ഭക്ഷ്യസുരക്ഷയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്

Posted on: July 3, 2014 6:00 am | Last updated: July 3, 2014 at 1:00 am

PROVERTYദാരിദ്ര്യം പരിഷ്‌കൃത സമൂഹത്തിലെ പുഴുക്കുത്താണെന്നാണ് പറയാറ്. ദാരിദ്യം നിലനില്‍ക്കുന്ന വ്യവസ്ഥിതി ഒരു ഭരണകൂടവും അംഗീകരിക്കാനുമിടയില്ല. ദാരിദ്ര്യനിര്‍മാര്‍ജനം ഇന്ത്യയെപോലെ എല്ലാ രാജ്യങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യവുമായിരുന്നു. ദാരിദ്ര്യമൊഴിവാക്കലിനെ സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള പ്രധാന കര്‍മപരിപാടിയായാണ് ഇന്ത്യയും ഏറ്റെടുത്തത്. ഇതിന് പഞ്ചവത്സര പദ്ധതികളില്‍ പ്രത്യേക പ്രാധാന്യവും നല്‍കി. എന്നാല്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിലായി രാജ്യം ഭരിച്ച ജനാധിപത്യ വ്യവസ്ഥിതിക്ക് സമ്പൂര്‍ണ ദാരിദ്ര്യനിര്‍മാര്‍ജനമെന്ന ലക്ഷ്യം സഫലമാക്കാനായിട്ടില്ല. വലിയ വില കൊടുത്തു മാത്രം ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങണമെന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ കൊണ്ടെത്തിക്കാനും വില നല്‍കിയാലും ഭക്ഷ്യോത്പന്ന ലഭ്യതയില്ലാത്ത അവസ്ഥയിലേക്ക് നാടിനെ മാറ്റിയെടുക്കാനും ഭരണതന്ത്രജ്ഞര്‍ക്ക് കഴിഞ്ഞുവെന്നതാണ് വസ്തുത. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ സൃഷ്ടിക്കുന്ന വിലക്കയറ്റത്തില്‍ മുങ്ങിത്താഴുന്ന ജനങ്ങള്‍ക്ക് മുമ്പില്‍ നീട്ടിവെക്കാനുള്ള ബദല്‍ മാര്‍ഗം പോലും ഇതുവരെയായി ഇല്ലെന്നത് ഇനിയെങ്കിലും തിരിച്ചറിയേണ്ട മറ്റൊരു സത്യമാണ്.
ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ആശയം ലോകമെമ്പാടും സജീവമായി ചര്‍ച്ചചെയ്യപ്പെട്ട കാലഘട്ടത്തില്‍ തന്നെയാണ് കോടിക്കണക്കിന് ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കിക്കൊണ്ട് ഭക്ഷ്യ വിലവര്‍ധന കഴിഞ്ഞ ദശകത്തില്‍ അതിന്റെ വിശ്വരൂപം കാട്ടാന്‍ തുടങ്ങിയത്. ഭക്ഷ്യ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് 2007ഓടു കൂടിയാണ് ഭക്ഷ്യവില നാടകീയമായി ഉയര്‍ന്നുതുടങ്ങിയത്. പല ദരിദ്ര വികസ്വര രാജ്യങ്ങളിലും രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകള്‍ക്കും പ്രതിസന്ധികള്‍ക്കും അത് കാരണവുമായി. 2009ലും 2010ലും 2011ലുമെല്ലാം ഭക്ഷ്യവിലയെന്നത് എന്നത്തേക്കാളും ഭീകരമായ ഒരവസ്ഥയിലെത്തിച്ചേര്‍ന്നു. ഏറ്റവുമൊടുവില്‍ 2013ലും 14ലും വിലക്കയറ്റമെന്ന പ്രതിഭാസത്തിന് വലിയ മാറ്റമുണ്ടായില്ല. ഇത് ആഗോളവിപണിയില്‍ വലിയ അസ്ഥിരത സൃഷ്ടിച്ചുവെന്നതിനപ്പുറം ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ ദോഷം വരുത്തുകയും ചെയ്തു. ഭക്ഷ്യപ്രതിസന്ധിയുടെ ഏറ്റവും മോശമായ അവസ്ഥയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് ഏതാനും രാജ്യങ്ങളില്‍ ഭക്ഷ്യ കലാപങ്ങള്‍ ഉണ്ടായതായി പഠനങ്ങള്‍ പറയുന്നുണ്ട്. വരും നാളുകളില്‍ ഇതിന്റെ സാധ്യത കൂടുകയേയുള്ളൂ.
പ്രവര്‍ത്തനക്ഷമവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് ഒരു കുടുംബത്തിന് വേണ്ട സുരക്ഷിതത്വവും പോഷകഗുണവുമുള്ള ഭക്ഷണം ലഭിക്കുന്ന ‘ഭക്ഷ്യസുരക്ഷ’ യെന്ന ആശയം ഭക്ഷ്യ പ്രതിസന്ധി മൂര്‍ച്ഛിച്ച 1996കളിലാണ് ലോക ഭക്ഷ്യകാര്‍ഷിക സംഘടന മുന്നോട്ട് വെച്ചത്. ഭക്ഷ്യസുരക്ഷക്ക് മൂന്ന് ഘടകങ്ങള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന നിര്‍വചിച്ചു. നിര്‍ദിഷ്ട അളവിലുള്ള ഭക്ഷണത്തിന്റെ സ്ഥിരമായ ലഭ്യത, ഭക്ഷണം വാങ്ങാനുള്ള ഭൗതിക സാമ്പത്തിക കഴിവ്, ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കളുടെ ലഭ്യത എന്നിവയായിരുന്നു അവ. ഇവയില്‍ ഇന്ത്യപോലുള്ള രാജ്യത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ട വസ്തുത ഭക്ഷണത്തിന്റെ സ്ഥിരമായ ലഭ്യതയെക്കുറിച്ചുള്ള കാര്യങ്ങളായിരുന്നു. എന്നാല്‍ അത് ചര്‍ച്ച ചെയ്യാന്‍ നമുക്ക് വേണ്ടവിധം കഴിഞ്ഞില്ല. എല്ലാ പോഷക ഘടകങ്ങളുമടങ്ങിയ ഭക്ഷണം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 66-ാം സ്ഥാനത്താണ് ഇന്ത്യയെന്നത് ഗൗരവകരമായി ചര്‍ച്ചചെയ്യപ്പെട്ടില്ല. 105 രാജ്യങ്ങളുള്ള ഈ സൂചക പട്ടികയിലെ 38-ാം സ്ഥാനത്താണ് ഏറ്റവുമധികം ജനസംഖ്യയുള്ള ചൈനയുടെ പേരുള്ളത്. ഭക്ഷ്യ ഉത്പാദനത്തില്‍ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാനാകാത്തത് പല കാരണങ്ങള്‍കൊണ്ടാണെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഭക്ഷ്യവിളകളേക്കാള്‍ കൂടുതലുള്ള നാണ്യവിളകളുടെ കൃഷി, വ്യാവസായിക, ഭവന മേഖലകളുടെ വികസനത്തിനായി കൃഷി ഭൂമിയുടെ ഉപയോഗം, കാലാവസ്ഥയിലുള്ള കടുത്ത അസ്ഥിരത സൃഷ്ടിക്കുന്ന കൃഷിനാശം എന്നിവയെല്ലാം ഇന്ത്യയുടെ ഭക്ഷ്യ ഉത്പാദനക്കുറവിനുള്ള കാരണമായി എടുത്തുകാട്ടാവുന്നവയായിരുന്നു. അധികാരത്തിലെത്തുന്ന ഓരോ സര്‍ക്കാറും ആദ്യംചെയ്യേണ്ടിയിരുന്ന അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിലൊന്നായിരുന്നു ഇതെല്ലാം. ഭക്ഷ്യോത്പാദന രംഗം കുറേക്കൂടി വിപുലമാക്കുകയെന്ന പ്രാഥമിക കടമ പോലും നിര്‍വഹിക്കാതെ ഒറ്റയടിക്ക് വിലകൂട്ടി ഭക്ഷ്യസുരക്ഷയെത്തന്നെ തകര്‍ക്കുന്ന നിലപാടുകളാണ് എല്ലാ സര്‍ക്കാറുകളും ചെയ്തത്. ഭക്ഷ്യസുരക്ഷയെക്കുറിച്ചും വിലക്കയറ്റത്തക്കുറിച്ചും ചര്‍ച്ച ചെയ്യുന്നവര്‍ക്ക് നേരെ ഒരക്ഷരം മിണ്ടരുതെന്ന് പറയാന്‍ ഒരുപക്ഷേ മറ്റേത് സര്‍ക്കാറിനെക്കാളും മുമ്പിലായിരുന്നു പുതിയ സര്‍ക്കാറെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു.
2008ല്‍ പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ പ്രകാരം ഇന്ത്യയിലെ ഭക്ഷ്യോത്പാദനം 1990-2007 കാലത്ത് 1.2 ശതമാനം കുറഞ്ഞിരുന്നതായി പറയുന്നുണ്ട്. 2011-13 കാലഘട്ടത്തിലും ഉത്പാദനക്കുറവ് കൂടിയിട്ടുണ്ടെന്ന് തന്നെയാണ് വിവിധ പഠന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൃഷിയിടങ്ങളുടെ വിസ്തൃതിയും ഉത്പാദനക്ഷമതയും ജലസേചനം ലഭ്യമായ വിളകളുടെ വിസ്തൃതിയും ഗണ്യമായി ചുരുങ്ങിയതായി സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു.
~ഒരു മനുഷ്യന്റെ ഭക്ഷണാവശ്യത്തിന് ഉദ്ദേശം 0.05 മുതല്‍ 0.5 വരെ ഹെക്ടര്‍ സ്ഥലം വേണ്ടിവരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മണ്ണൊലിപ്പ്, ഖനനം, മലിനീകരണം, നഗരവത്കരണം, പശ്ചാത്തല സൗകര്യവികസനം എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ ലഭ്യമായ കൃഷിയിടങ്ങളുടെ 0.5 -1 ശതമാനം കുറവ് ഓരോ വര്‍ഷവും ഉണ്ടാകുന്നുവെന്നാണ് മനസ്സിലാക്കാനായത്. 2025 ഓടെ ലോക ജനസംഖ്യ 8.3 ബില്യണ്‍ കടക്കുമെന്നിരിക്കേ, ഭക്ഷ്യധാന്യങ്ങളുടെ ആവശ്യം ഇപ്പോഴുള്ളതിനേക്കാള്‍ 1.03 ബില്യണ്‍(103 കോടി) ടണ്‍ അധികം വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിനായി ഉത്പാദനക്ഷമത ഹെക്ടറില്‍ 2.9 ടണ്‍ എന്ന നിലയില്‍ നിന്ന് 4.1 ടണ്‍ ആയി വര്‍ധിപ്പിക്കേണ്ടിവരികയും ചെയ്യും. ലോക അരി മേഖല അടുത്ത കുറേക്കാലമായി അത്ര സമ്പുഷ്ടമല്ലെന്ന് ഇതേക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ പറയുന്നുണ്ട്.
കൃഷിയടങ്ങളുടെ വിസ്തൃതി കുറഞ്ഞതിനൊപ്പം കാലാവസ്ഥാ വ്യതിയാനമാണ് ഏറ്റവും കൂടുതല്‍ ഇവയെ ബാധിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പാര്‍ക്കുന്ന ചൈനയില്‍ വര്‍ഷം തോറും 2.8 കോടി ഹെക്ടറില്‍ നിന്നും 17.7 കോടി ടണ്‍ നെല്ല് ഉത്പാദിപ്പിക്കുന്നു. ഏറ്റവുമധികം നെല്‍കൃഷിയുള്ള ഇന്ത്യ 4.3 കോടി ഹെക്ടറില്‍ നിന്ന് 12.8 കോടി ടണ്‍ നെല്ല് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ചൈന അരി ആര്‍ക്കും വില്‍ക്കാറുമില്ല. എപ്പോഴെങ്കിലും ഭക്ഷ്യക്ഷാമം വന്ന് ചൈന അരിവാങ്ങാനിറങ്ങിയാല്‍ ലോക കമ്പോളത്തില്‍ പിന്നെ ‘ഒരു മണി അരി പോലും’ബാക്കിയുണ്ടാകില്ലത്രേ. ഈ ആശങ്ക നമ്മുടെ ഭയം വര്‍ധിപ്പിക്കുമ്പോഴും ഭക്ഷ്യോത്പാദന വര്‍ധനവിനുള്ള ഒരു നടപടിയും നാം കൈക്കൊള്ളുന്നില്ല. അരി കയറ്റുമതിയില്‍ മുന്‍പന്തിയിലുള്ള ഇന്ത്യയില്‍ എന്തുകൊണ്ടാണ് ദുര്‍ബല ജനവിഭാഗങ്ങള്‍ ഭക്ഷ്യധാന്യ ദൗര്‍ലഭ്യത്താല്‍ കഷ്ടപ്പെടുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാകുകയും ചെയ്യുന്നു.
ലോകത്തിന്റെയും രാജ്യത്തിന്റെയും പൊതു അവസ്ഥ അവിടെ കിടക്കട്ടെ. കേരളത്തിന്റെ ഭക്ഷ്യോത്പാദനത്തിന്റെ കാര്യം പരിശോധിച്ചാല്‍ കാര്യം അത്ര പന്തിയല്ലെന്ന് തുടക്കത്തിലേ നമുക്ക് ബോധ്യമാകും. നഗരവത്കരണത്തിന്റെ വ്യാപ്തി അനുദിനമെന്ന തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലും ഭക്ഷ്യ സുരക്ഷ വെറും മുദ്രാവാക്യത്തിലൊതുങ്ങുകയാണ്. ഗുരുതരമായ കാര്‍ഷിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. മിക്ക വിളകളുടെയും പ്രത്യേകിച്ച് ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം ഭീഷണിയാംവിധം കുറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് 1975-76 കാലയളവില്‍ 13.31 ലക്ഷം ടണ്‍ നെല്ല് ഉത്പാദിപ്പിച്ചിരുന്നത് പതിറ്റാണ്ടുകള്‍ മാത്രം പിന്നിടുമ്പോഴേക്കും 6.42 ലക്ഷം ടണ്ണിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. നെല്‍വയലുകളുടെ വിസ്തൃതി നാല് പതിറ്റാണ്ട് മുമ്പുള്ളതില്‍ നിന്ന് നാലിലൊന്നായി ചുരുങ്ങി. കയറ്റുമതിയെയും വിപണിയെയും മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള വിളകള്‍ വര്‍ധിച്ചതാണ് കേരളത്തിലെ ഭക്ഷ്യോത്പാദനത്തെ സാരമായി ബാധിച്ചതെന്നാണ് ഒരു കണ്ടെത്തല്‍.
കേരളത്തില്‍ 1970കളില്‍ ഏഴ് ലക്ഷത്തിലേറെ ഹെക്ടറില്‍ നെല്‍ കൃഷിയുണ്ടായിരുന്നത് ഇപ്പോള്‍ 2.5 ലക്ഷം ഹെക്ടറില്‍ താഴെയായി മാറിയിട്ടുണ്ട്. ഇതില്‍ സിംഹഭാഗവും റബ്ബറും മറ്റ് വാണിജ്യവിളകളും കൃഷി ചെയ്യുന്നതിനായി മാറ്റിയെടുത്ത നെല്‍ പാടങ്ങളാണ്. വാഴത്തോട്ടങ്ങളായി മാറിയ നെല്‍ പാടങ്ങളും കുറവല്ല. പ്രാദേശിക സമൂഹത്തിന്റെ ഭക്ഷ്യധാന്യ ലഭ്യത കുറക്കുകയാണ് വാണിജ്യ വിളകളിലേക്കുള്ള മാറ്റം എന്ന സത്യം അംഗീകരിക്കാതിരിക്കാനും കഴിയില്ല. 2001ലെയും 2011ലെയും സെന്‍സസുകള്‍ക്കിടയില്‍ കേരളത്തില്‍ നഗരവത്കരണത്തില്‍ ഒരു കുതിച്ചുചാട്ടമുണ്ടായതായി കാണാം. നഗര ജനസംഖ്യ 26 ശതമാനത്തില്‍ നിന്ന് 47.1 ശതമാനമായി വര്‍ധിച്ചു. ഗ്രാമങ്ങള്‍ നഗരങ്ങളായി മാറിയപ്പോള്‍ അനുബന്ധ സൗകര്യങ്ങള്‍ക്കായി കൃഷിയിടങ്ങള്‍ വ്യാപകമായി നികത്തുന്ന പ്രവണതയുണ്ടായി. ഇക്കാലയളവിലെല്ലാം കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്കുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് മാറി മാറി വന്ന സര്‍ക്കാറുകള്‍ കാര്യമായ പരിഗണന നല്‍കിയതുമില്ല.
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പുതിയ ഉണര്‍വും ഉന്മേഷവും മുന്നേറ്റവും ഒപ്പം കര്‍ഷകന്റെ സുരക്ഷയും ലക്ഷ്യം വെച്ചുകൊണ്ടുള്ള വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാറുകള്‍ രൂപം നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും ഇതൊന്നും എവിടെയും പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാനായില്ല. ഭക്ഷ്യോത്പാദനം കൂട്ടാതെ ഓരോ വിലക്കയറ്റവും ഏതെങ്കിലുമൊരു ‘ടെക്‌നിക്’ കൊണ്ട് താത്കാലികമായി പിടിച്ചുനിര്‍ത്താനാകുമെങ്കിലും എത്ര കാലം ഇങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യം ഉയര്‍ന്നുകൊണ്ടേയിരിക്കും.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ