Connect with us

Gulf

ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: കാന്തപുരം 10നും പേരോട് 17നും പ്രഭാഷണം നടത്തും

Published

|

Last Updated

kanthapuamദുബൈ: 18-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി നടക്കുന്ന റമസാന്‍ പ്രഭാഷണങ്ങളുടെ പട്ടിക ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പുറത്തിറക്കി. ജൂണ്‍ 29 മുതല്‍ ജൂലൈ 19 വരെയുള്ള ദിവസങ്ങളിലാണ് അന്താരാഷ്ട്ര പ്രശസ്തരായ പണ്ഡിതരുടെ പ്രഭാഷണ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ദുബൈ ചേംബര്‍ ഓഡിറ്റോറിയം, ദുബൈ വിമന്‍സ് അസോസിയേഷന്‍ ഓഡിറ്റോറിയം, ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രഭാഷണം നടക്കുക.
ചേംബര്‍ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 29മുതല്‍ ജുലൈ നാല് വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന അറബി പ്രഭാഷണത്തില്‍ ശൈഖ് സ്വാലിഹ് അല്‍ മഗാമസി, ഡോ. ഉമര്‍ അബ്ദുല്ല അല്‍ കാഫി, ഡോ. വലീദ് ഫതീഹി, ഡോ. അറബി കശാത്ത്, ഡോ. അബ്ദുര്‍റസാഖ് അല്‍ ഇബാദ്, ശൈഖ് സഅദ് ബിന്‍ അതീഖ് എന്നിവരാണ് പങ്കെടുക്കുന്നത്.
അറബി ഇതര ഭാഷകളിലെ പ്രഭാഷണം ഇക്കൊല്ലവും ഒരുക്കിയിട്ടുണ്ട്. മലയാളത്തിനു പുറമെ ബംഗാളി, തമിഴ് ഭാഷകളിലാണ് പ്രഭാഷണം ഉണ്ടാവുക. മലയാളത്തില്‍ നടക്കുന്ന പ്രഭാഷണത്തില്‍ ജൂലൈ പത്ത് വ്യാഴാഴ്ച അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ജൂലൈ 17ന് വ്യാഴാഴ്ച പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും പ്രഭാഷണം നടത്തും. തറാവീഹിന് ശേഷം ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. ജൂലൈ 11ന് എം എം അക്ബര്‍, 12ന് അബ്ദുല്‍ ഹമീദ് ഫൈസി, 19ന് നൗഷാദ് അസനാര്‍ ബാഖവി എന്നിവരും പ്രഭാഷണം നടത്തും. ജൂലൈ ഒമ്പതിനാണ് ബംഗാളി ഭാഷയിലുള്ള പ്രഭാഷണം. തമിഴ് പരിപാടി ജൂലൈ 18നും.
വിശുദ്ധ ഖുര്‍ആന്‍ പ്രകാശം എന്നതാണ് കാന്തപുരത്തിന്റെ പ്രഭാഷണ വിഷയം. വിശുദ്ധ ഖുര്‍ആന്‍ സമത്വത്തിന് സമാധാനത്തിന് എന്ന വിഷയത്തില്‍ പേരോടും പ്രഭാഷണം നടത്തും.