റമസാനില്‍ ആര്‍ ടി എക്ക് ജീവകാരുണ്യ ബസ്

Posted on: July 2, 2014 8:25 pm | Last updated: July 2, 2014 at 8:25 pm

rta busദുബൈ: റമസാനില്‍ ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ)ക്ക് ജീവകാരുണ്യ ബസ്. 200 ഓളം കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങളും 1,750 പേര്‍ക്ക് ഇഫ്താര്‍ വിഭവങ്ങളും എത്തിക്കാനാണിതെന്ന് ആര്‍ ടി എ കോര്‍പറേറ്റ് സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ എക്‌സി. ഡയറക്ടര്‍ യൂസുഫ് അല്‍ റിദ അറിയിച്ചു.
അവശത അനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാരിറ്റി ബസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘നിങ്ങളോടൊപ്പം’ (വിത്ത് യു) എന്നതാണ് സന്ദേശം. സി ഇ ഒമാരും ഡയറക്ടര്‍മാരും ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങും.
ഊദ് മുത്തീന, ഖിസൈസ്, അല്‍ ഖൂസ്, എന്നിവിടങ്ങളിലെ 200 കുടുംബങ്ങള്‍ക്കാണ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുക. ഗുബൈബ, ഗോള്‍ഡ് സൂഖ്, ഖിസൈസ് എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകളിലാണ് ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം.
അപകടരഹിതമായ റമസാന്‍ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അല്‍ ഇഹ്‌സാന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രചാരണം നടത്തും. വൈകുന്നേരങ്ങളില്‍ ഇന്റര്‍സെക്ഷനുകളില്‍ ഇഫ്താര്‍ വിഭവങ്ങളുടെ കൂടെ ലഘുലേഖകളും വിതരണം ചെയ്യും.
18-ാമത് ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡുമായി സഹകരിക്കും. ഇവിടെയും പ്രചാരണം നടത്തും.
അനാഥരെ സഹായിക്കുന്ന ദാര്‍ അല്‍ ബിര്‍ സൊസൈറ്റിക്കു വേണ്ടി ആര്‍ ടി എ ജീവനക്കാര്‍ രംഗത്തിറങ്ങും. വേള്‍ഡ് ട്രേഡ് സെന്ററില്‍ ജീവനക്കാര്‍ക്കു വേണ്ടി റമസാന്‍ മജ്‌ലിസ് ഒരുക്കുമെന്നും യൂസുഫ് അല്‍ റിദ അറിയിച്ചു.