Connect with us

National

മൂന്ന് മാസമായി ഇന്ത്യന്‍ എന്‍ജിനീയര്‍ സുഡാനില്‍ തീവ്രവാദികളുടെ തടവില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സുഡാനില്‍ ഐ ടി എന്‍ജിനീയര്‍ ഇര്‍ഫാന്‍ ജഫ്രിയെ (32) തീവ്രവാദികള്‍ തടവിലാക്കി മൂന്ന് മാസം തികയുന്നു. സുഡാനിലെ ദര്‍ഫൂറിലാണ് സായുധ സംഘം ജഫ്രിയെ തടവില്‍ വെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പീഡനമേല്‍ക്കേണ്ടി വരുന്നതായും തീവ്രവാദികള്‍ ഇദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഭയപ്പെടുന്നതായും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഇദ്ദേഹത്തെ എന്ന് മോചിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും ഒരു ഉറപ്പും നല്‍കിയിട്ടില്ല. നാല് വര്‍ഷം മുമ്പാണ് ഒരു മള്‍ട്ടി നാഷ്ണല്‍ കമ്പനി ഇദ്ദേഹത്തെ വടക്കന്‍ ആഫ്രിക്കയിലേക്ക് സേവനത്തിന് നിയോഗിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 11ന് ഒരു വിഭാഗം സായുധ സംഘമെത്തി ഇദ്ദേഹത്തെ കൊള്ളയടിക്കുകയും ശേഷം തടവിലാക്കുകയുമായിരുന്നു. 32 ലക്ഷം രൂപ പ്രതിഫലം തന്നാല്‍ മോചിപ്പിക്കാമെന്നാണ് തീവ്രവാദികളുടെ വിലപേശല്‍.
മോചനത്തിനായി ഇദ്ദേഹത്തിന്റെ കുടുംബവുമായും യു എന്‍ അധികൃതരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് പറഞ്ഞു. അതേസമയം തടവിലാക്കിയര്‍ ആവശ്യപ്പെട്ട 32 ലക്ഷം രൂപ നല്‍കാന്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തയ്യാറാണെങ്കിലും കാത്തിരിക്കാനാണ് അധികൃതരുടെ നിര്‍ദേശമെന്നും കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞെന്നും ജഫ്രിയുടെ 45 വയസ്സുകാരനായ അമ്മാവന്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ നാലോ അഞ്ചോ തവണ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെടാന്‍ ജഫ്രിക്ക് തീവ്രവാദികള്‍ അവസരം നല്‍കി. അതേസമയം, തന്റെ ഭര്‍ത്താവിനെ തടവില്‍ പാര്‍പ്പിച്ച് കടുത്തപീഡനങ്ങള്‍ ഏല്‍പ്പിക്കുന്നതായും അദ്ദേഹത്തെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയതായും ജഫ്രിയുടെ ഭാര്യ നഫീസ പരാതിപ്പെടുന്നു.

Latest