നൈജീരിയ, അള്‍ജീരിയ തോല്‍ക്കാത്തവര്‍ !

Posted on: July 2, 2014 12:49 am | Last updated: July 2, 2014 at 12:50 am

algeriyaബ്രസീല്‍ ലോകകപ്പിന്റെ ഹൃദയം കവര്‍ന്നെടുത്ത് അവര്‍ മടങ്ങി. ആഫ്രിക്കയുടെ വന്യമായ സൗന്ദര്യം മുഴുവന്‍ ലോകത്തിന് സമര്‍പ്പിച്ച നൈജീരിയയും അള്‍ജീരിയയും. ഘാനയും ഐവറികോസ്റ്റും അര്‍ഹതയുണ്ടായിട്ടും നോക്കൗട്ടിന്റെ സമ്മര്‍ദ കളി ആരംഭിക്കും മുമ്പെ ബ്രസീലില്‍ നിന്ന് മടങ്ങിയപ്പോള്‍ ആഫ്രിക്കയുടെ കരുത്തറിയിക്കാന്‍ നൈജീരിയയും അള്‍ജീരിയയും സ്‌ഫോടനാത്മക പ്രകടനം ബാക്കിവെച്ചു. ഫ്രാന്‍സിനെതിരെ ഒട്ടും പിറകിലല്ലാത്ത ഫുട്‌ബോള്‍ കാഴ്ചവെച്ച നൈജീരിയ തോറ്റു. ജര്‍മനിക്കെതിരെ അള്‍ജീരിയക്കും സംഭവിച്ചത് അത് തന്നെ. കൈവശമുള്ള എല്ലാ കളിയും അവര്‍ പുറത്തെടുത്തു. ജയിക്കാനുള്ള കളിയൊഴിച്ച്. യൂറോപ്പുകാര്‍ ബുദ്ധികൊണ്ട് കളിച്ചപ്പോള്‍ ആഫ്രിക്ക വൈകാരികമായിട്ടായിരുന്നു പന്ത് തട്ടിയത്. ഗോളിന് തൊട്ട് മുന്നിലെത്തുമ്പോള്‍ അവര്‍ക്ക് മുന്നില്‍ വലിയൊരു ലോകം തുറക്കപ്പെടുന്നു. ആ മായാ പ്രപഞ്ചത്തിന്റെ സമ്മര്‍ദം താങ്ങാനാകാതെ ആഫ്രിക്കക്കാര്‍ ഗോളടിക്കുന്നതില്‍ നിന്ന് പിന്നാക്കം പോയതാകാം. അതുമല്ലെങ്കില്‍, റഫറിയുടെ കളിയാകാം..!
നൈജീരിയയെ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കീഴടക്കിയത്. ജര്‍മനി അള്‍ജീരിയക്കാരെ വീഴ്ത്തിയത് 2-1നും.
ഗ്രൂപ്പ് റൗണ്ടില്‍ ഇറാനെതിരെ ഗോള്‍രഹിത സമനിലയായ നൈജീരിയ രണ്ടാം മത്സരത്തില്‍ എഡിന്‍ സെക്കോയെ പോലുള്ള പ്രമുഖര്‍ അണിനിരന്ന ബോസ്‌നിയയെ ഏക ഗോളിന് വീഴ്ത്തി. അര്‍ജന്റീനയെ വിറപ്പിച്ച ബോസ്‌നിയയെ മറികടന്ന നൈജീരിയ അവസാന മത്സരത്തില്‍ അവരുടെ കരുത്ത് മുഴുവന്‍ കാണിച്ചു. മെസി വെട്ടിത്തിളങ്ങിയിട്ടും അര്‍ജന്റീനയുടെ സ്വസ്ഥത അവര്‍ കെടുത്തി. 3-2നായിരുന്നു നൈജീരിയ തോറ്റത്. രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക്. ദിദിയര്‍ ദെഷാംസിന്റെ പുകള്‍പെറ്റ ഫ്രഞ്ച് നിരക്കെതിരെ പൊരുതാനുറച്ചായിരുന്നു നൈജീരിയ പ്രീക്വാര്‍ട്ടറിന് ഇറങ്ങിയത്.
ഫ്രാന്‍സ് 4-3-3 ശൈലിയില്‍ അറ്റാക്കിംഗിന്. മറുപടി നല്‍കാന്‍ നൈജീരിയ 4-2-3-1 ലും. ഫ്രഞ്ച് മുന്നേറ്റത്തില്‍ കരീം ബെന്‍സിമ, ജിറൂദ് വല്‍ബ്യൂന. മധ്യനിരയില്‍ മാറ്റിയൂഡി, കബായെ, പോഗ്ബ. ഡിഫന്‍സില്‍ എവ്‌റ, കോസിന്‍ലെ, വരാനെ, ഡെബൂചി. യൂറോപ്യന്‍ ഫുട്‌ബോളിലെ താരവാഴ്ച തന്നെ ഫ്രഞ്ച് നിരയില്‍ കാണാം. സ്റ്റീഫന്‍ കെഷിയുടെ നിരയിലെ നട്ടെല്ല് ഗോളി എനിയേമയാണ്. പിന്നെ മെസിക്ക് മറുപടി കൊടുത്ത മൂസയും. ആംബ്രോസ്, യോബോ, ഓമെറു, ഒഷാനിവ, ഒനാസി, മിഖേല്‍, ഒഡെന്‍വിഗി, വിക്ടര്‍ മോസസ്, എമിനികെ എന്നിവരെല്ലാം അവസാനം വരെ പൊരുതുന്നവര്‍.
ഫ്രാന്‍സിന്റെ ഗോള്‍ ആഘോഷം വൈകിപ്പിച്ച് എനിയേമ കൂട്ടുകാരുടെ ആത്മവീര്യം കെടാതെ സൂക്ഷിച്ചു. നൈജീരിയ കടന്നല്‍കൂടിളകിയതു പോലെ ഫ്രഞ്ച് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയപ്പോള്‍ യൂറോപ്പുകാരുടെ മുഖം വാടി. നൈജീരിയ…നൈജീരിയ ! ശബ്ദവീചികള്‍ സ്റ്റേഡിയത്തിലെ അന്തരീക്ഷത്തില്‍ അലയടിച്ചു. ഇതിനിടെ, ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് നൈജീരിയുടെ മിഡ്ഫീല്‍ഡര്‍ ജോണ്‍ ഒബി മിഖേലിനെ കൈമുട്ടുകൊണ്ട് മനപ്പൂര്‍വം ഇടിച്ചു. ടീ വി റീപ്ലേയില്‍ കുറ്റകൃത്യം വ്യക്തമായിരുന്നു. റഫറി പക്ഷേ, താക്കീത് നല്‍കി വിടുകയാണുണ്ടായത്. ഇതേ കുറ്റം കാമറൂണിന്റെ അലക്‌സ് സോംഗ് ക്രൊയേഷ്യയുടെ മാന്‍ഡുകിചിനെതിരെ പുറത്തെടുത്തപ്പോള്‍ റഫറി പോക്കറ്റില്‍ നിന്ന് റെഡ് കാര്‍ഡ് ഉയര്‍ത്തി. ജിറൂദിന് റെഡ് കാര്‍ഡ് കാണിക്കണമായിരുന്നു. റഫറി ഇടനിലക്കാരനെ പോലെ പ്രശ്‌നം ഒത്തുതീര്‍ക്കുന്ന കാഴ്ച ! നൈജീരിയന്‍ മിഡ്ഫീല്‍ഡിനെ മിഖേലിനൊപ്പം നിയന്ത്രിച്ച ഒഗെനി ഒനാസിയെ ഫ്രഞ്ച് താരങ്ങളായ പോഗ്ബയും മറ്റിയൂഡിയും അപകടകരമാംവിധം ടാക്കിള്‍ ചെയ്തു. മറ്റിയൂഡിയുടേത് ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്ന ഫൗളായിരുന്നു. കാല്‍പാദത്തിന് മുകളില്‍ മറ്റിയൂഡി ചവിട്ട്. കാലൊടിഞ്ഞ് ഒനാസി കളത്തിന് പുറത്തേക്ക്. അമേരിക്കയുടെ റഫറി മാര്‍ക് ഗീഗറിന്റെ കണ്‍മുന്നില്‍ വെച്ചായിരുന്നു ഇത് സംഭവിച്ചത്. മറ്റിയൂഡി ശിക്ഷിക്കപ്പെട്ടില്ല. ഫ്രാന്‍സ് പത്ത് പേരായി ചുരുങ്ങേണ്ട രണ്ട് അവസരങ്ങളാണ് നൈജീരിയക്ക് നിഷേധിക്കപ്പെട്ടത്.
എഴുപത്തെട്ടാം മിനുട്ടിലായിരുന്നു ഫ്രാന്‍സിന്റെ ഗോള്‍. നൈജീരിയന്‍ ഗോളി എനിയേമക്ക് ആദ്യമായി പിഴച്ചപ്പോള്‍ പന്ത് പോഗ്ബക്ക് അനായാസ ഹെഡര്‍ ഗോളൊരുക്കി. ഇഞ്ചുറി ടൈമില്‍ ജോസ്ഫ് യോബോയുടെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് 2-0ന് ക്വാര്‍ട്ടര്‍ ഉറപ്പാക്കി.

ജര്‍മനിയെ തുണച്ചത് പരിചയ സമ്പത്ത്
ജോക്വം ലോയുടെ ജര്‍മനി അനായാസ ജയം ഉറപ്പിച്ചാണ് അള്‍ജീരിയക്ക് മുന്നിലെത്തിയത്. 4-3-3 ശൈലിയില്‍ ജര്‍മനി അണിനിരന്നപ്പോള്‍ അള്‍ജീരിയ അഞ്ച് ഡിഫന്‍ഡര്‍മാരെ കരുതിവെച്ചു. മധ്യനിരയില്‍ നാല് പേരും. ഗോളടിക്കാനുള്ള മുഴുവന്‍ സമയ ചുമതല ഒരാള്‍ക്ക് മാത്രം- സ്ലിമാനിക്ക്. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ജര്‍മനിക്ക് അള്‍ജീരിയയുടെ പ്രതിരോധപ്പൂട്ട് തകര്‍ക്കാന്‍ തൊണ്ണൂറ് മിനുട്ട് തികഞ്ഞില്ല. അധിക സമയത്ത് പകരക്കാരന്‍ ആന്ദ്രെ ഷുറെലാണ് (92ാം മിനുട്ടില്‍) ജര്‍മന്‍ ക്യാമ്പില്‍ ശ്വാസം വീഴ്ത്തിയത്. മനോഹരമായ ബാക് ഹീല്‍ ഗോള്‍. ജര്‍മന്‍ ആധിപത്യമായിരുന്നു പിന്നീട്. 119താം മിനുട്ടില്‍ മെസുറ്റ് ഒസിലിന്റെ ഇടങ്കാലനടിയില്‍ അള്‍ജീരിയന്‍ ഗോളി റെയ്‌സ് ബോല്‍ഹി വീണ്ടും കീഴടങ്ങി. അള്‍ജീരിയന്‍ പോരാട്ടം അവസാനിച്ചെന്ന് കരുതിയ ജര്‍മനിയെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത നിമിഷം ജാബോയിലൂടെ ഗോള്‍ പിറന്നു. 120 ാം മിനുട്ടിലെ ഗോള്‍ വൈകിപ്പോയിരുന്നു. രണ്ടോ മൂന്നോ പാസുകള്‍ നടത്താന്‍ മാത്രം സമയം ബാക്കി നില്‍ക്കെ അള്‍ജീരിയ ലോംഗ് പാസിലൂടെ അവസാന ശ്രമം നടത്തി. ഹെഡര്‍ ഗോള്‍ സംഭവിച്ചെന്ന് തോന്നിയ നിമിഷം. ഇല്ല, ജര്‍മനി സുരക്ഷിതം. ആദ്യ അര മണിക്കൂറിലും പിന്നീട് ചില ഇടവേളകളിലും അള്‍ജീരിയ ജര്‍മന്‍ മുഖത്ത് നടത്തിയ ആക്രമണം ഗോളാകാതെ പോയത് പ്രതിരോധനിരയുടെ മികവ് കൊണ്ടായിരുന്നില്ല. ഗോളി ന്യൂവര്‍ സ്വീപ്പറുടെ റോളില്‍ തിളങ്ങിയതും അള്‍ജീരിയന്‍ ഫിനിഷിംഗിലെ പോരായ്മയും. രണ്ടാം പകുതിയില്‍ ജര്‍മനി മത്സരം വരുതിയിലാക്കി.

മാനുവല്‍ ന്യുവര്‍
സ്വീപ്പര്‍-കീപ്പറായി തിളങ്ങി
ജര്‍മന്‍ ഫുട്‌ബോളിലെ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബൊവറും ലോതര്‍ മത്തേയസും സ്വീപ്പര്‍ റോളില്‍ ലോകഫുട്‌ബോള്‍ കാല്‍ക്കീഴിലാക്കിയവരാണ്. അള്‍ജീരിയക്കെതിരെ ഗോളി മാനുവല്‍ ന്യുവര്‍ അവരുടെ നിരയിലേക്ക് ഉയരുന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ പ്രശംസ ചൊരിഞ്ഞു. അതിന് കാരണം ഡസനിലേറെ വരുന്ന അള്‍ജീരിയന്‍ പ്രത്യാക്രമണങ്ങളുടെ മുനയൊടിച്ചത് ബോക്‌സ് വിട്ടിറങ്ങി കളിച്ച ന്യുവറായിരുന്നു. പലതും സാഹസിക നീക്കങ്ങളായിരുന്നു. പന്തിന്‍മേലുള്ള നിയന്ത്രണത്തിലും മറ്റും താന്‍ ടീമിലെ മിഡ്ഫീല്‍ഡര്‍മാര്‍ക്കൊപ്പം തന്നെയെന്ന് ന്യുവര്‍ തെളിയിച്ചു. യൊഹാന്‍ ക്രൈഫിന്റെ പ്രശസ്തമായ ക്രൈഫ് തിരിച്ചിലും ന്യുവറിന്റെ ആവനാഴിയിലുണ്ടായിരുന്നു. അള്‍ജീരിയന്‍ ഗോളി ഫിലിപ് ലാമിന്റെ ക്ലോസ് ഹെഡ്ഡറും ടോണി ക്രൂസിന്റെയും ഒസിലിന്റെയും വെടിച്ചില്ല് ഷോട്ടുമൊക്കെ പുഷ്പം പോലെ തട്ടിമാറ്റുമ്പോള്‍ ന്യുവറിന്റെ തിളക്കം ഹിഗ്വിറ്റയെ അനുസ്മരിപ്പിക്കും വിധം സ്വീപ്പര്‍-കീപ്പര്‍ റോളിലായിരുന്നു.

ജര്‍മനി മിക്കി മൗസ് ടീം
ജര്‍മനിയുടെ ഡിഫന്‍ഡര്‍ പെര്‍ മെര്‍റ്റെസാക്കര്‍ അള്‍ജീരിയക്കെതിരായ മത്സരശേഷം ടീമിനെ വിശേഷിപ്പിച്ചത് മിക്കി മൗസ് ടീം എന്നാണ്. ആദ്യ ഗോള്‍ നേടിയ ആന്ദ്രെ ഷുറെലും സ്വന്തം ടീമിന്റെ പ്രകടനത്തെ പഴിച്ചു. അള്‍ജീരിയ ഉന്നത നിലവാരമുള്ള ഗെയിമാണ് പുറത്തെടുത്തത്. ഭാഗ്യത്തിന്റെ സഹായം കൂടിയുണ്ടായിരുന്നു തന്റെ ഗോളിന്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെയാണ് നേരിടേണ്ടത്.
മെച്ചപ്പെട്ടില്ലെങ്കില്‍ സെമി കാണാതെ പുറത്താകേണ്ടിവരുമെന്നും ഷുറെല്‍ മുന്നറിയിപ്പ് നല്‍കുന്നു.അള്‍ജീരിയക്കെതിരെ ജര്‍മന്‍ നിരയുടെ ദൗര്‍ബല്യം വ്യക്തമായെന്ന് കോച്ച് ജോക്വം ലോ. ഇത് പരിഹരിക്കും. ക്വാര്‍ട്ടറില്‍ കുറേക്കൂടി മെച്ചപ്പെട്ട ജര്‍മനിയെ കാണാം -ലോ.ആദ്യ ലൈനപ്പിലെ സെലക്ഷനാകും ജര്‍മന്‍ കോച്ചിനെ ഏറെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുക. പരുക്ക് മാറിയെത്തിയ ഷൈ്വന്‍സ്റ്റിഗര്‍ ശരാശരി പ്രകടനമാണ് കാഴ്ചവെക്കുന്നത്. മരിയോ ഗോസെയും നിരാശപ്പെടുത്തി. സമി ഖെദീറ, ജൂലിയന്‍ ഡ്രാക്‌സലര്‍, ആന്ദ്രെ ഷുറെല്‍ ബെഞ്ചില്‍ നിന്ന് വന്ന് പുറത്തെടുക്കുന്ന പ്രകടനമാണ് ജര്‍മനിയെ ഉണര്‍ത്തുന്നത്.