Connect with us

Ongoing News

സ്പാനിഷ് പടയെ തകര്‍ത്തെറിഞ്ഞ് ഹോളണ്ടിന്റെ മറുപടി

Published

|

Last Updated

സാല്‍വാദോര്‍: ലോക കിരീടം നിലനിര്‍ത്താനിറങ്ങിയ സ്പാനിഷ് പടക്ക് അടിപതറി. കഴിഞ്ഞ ലോകകപ്പിലേറ്റ പരാജയത്തിന് പകരം വീട്ടിയ ഹോളണ്ടാണ് ആദ്യ മത്സരത്തില്‍ സ്‌പെയിനെ അടയറവു പറയിച്ചത്. ഗോള്‍ മഴ പെയ്ത മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഓറഞ്ച് പടയുടെ രാജകീയ ജയം. ആര്യന്‍ റോബനും റോബിന്‍ വാന്‍പേഴ്‌സിയും ഹോളണ്ടിന് വേണ്ടി ഇരട്ട ഗോള്‍ നേടിയപ്പോള്‍ സാബി അലോന്‍സോയുടെ വകയായിരുന്നു സ്‌പെയിനിന്റെ ആശ്വാസ ഗോള്‍. ലോകോത്തര ഗോള്‍ കീപ്പര്‍ ഐകര്‍ കസിയസിനെയും സ്പാനിഷ് പ്രതിരോധ നിരയെയും നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് ഹോളണ്ട് തങ്ങളുടെ വരവറിയിച്ചിരിക്കുന്നത്. നായകന്റെ കളി മികവ് പുറത്തെടുത്ത വാന്‍പേഴ്‌സിക്കൊപ്പം റോബനും മിന്നും ഫോമിലേക്കുയര്‍ന്നപ്പോള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കാനെ ഡെല്‍ബോസ്‌കോയുടെ ടീമിനായുള്ളൂ. ഇരുപത്തിയേഴാം മിനിറ്റില്‍ ദ്യോഗോ കോസ്റ്റയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് സാബി അലോന്‍സോ ഗോളാക്കിയത്. മത്സരത്തില്‍ സ്‌പെയിന് ലീഡ്. 2010 ലോകകപ്പിന്റെ ആവര്‍ത്തനമാകുമോ ഇന്നത്തെ മത്സരവുമെന്ന് അല്‍പനേരത്തേക്ക് ഹോളണ്ട് ആരാധകര്‍ ഭയന്നിട്ടുണ്ടാകാം. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയായിരുന്നു റോബിന്‍ വാന്‍പേഴ്‌സിയുടെ മനോഹരമായ ഹെഡ്ഡര്‍. ഡാലി ബ്ലൈന്‍ഡിന്റെ ക്രോസിന് വാന്‍പേഴ്‌സി തലവെക്കുമ്പോള്‍ കാഴ്ചക്കാരനായി നോക്കി നില്‍ക്കാനെ കസിയസിന് കഴിഞ്ഞുള്ളൂ.