സേവാ കേന്ദ്രത്തില്‍ സര്‍വര്‍ തകരാറിലായി അപേക്ഷിക്കാനെത്തിയവര്‍ ബഹളം വെച്ചു

Posted on: July 1, 2014 11:12 am | Last updated: July 1, 2014 at 11:12 am

passport seva kendramമലപ്പുറം: പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് അപേക്ഷിക്കാനെത്തിയവരും സേവാ കേന്ദ്രത്തിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റം. സേവാകേന്ദ്രത്തിലെ സി സെഷനിലെ കമ്പ്യൂട്ടറുകളാണ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇന്നലെ പണിമുടക്കിയത്. ഇന്നലെ രാവിലെ മുതല്‍ സേവാകേന്ദ്രത്തിന് പുറത്ത് നില്‍ക്കുന്ന അപേക്ഷകരോട് വൈകുന്നേരം വരാന്‍ പറഞ്ഞ് സ്ലിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ സര്‍വര്‍ തകരാറ് സംഭവിച്ചത് അപേക്ഷകരെ അറിയിച്ചിരുന്നില്ല. ഉച്ച തിരിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അപേക്ഷകരോട് വ്യാഴാഴ്ചയോ, വെള്ളിയാഴ്ചയോ രാവിലെ 11 മണിക്ക് മുമ്പ് വരാന്‍ പറയുകയായിരുന്നു. ഈ സമയത്താണ് അപേക്ഷകര്‍ സര്‍വര്‍ തകരാറിലാണെന്ന് അറിയുന്നത്. ഇതിനെ തുടര്‍ന്ന് തകരാറിലാണെങ്കില്‍ ഇത് നേരെത്തെ അറിയിക്കാമായിരുന്നില്ലേ എന്ന് പറഞ്ഞ് അപേക്ഷകര്‍ ബഹളം വെച്ചു. അപേക്ഷകര്‍ സെക്യൂരിറ്റി ജീവനക്കാരെ തള്ളി അകത്തേക്ക് കയറി. എന്നാല്‍ വൈകിട്ട് നാലോടെ പ്രശ്‌നം പരിഹരിച്ച് കാത്തുനിന്നവരുടെ അപേക്ഷകള്‍ പരിഗണിച്ചു. ബാക്കിയുള്ളവര്‍ക്ക് പിന്നീട് സമയം നിശ്ചയിച്ച് നല്‍കി.