Connect with us

Gulf

ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ: 14-ാമത് ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ട്രേഡ് സെന്ററിലായിരുന്നു ഉദ്ഘാടനം. ട്രേഡ് സെന്ററില്‍ ഹാള്‍ നമ്പര്‍ ഏഴില്‍ ആരംഭിച്ച പ്രോപര്‍ട്ടി ഷോ 14 വരെ നീണ്ടുനില്‍ക്കും. രാവിലെ 11 മുതല്‍ രാത്രി എട്ടു വരെയാണ് പ്രവേശനം. “സന്ദര്‍ശിക്കൂ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കൂ” എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യമെന്നു സുമാന്‍സ സി ഇ ഒ സുനില്‍ ജയ്‌സ്‌വാള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള 150 മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് ഷോയില്‍ അണിനിരക്കുന്നത്. 1,600 കോടി ദിര്‍ഹം വിലകണക്കാക്കുന്ന 40,000 പ്രോപര്‍ട്ടികളാണ് ഷോയുടെ ഭാഗമായി നിക്ഷേപകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം 550 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനവായിരിക്കും ഇതിലൂടെ നേടാനാവുക. പ്രോപര്‍ട്ടി ഷോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ഇന്ത്യയില്‍ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് സമുന്‍സ ശ്രമിക്കുന്നത്. മറ്റ് രാജ്യാന്തര പ്രോപര്‍ട്ടികളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇന്നും മിതമായ വിലക്ക് ഫഌറ്റ് ഉള്‍പ്പെടെയുള്ളവ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരില്‍ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മെഗാവിജയിക്ക് 60,000 ദിര്‍ഹം ക്യാഷ് പ്രൈസായി ലഭിക്കും. മാതൃരാജ്യത്ത് പ്രവാസികള്‍ക്ക് സ്വന്തമായി ഒരു കൂര എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ഷോയിലൂടെ പരിശ്രമിക്കുന്നത്.
നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് മഹാരാഷ്ട്രയിലെ കര്‍ജാത്തില്‍ സൗണ്ട് റിയോ സ്‌പെയ്‌സസ് പ്രൊജക്ടില്‍ ഒറ്റമുറി ഫഌറ്റ് നല്‍കുമെന്നും സുനില്‍ ജയ്‌സ്‌വാള്‍ പറഞ്ഞു.