വാഭാവിക, തനത് ശൈലിയെ തകിടം മറിച്ചു.

മെസിയെ നോട്ടമിട്ടാലും കുഴപ്പം, അമിതമായി കേന്ദ്രീകരിച്ചാലും പ്രശ്‌നം. ഈ മെസിയെ കൊണ്ട് തോറ്റുവെന്ന് തന്നെയാണ് ഹിസ്ഫീല്‍ഡും പറഞ്ഞിരിക്കുന്നത്. മെസിയില്‍ നിന്ന് പന്ത് തട്ടിയെടുക്കുമ്പോഴായിരുന്നു സ്വിസ് മുന്നേറ്റനിര അര്‍ജന്റൈന്‍ പ്രതിരോധത്തില്‍ വിള്ളല്‍ സൃഷ്ടിച്ചത്. മെസിയുടെ കാലില്‍ പന്തുള്ളപ്പോള്‍ മറ്റ് കളിക്കാര്‍ ആക്രമിച്ചു കയറാന്‍ പൊസഷന്‍ ചെയ്യുമ്പോഴുണ്ടാകുന്ന ഏറ്റക്കുറച്ചിലായിരുന്നു സ്വിസ് ഗോളടിക്കാന്‍ കാത്തുവെച്ചത്. ഇതു പക്ഷേ, ടൂര്‍ണമെന്റിലാദ്യമായി നിലവാരം പുലര്‍ത്തിയ അര്‍ജന്റൈന്‍ ഡിഫന്‍സ് കൃത്യമായി തടഞ്ഞു.
ഹാഫ് ലൈനിലേക്കിറങ്ങി പന്തെടുത്തായിരുന്നു മെസി നീക്കങ്ങള്‍ ആസൂത്രണം ചെയ്തത്. ഡി മരിയ അധ്വാനിച്ചു കളിക്കുന്നതായിരുന്നു മെസിയുടെ ആസൂത്രണത്തിന് ആഴം പകര്‍ന്നത്. എക്‌സ്ട്രാ ടൈമിലെ 118ാം മിനുട്ടില്‍ മെസി പന്തുമായി ബോക്‌സിന്റെ മധ്യഭാഗത്തേക്ക് എതിരില്ലാതെ കുതിച്ചപ്പോള്‍ സ്വിസ് പ്രതിരോധം ചിതറി.
കൗണ്ടര്‍ അറ്റാക്കിംഗില്‍ മെസി വാത്സല്യത്തോടെ നല്‍കിയ പാസ് ഫസ്റ്റ് ടൈം ക്ലിനിക്കല്‍ ഫിനിഷിംഗില്‍ ഡി മരിയ വലയില്‍ കയറ്റി. ഷാഖിരിയുടെ നേതൃത്വത്തില്‍ സ്വിസ് സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചു. ബ്ലെറിം സെമെയ്‌ലിയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടിമടങ്ങുകയും അത് കാലില്‍ തട്ടി പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോവുകയും ചെയ്തപ്പോള്‍ സ്വിസ് താരങ്ങള്‍ മരവിപ്പോടെ നിന്നു. തൊട്ടടുത്ത മിനുട്ടില്‍ ബോക്‌സിന് പുറത്ത് വെച്ച് ഫ്രീകിക്ക്. അതും ലക്ഷ്യം കണ്ടില്ല. മെസിയും സംഘവും ക്വാര്‍ട്ടറിലേക്ക്.