Connect with us

Malappuram

മുജീബുര്‍റഹ്മാന്‍ കൊലപാതകം: അന്വേഷണത്തിനെതിരെ വ്യാപക പരാതി

Published

|

Last Updated

വണ്ടൂര്‍: കുടുംബ വഴക്കിനിടെ ഭാര്യയുടെ വലിയുമ്മയുടെ വീട്ടില്‍ നിന്നുണ്ടായ അക്രമത്തില്‍ മരുമകന്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് വ്യാപക പരാതി. അന്വേഷണ ഉദ്യോഗസ്ഥന്‍ മാറിയതോടെ കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.
കൂരാട് തെക്കുംപുറം സ്വദേശി വലിയപീടിക മുജീബ്(42)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി പത്തിനായിരുന്നു നാടിനെ നടുക്കിയ സഭവം. മക്കളെ കാണാന്‍ ഭാര്യമാതാവിന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ട മുജീബിനെ ഒരുമിച്ചുകൂടിയവര്‍ ചേര്‍ന്ന് അടിച്ചും എറിഞ്ഞും കൊല്ലുകയായിരുന്നു. മുജീബിന്റെ ആക്രമത്തില്‍ ഭാര്യമാതാവ് പാത്തുണ്ണി(68), മക്കളായ സി ടി പി ഉണ്ണിമൊയ്തീന്‍(46), അബ്ദുല്‍മജീദ്(40) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
സംഭവത്തില്‍ പത്ത് പേരെയാണ് കേസ് ആദ്യം അന്വേഷിച്ചിരുന്ന അന്നത്തെ സിഐ ആയിരുന്ന മൂസ വള്ളിക്കാടന്‍ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എറിയാട് സ്വദേശി അമ്പാഴത്തില്‍ ആശിഖ്‌റോഷന്‍ എന്ന റോസ്‌മോന്‍ (23), വണ്ടൂര്‍ താഴെകാപ്പിച്ചാല്‍ ഇറ്റ്‌ലിയത്ത് അബ്ദുല്‍മജീദ് എന്ന പാറ മജീദ് (39) എന്നിവരെയാണ് വണ്ടൂര്‍ സി ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് നടക്കാവിലേക്ക് സ്ഥലം മാറ്റി. നേരത്തെ നിലമ്പൂരില്‍ സി ഐ ആയിരുന്ന ഷാജിയെയാണ് പിന്നീട് നിയമിച്ചത്. മുജീബിന്റെ വധം കൊലപാതകമായി കാണാനാകില്ലെന്നാണ് സി ഐ ഷാജിയുടെ നിലപാട്. അതെസമയം അടികൊണ്ട് മുജീബ് നിലത്ത് വീണിട്ടും ജീവന്‍ പോകും വരെ പ്രതികള്‍ അടിച്ചെന്നും ഇത് കൊലപാതകം തന്നെയാണ് വ്യക്തമാക്കുന്നതെന്നുമായിരുന്നു മൂസ വള്ളിക്കാടന്‍ പറഞ്ഞത്. മുജീബിന്റെ അക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞാണ് മുജീബ് കൊല്ലപ്പെട്ടതെന്നതും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച സി ഐ സംഭവത്തിലെ മറ്റു പ്രതികളെ പിടികൂടിയിട്ടില്ലെന്നും ഇതിന് പിന്നില്‍ സ്വാധീന ശ്രമമുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പോലീസ് അന്വേഷണത്തില്‍ അപകാതയുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പോലീസ് സൂപ്രണ്ട്, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. യോഗത്തില്‍ നൂറിലധികമാളുകള്‍ സംബന്ധിച്ചു.
ഭാരവാഹികളായി പി ടി മൂസ (ചെയര്‍മാന്‍), അഡ്വ. ടി രവീന്ദ്രന്‍ (കണ്‍വീനര്‍)എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ മാട്ടായി മുഹമ്മദലി, പി വി അബ്ദുട്ടി, വി രാമന്‍കുട്ടി, ടി പി ഹക്കീം, ടി കെ ഷൗക്കത്ത്, എം അസീസ്, കെ എസ് റഫീഖ് സംസാരിച്ചു.

---- facebook comment plugin here -----