രാജ്യത്ത് പ്രതിദിനം 93 സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുന്നതായി റിപ്പോര്‍ട്ട്

Posted on: July 2, 2014 12:26 am | Last updated: July 2, 2014 at 12:26 am

rapeചെന്നൈ: രാജ്യത്ത് പ്രതിദിനം 93 സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍ സി ആര്‍ ബി). സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ വന്‍വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തില്‍ ഉണ്ടായതെന്നാണ് എന്‍ സി ആര്‍ ബി കണക്കുകള്‍ വ്യക്തമാക്കുന്നത്.

2002ല്‍ രാജ്യവ്യാപകമായി മൊത്തം 24,923 ബലാത്സംഗ കേസുകളാണ് റിപോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ 2013ല്‍ ഇതിന്റെ എണ്ണം 33,707 ആയി വര്‍ധിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ദേശവ്യാപക പ്രതിഷേധത്തിനിടയാക്കിയ പീഡന കേസിനെ തുടര്‍ന്നും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ഇവിടെ കുറവുണ്ടായിട്ടില്ല. 2012ല്‍ 585 കേസുകളാണ് രാജ്യതലസ്ഥാനത്ത് പീഡനവുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് ചെയ്തിരുന്നത്.
2013ല്‍ എത്തിയപ്പോഴേക്കും ഇതിന്റെ എണ്ണം 1,441 ആയി വര്‍ധിച്ചു. തൊട്ടുപിറകില്‍ മുംബൈയാണ്, 391 കേസുകള്‍. ജയ്പൂര്‍ 192, പൂനെ 171 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ ഏറ്റലും കൂടുതല്‍ ബലാത്സംഗം നടന്ന സംസ്ഥാനം മധ്യപ്രദേശാണ്. കഴിഞ്ഞ ഒറ്റ വര്‍ഷത്തില്‍ 4,335 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അഞ്ച് പേര്‍ ചേര്‍ന്ന് 14 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയിരുന്നു. കഴിഞ്ഞ മാസം ഗോത്ര വര്‍ഗ പെണ്‍കുട്ടിയും ഇവിടെ പീഡനത്തിരയായിരുന്നു. മധ്യപ്രദേശിന് തൊട്ടുപിറകില്‍ രാജസ്ഥാനും(3285) മഹാരാഷ്ട്രയും(3063)ഉത്തര്‍പ്രദേശും(3050) ആണ്. തമിഴ്‌നാട്ടില്‍ മൊത്തം 923 ബലാത്സംഗ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. അതായത് ഒരു ദിവസം മൂന്ന് കേസുകള്‍ വീതം ഇവിടെ സ്ത്രീകള്‍ക്കെതിരെ ഉണ്ടായി. മൊത്തം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 94 ശതമാനവും ഇരകള്‍ക്ക് പരിചയമുള്ളവരാണ് പീഡനത്തില്‍ പങ്കാളികളായിരിക്കുന്നത്. ഇതില്‍ അയല്‍വാസികള്‍ ഉള്‍പ്പെട്ട കേസുകള്‍ 10,782 ഉം കുടുംബക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ 2315ഉം രക്ഷിതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ 539 ഉം ആണ്. അതുപോലെ ഇരകളില്‍ ഭൂരിഭാഗവും 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. 15,556 കേസുകളും ഈ ഇനത്തില്‍ പെട്ടതാണ്. 14നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കെതിരെ 8,887 പീഡനങ്ങളും റിപോര്‍ട്ട് ചെയ്യുന്നു.