സര്‍ക്കാര്‍ ആശുപത്രി വാര്‍ഡ് ഏറ്റെടുത്ത് എസ് വൈ എസ് മാതൃക കാട്ടി

Posted on: July 3, 2014 12:35 am | Last updated: July 3, 2014 at 12:35 am

ചെര്‍പ്പുളശേരി: എസ് വൈ എസ് സോണ്‍ കമ്മിറ്റി ചെര്‍പ്പുളശേരി സര്‍ക്കാര്‍ ആശുപത്രിയിലെ സ്ത്രീ വാര്‍ഡ് ഏറ്റെടുത്ത് നവീകരിച്ചു. പുനര്‍ നിര്‍മിച്ച വാര്‍ഡ് എം ബി രാജേഷ് എം പി മെഡിക്കല്‍ ഓഫീസര്‍ ഡോ നവ്യക്ക് താക്കോല്‍ നല്‍കി നാടിന് സമര്‍പ്പിച്ചു. ഇരുപത് കിടക്കകളുള്ള സ്ത്രീവാര്‍ഡ് മരം വീണ് തകര്‍ന്നത് മൂലം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
മഴക്കാലമായതോടെ ആശുപത്രിയിലെ തിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് മതിയായ സൗകര്യമുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ആതുര ശുശ്രൂഷാലയത്തിന്റെ അടിയന്തരാവശ്യം പരിഹിക്കാന്‍ ധാര്‍മിക സംഘടനയായ എസ് വൈ എസ് മുന്നോട്ടു വന്ന് മാതൃക കാണിച്ചു. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് സംഘടന വാര്‍ഡ് നവീകരിച്ച് നല്‍കുകയായിരുന്നു. ആശുപത്രിയുടെ മേല്‍ക്കൂര പൊളിച്ച് മേയുകയും പെയിന്റിംഗ് നടത്തി ആധുനികവത്കരിക്കുകയും ചെയ്തു. കൂടാതെ ഫര്‍ണീച്ചറുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ പുതുക്കി സ്ഥാപിക്കുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് നടന്ന ലളിതമായ സമര്‍പ്പണ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് അധ്യക്ഷത വഹിച്ചു. എം വി സിദ്ദീഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ചോലക്കല്‍ രാഘവന്‍, ഡോ. സുജേഷ് പങ്കെടുത്തു