Connect with us

Wayanad

നീലഗിരിയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചില്ല

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഇപ്പോഴും കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടില്ല. ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കാലവര്‍ഷം ഉടനെത്തും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കാലവര്‍ഷം അനന്തമായി നീണ്ടുപോകുകയാണ് ചെയ്യുന്നത്.
ഇത്തവണ കാലാവസ്ഥാ വ്യതിയാനം ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത്തവണ നേരത്തെ തന്നെ മഴ എത്തുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. മഴകുറയുന്നത് കാര്‍ഷിക മേഖലക്ക് വന്‍ തിരിച്ചടിയാകും. ജൂണ്‍ ഒന്ന് മുതല്‍ തന്നെ കാലവര്‍ഷം ശക്തിപ്രാപിക്കാറുണ്ടായിരുന്നുവെങ്കിലും പതിനഞ്ച് പിന്നിട്ടിട്ടും മഴയെത്തിയിട്ടില്ല. സാധാരണയില്‍ ജൂണ്‍ മാസത്തില്‍ കനത്ത മഴയാണ് വര്‍ഷിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം മഴ വളരെ കുറവാണെന്നാണ് സംശയിക്കുന്നത്.
മഴയുടെ കുറവ് എല്ലാ കൃഷികളെയും കാര്യമായി ബാധിക്കും. ഇത്തവണ അപ്രതീക്ഷിതമായി വേനല്‍മഴ ലഭിച്ചിരുന്നു. അത് മാത്രമാണ് കര്‍ഷകര്‍ക്ക് അല്‍പ്പം ആശ്വാസമായിരുന്നത്.
എന്നാല്‍ കാലവര്‍ഷം ശക്തിപ്രാപിക്കാത്തത് കര്‍ഷകരില്‍ കടുത്ത ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. കൃത്യമായി മഴലഭിച്ചില്ലെങ്കില്‍ കൃഷിക്ക് പുറമെ കുടിവെള്ളത്തെയും ഇത് സാരമായി ബാധിക്കും. മുന്‍വര്‍ഷങ്ങളില്‍ കാലവര്‍ഷത്തില്‍ ലഭിച്ച മഴയുടെ കണക്ക്. 2007ല്‍ 2045.50 മി.മീറ്റര്‍ മഴയും 2008ല്‍ 1907.50 മി,മീറ്റര്‍ മഴയും 2009ല്‍ 2235.17 മി,മീറ്റര്‍ മഴയും 2010ല്‍ 1743.67 മി.മീറ്റര്‍ മഴയും 2011ല്‍ 1895.94 മി.മീറ്റര്‍ മഴയും 2012ല്‍ 1354.31 മി.മീറ്റര്‍ മഴയും 2013ല്‍ 1511.57 മി.മീറ്റര്‍ മഴയുമാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം കടുത്ത വരള്‍ച്ചയായിരുന്നു അനുഭവപ്പെട്ടിരുന്നത്. മഴയുടെ ലഭ്യതകുറവ് നീലഗിരിയിലെ വൈദ്യുതി ഉത്പാദനത്തെയും കാര്യമായി ബാധിക്കും. നീലഗിരി ജില്ലയില്‍ മുക്കുര്‍ത്തി, അപ്പര്‍ഭവാനി, പോര്‍ത്തിമന്ദ്, അവിലാഞ്ചി, എമറാള്‍ഡ്, പൈക്കാര, വില്ലൂര്‍ തുടങ്ങിയ 12 വൈദ്യുതി നിലയങ്ങളാണുള്ളത്. വിവിധ ഡാമുകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ കണക്ക്. കുന്താ ഡാം 60 മെഗാവാട്ട്, കെദ്ദൈ 175 മെഗാവാട്ട്, പറളി 180 മെഗാവാട്ട്, വില്ലൂര്‍ 100 മെഗാവാട്ട്, അവിലാഞ്ചി 40 മെഗാവാട്ട്, ശിങ്കാര 150 മെഗാവാട്ട്, മായാര്‍ 36 മെഗാവാട്ട് ഉള്‍പ്പെടെയുള്ള ഡാമുകളില്‍ നിന്ന് മൊത്തം 832 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.

Latest