Connect with us

Editorial

പൊതുജനത്തിന് പിന്നെയും പ്രഹരം

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയ കടുത്ത നടപടികള്‍ ഒന്നൊന്നായി നടപ്പിലാകുകയാണ്. തീവണ്ടിക്കൂലി വര്‍ധനവിന് പിന്നാലെ പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കാനുള്ള നീക്കം തുടങ്ങി. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ ശിപാര്‍ശയിന്മേലാണ് എല്‍ പി ജി സിലിന്‍ഡറിന് അഞ്ച് രൂപയും മണ്ണെണ്ണക്ക് ഒരു രൂപയും വര്‍ധിപ്പിക്കാനുള്ള ആലോചന. ഡീസലിന്റെ കാര്യത്തില്‍ യു പി എ സര്‍ക്കാര്‍ അനുവര്‍ത്തിച്ചത് പോലെ പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും നിരക്കില്‍ മാസം തോറും വര്‍ധന വരുത്തി സബ്‌സിഡി പൂര്‍ണമായും എടുത്തു കളയുകയാണ് ലക്ഷ്യം. ഇറാഖിലെ ആഭ്യന്തര യുദ്ധം ആഗോള വിപണിയിലുണ്ടാക്കിയ എണ്ണ വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പെട്രോളിന്റെ വിലവര്‍ധനവും എണ്ണക്കമ്പനികളുടെ പരിഗണനയിലുണ്ട്.
ധനക്കമ്മി നിയന്ത്രിച്ചു രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റുകയാണ് പെട്രോള്‍ ഉത്പന്നങ്ങളുടെ സബ്‌സിഡി ഘട്ടം ഘട്ടമായിഎടുത്തുകളയുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് സര്‍ക്കാറിന്റെ ന്യായീകരണം. എന്നാല്‍ ധനകമ്മിയുടെ പെരുപ്പം തടയാന്‍ സബ്‌സിഡി വെട്ടിക്കുറവല്ലാതെ സര്‍ക്കാറിന്റെ മുമ്പില്‍ വേറെ വഴികളില്ലേ? കോര്‍പറേറ്റുകളുടെ നികുതി വെട്ടിപ്പ് തടയുക, സ്വിസ് ബേങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുപിടിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലുടെ പരിഹരിക്കാവുന്നതേയുള്ളു നിലവിലെ സാമ്പത്തിക പ്രതിസന്ധി. നികുതി വെട്ടിച്ചു രാജ്യത്തെ ധനാഢ്യര്‍ സ്വിസ് ബേങ്കുകളില്‍ നിക്ഷേപിച്ച തുക 14,000 കോടി രൂപ വരുമെന്നാണ് ഈയിടെ സ്വിസ് അധികൃതര്‍ വ്യക്തമക്കിയത്. രാജ്യത്തെ നികുതിയിനത്തിലെ കുടശ്ശിക 4,36,741 കോടി രൂപയാണ്. ഇതിലേറെയും കോര്‍പറേറ്റുകളില്‍ നിന്നും വന്‍കിട സമ്പന്നരില്‍ നിന്നും ലഭിക്കാനുള്ളതാണ്. ഇതിലൊന്നും കൈ വെക്കാതെ സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളോട് നടത്തിയ വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണ്. നേരത്തെ യു പി എ സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി വെട്ടിക്കുറച്ചപ്പോള്‍ ശക്തിയായി പ്രതിഷേധിക്കുകയും ധനക്കമ്മി പരിഹരിക്കാന്‍ സാധാരണക്കാരന് അധിക ഭാരം വരാത്ത നടപടികള്‍ കൈക്കൊള്ളണമെന്ന് ഉപദേശിക്കുകയും ചെയ്തവരാണ് ബി ജെ പിയും സഖ്യകക്ഷികളും.
ധനക്കമ്മി പരിഹരിക്കുന്നതിലുപരി രാജ്യത്തെ എണ്ണക്കമ്പനികളോടുള്ള കടപ്പാട് തീര്‍ക്കുകയാണ് വിലവര്‍ധനവിന് പിന്നിലെ യഥാര്‍ഥ താത്പര്യം. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് റിലയന്‍സിനെപ്പോലുള്ള കോര്‍പറേറ്റുകള്‍ കൈയയച്ചു സംഭാവന നല്‍കിയിട്ടുണ്ടെന്നത് രഹസ്യമല്ല. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഇത് തിരിച്ചു പിടിക്കാന്‍ സാഹചര്യമൊരുക്കുമെന്ന പ്രതീക്ഷയിലാണ് കോര്‍പറേറ്റുകളുടെ സഹായം. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന കൂടുതല്‍ ഗുണം ചെയ്യുന്നത് റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്കാണ്. ആഭ്യന്തരമായി പെട്രോളിയം ഉത്പന്നങ്ങള്‍ ഖനനം ചെയ്‌തെടുക്കുന്നത് മുഖ്യമായും റിലയന്‍സാണ്. കൂടിയ വിലക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ അതേ വിലയാണ് കുറഞ്ഞ ചെലവില്‍ രാജ്യത്തിനകത്ത് നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ഉത്പന്നങ്ങള്‍ക്കും അവര്‍ ഈടാക്കുന്നത്. വില ഇനിയും വര്‍ധിക്കുന്നതോടെ അവരുടെ ലാഭം കുത്തനെ ഉയരുകയും തിരഞ്ഞെടപ്പ് ഫണ്ടിലേക്ക് നല്‍കിയതിന്റെ അനേക മടങ്ങ് തിരിച്ചു പിടിക്കാന്‍ സാധ്യമാകുകയും ചെയ്യുന്നു. വിലനിയന്ത്രണവും സബ്‌സിഡിയും ഇല്ലാതാകുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളോട് നന്നായി മത്സരിക്കാനും ഇവര്‍ക്ക് അവസരമൊരുക്കും.
സബ്‌സിഡി പൂര്‍ണമായി എടുത്തുകളയുന്നത് ജനങ്ങളില്‍ ബഹുഭൂരിഭാഗവും ദാരിദ്ര്യ രേഖക്ക് താഴെ വരുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ പ്രയോഗികമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്. സമ്പന്ന രാജ്യങ്ങളായ അമേരിക്കയിലും, യൂറോപ്യന്‍ യൂനിയനിലും, ആസ്‌ട്രേലിയ, ചൈന അടക്കമുള്ള പല ഏഷ്യന്‍ രാജ്യങ്ങളിലും സബസിഡി ഇപ്പോഴും തുടരുന്നുണ്ട്. സാമൂഹിക ക്ഷേമ പദ്ധതികള്‍ വിപുലപ്പെടുത്തിയും സബ്‌സിഡി നിലനിര്‍ത്തിയും സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തിയ ശേഷമായിരിക്കണം ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ അത് എടുത്തുകളയുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടത്. അതീവ സമ്പന്നര്‍ക്ക് പ്രത്യേക നികുതി, ഭരണ മേഖലയില്‍ കര്‍ശനമായ ചെലവ് ചുരുക്കല്‍ തുടങ്ങിയ നടപടികളിലൂടെയാണ് ഈയിടെ അമേരിക്ക സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചത്. സബ്‌സിഡി വെട്ടിക്കുറച്ച് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും നടുവൊടിക്കുന്നതിന് പകരം ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാനുള്ള ആര്‍ജവമാണ് പുതിയ സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.