വിവരം ചോര്‍ത്തല്‍: സര്‍കോസി കസ്റ്റഡിയില്‍

Posted on: July 2, 2014 12:38 am | Last updated: July 2, 2014 at 12:39 am

sarkozy

പാരീസ്: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജഡ്ജിയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍കോസിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പാരീസിനടുത്ത നാന്റെഴില്‍ വെച്ചാണ് സര്‍കോസിയെ അപ്രതീക്ഷിതമായി കസ്റ്റഡിയിലെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിനെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ജഡ്ജിയില്‍ നിന്ന് സര്‍കോസി വിവരങ്ങള്‍ ആവശ്യപ്പെട്ടത്. 2017ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചുവരവിനൊരുങ്ങുന്ന സര്‍കോസിക്ക് ഇത് വന്‍ തിരിച്ചടിയാണ്.
തിരഞ്ഞെടുപ്പ് ഫണ്ടിംഗ് അന്വേഷണത്തെ കുറിച്ച് വിവരം നല്‍കിയാല്‍ മൊണോകോ ജഡ്ജി ഗില്‍ബര്‍ട്ട് അസിബെര്‍ട്ടിന് ഉയര്‍ന്ന പദവി ലഭ്യമാക്കുമെന്ന വാഗ്ദാനമാണ് 2007- 12 കാലയളവില്‍ പ്രസിഡന്റായിരിക്കെ സര്‍കോസി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ ചോര്‍ത്തുന്നുവെന്ന മുന്നറിയിപ്പ് സര്‍കോസിക്ക് ചോര്‍ന്ന് കിട്ടിയെന്ന ആരോപണവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അപ്പീല്‍ കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ അസിബെര്‍ട്ടിനെയും മറ്റൊരു ജഡ്ജി പാട്രിക് സസൗസ്തിനെയും തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതാദ്യമായാണ് മുന്‍ ഭരണത്തലവന്‍ കസ്റ്റഡിയിലാകുന്നത്. 24 മണിക്കൂറാണ് ആദ്യം കസ്റ്റഡിയില്‍ വെക്കുകയെങ്കിലും ഇത് ദീര്‍ഘിപ്പിക്കാം. സര്‍കോസിയുടെ പാര്‍ട്ടിക്കാര്‍ പ്രതിഷേധ റാലി നടത്തിയിട്ടുണ്ട്.
ഈ കേസിലെ അന്വേഷണം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. പ്രചാരണത്തിന് ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി ഫണ്ട് നല്‍കിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത ഡയറികളിലെ വിവരങ്ങള്‍ അന്വേഷിക്കുന്നതിന് തീരുമാനമെടുത്തോയെന്ന നീതിന്യായ നടപടികളെ സംബന്ധിച്ച വിവരങ്ങളാണ് സര്‍കോസി ജഡ്ജിയില്‍ നിന്ന് തേടിയത്. ഡയറികള്‍ തിരിച്ച് നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കോടതി ഉത്തരവിട്ടിരുന്നു.