Connect with us

Kerala

ചേംബറിന്റെ ചാനല്‍ പേര് മാറ്റി; ടി വി നൗ, ഇനി ടി വി ന്യൂ

Published

|

Last Updated

കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സംപ്രേഷണം ആരംഭിക്കാനിരിക്കുന്ന ടി വി നൗ ചാനല്‍ പേരുമാറ്റി. ടി വി ന്യൂ എന്നായിരിക്കും പുതിയ പേര്. രണ്ട് ദിവസത്തിനകം ഇതു സംബന്ധിച്ച് ചാനല്‍ അധികൃതര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. ജൂലൈ അവസാന വാരം ചാനല്‍ ഔദ്യോഗികമായി സംപ്രേഷണം തുടങ്ങും. ഒരു മാസത്തിലേറെയായി ടെസ്റ്റ് ട്രാന്‍സ്മിഷന്‍ നടന്നുവരുന്നുണ്ട്.

ടി വി നൗ എന്ന പേരിനെതിരെ പ്രമുഖ ദേശീയ ചാനലയായ ടൈംസ് നൗ രംഗത്തെത്തിയതോടെയാണ് പേര് വിവാദത്തിലായത്. ടി വി നൗ എന്നതിന് ടൈംസ് നൗവുമായി സാമ്യമുണ്ടെന്നും അതിനാല്‍ ഈ പേര് പുതിയ ചാനലിന് നല്‍കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ടൈംസ് നൗ കോടതിയെ സമീപിച്ചു. ഈ കേസില്‍ ടി വി നൗവിന് അനുകൂലമായി വിധി വന്നെങ്കിലും ഭാവിയില്‍ മറ്റു പ്രശ്‌നങ്ങള്‍ക്ക് ഇടവെക്കുമോ എന്ന ഭീതിയാണ് പേര് മാറ്റാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.

tv-newപേര് വിവാദത്തിലായതോടെ തന്നെ ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ടി വി നൗ എന്ന പേര് അപ്രത്യക്ഷമായിരുന്നു. വാട്‌സ് ന്യൂ എന്ന ഒരു എംബ്ലമാണ് പേരിന്റെ സ്ഥാനത്ത് ആഴ്ചകളായി നല്‍കിക്കൊണ്ടിരിക്കുന്നത്. ടി വി ന്യൂ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടി വി ന്യൂ എന്ന പേരില്‍ ജിമെയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ചാനലിന്റെ ഔദോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍, ജി ജെയില്‍ പേജുകളെല്ലാം നിലവില്‍ ടി വി നൗ എന്ന പേരിലാണ്. ചാനലിന്റെ പേരില്‍ മാറ്റം വരുന്നതോടെ ഈ അക്കൗണ്ടുകളും മരവിപ്പിക്കേണ്ടിവരും.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ചാനല്‍ സംപ്രേഷണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടര്‍ന്ന് ഇത് നടന്നില്ല. ഇപ്പോള്‍ സാങ്കേതിക, സ്റ്റുഡിയോ സംവിധാനങ്ങളെല്ലാം ഏറെക്കുറേ സജ്ജമായിക്കഴിഞ്ഞു. ജൂലൈ അവസാന വാരം തന്നെ ടി വി ന്യൂ സംപ്രേഷണം തുടങ്ങുന്നതിന് അണിയറ നീക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്.

നേരത്തെ ഇന്ത്യാവിഷന്‍ ന്യൂസ് എഡിറ്ററായിരുന്ന ഭഗത് ചന്ദ്രശേഖരനാണ് ടി വി ന്യൂവിന്റെ സി ഇ ഒ. എക്‌സിക്യുട്ടീവ് എഡിറ്ററും തുടക്കം മുതല്‍ ചാനലിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളുമായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി ടി നാസറും അസോസിയേറ്റ് എഡിറ്റര്‍ അനുരാജും ചാനലില്‍ നിന്ന് അടുത്തിടെ രാജിവെച്ചിരുന്നു. മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് വഴിയൊരുക്കിയത്.

---- facebook comment plugin here -----

Latest